പി വസന്തം

April 27, 2020, 5:10 am

ദേശവ്യാപക പൊതുവിതരണ സംവിധാനത്തിന്റെ അനിവാര്യത

Janayugom Online

 ഈ കോവിഡ് കാലത്ത് ലോകത്ത് വളരെയേറെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പട്ടിണി. മനുഷ്യന്റെ നിലനില്പിന് അനിവാര്യമായ അടിസ്ഥാന ആവശ്യങ്ങളാണ് വായു, ജലം, ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിവ. എന്നാല്‍ ഇക്കാലത്ത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ ചവിട്ടിമെതിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമുക്ക് ചുറ്റും കണ്ടെത്താന്‍ കഴിയും. ധാര്‍മ്മികമോ, സൈനികമോ ആയ ചട്ടങ്ങള്‍ പ്രകാരം അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന താല്പര്യങ്ങളെയാണ് നാം അവകാശം എന്ന് പറയുന്നത്. അത്തരത്തിലുള്ള ഒരു അവകാശമാണ് ജീവിക്കാനുള്ള അവകാശം. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അത്യാവശ്യമാണ് വായുവും ജലവും ഭക്ഷണവും. അതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളോട് മനുഷ്യന്റെ ഭക്ഷണത്തിനുള്ള അവകാശം ഒരു ക്ഷേമപദ്ധതിയായി കാണരുതെന്നും മറിച്ച് പൗരന്റെ അവകാശമായി തന്നെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

ആ നൂറ്റാണ്ടിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് പട്ടിണിയും ദാരിദ്ര്യവും ഉച്ചാടനം ചെയ്യുക എന്നതാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിലും ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ൽ നിലവില്‍ വന്നത്. ഈ അവകാശം ലഭിക്കുന്നതിന് സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിയാറ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നതും ഇന്ത്യന്‍ ജനതയുടെ വലിയ ഗതികേടാണ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്‍എഫ്ഐഡബ്ല്യു ഉള്‍പ്പെടെ ബഹുജനസംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ജീവിക്കാനുള്ള മൗലികാവകാശത്തില്‍ ഭക്ഷണവും ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മാത്രമല്ല സുപ്രീം കോടതിയും 2001 നുശേഷം നിരവധി വിധികള്‍ ഭക്ഷണം മൗലികാവകാശമെന്ന രീതിയില്‍ (Pucl vs Union of Indi­an and Oth­ers, Writ Peti­tion Civ­il- 196 of 2001) പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതി ഭക്ഷ്യാവകാശ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2009 ല്‍ എന്‍എസി (നാഷണല്‍ അഡ്‌വൈസറി കൗണ്‍സില്‍) ഉള്‍പ്പെടെ രൂപീകരിച്ചു. 2011 ജൂലൈ മാസത്തില്‍ എന്‍എസി കരട് രൂപരേഖ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പല ന്യൂനതകളും നിലനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുകയാണുണ്ടായത്.

നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഇതിന്റെ ഭാഗമായി രാജ്യത്ത് നടന്നിരുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അനുസരിച്ച് ഭക്ഷണം ഓരോ പൗരന്റെയും അവകാശമാണ്. ഈ നിയമം അര്‍ഹരായ പൗരന്മാര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യം താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക മാത്രമല്ല സ്ത്രീകള്‍, കുട്ടികള്‍, അഗതികള്‍, ഭവനരഹിതര്‍, പ്രളയ ദുരന്തത്തിനിരയായവര്‍, പട്ടിണിയില്‍ കഴിയുന്നവര്‍ ഇവര്‍ക്കെല്ലാം ആഹാരം സൗജന്യമായോ താങ്ങാവുന്ന വിലയിലോ ലഭിക്കേണ്ടത് ഇവരുടെ അവകാശമായി തന്നെ അംഗീകരിക്കുന്നു. ഇന്ത്യയില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധന്മാരും ഐക്യരാഷ്ട്രസഭയും നിരവധി തവണ രാജ്യത്തെ പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത് 2011 ലെ സെന്‍സസ് പ്രകാരമാണ്. അന്നത്തെ കണക്കനുസരിച്ച് ജനസംഖ്യ നൂറ്റി ഇരുപത്തിരണ്ട് കോടിയാണ്. എന്നാല്‍ 2020 മാര്‍ച്ച് പതിനഞ്ചിന് മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 138 കോടിയാണ്. ഇതില്‍ 68.86 ശതമാനം മനുഷ്യര്‍ ഗ്രാമങ്ങളിലും 31.14 ശതമാനം നഗരങ്ങളിലുമാണ് കഴിയുന്നത്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് 2020 ആയപ്പോള്‍ 10കോടിയിലധികം വരുന്ന ജനങ്ങള്‍ പുറത്താണ്. 2011ന്റെ സെന്‍സസ് പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ 75 ശതമാനവും നഗരങ്ങളില്‍ 50 ശതമാനവും ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നത്. ഇതാണെങ്കില്‍ ആകെ ജനസംഖ്യയുടെ 67 ശതമാനം മാത്രമാണ് — കേരളം മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തം. പ്രമുഖ സാമ്പത്തിക വിദഗ്ധരായ ജീന്‍ ഡ്രീസ്, റിത്തതഖേര തുടങ്ങിയവര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് നിലവില്‍ 81 കോടി ജനങ്ങളാണ് ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യധാന്യത്തിന് അര്‍ഹരായിട്ടുള്ളത്.

138 കോടിയായി ജനസംഖ്യയില്‍ 16 കോടിയുടെ വര്‍ധനവുണ്ടായിട്ടും റേഷന്‍ സംവിധാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അതുപ്രകാരം ഇപ്പോഴും പത്തുകോടി വരുന്ന അര്‍ഹതപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണാധികാരികളുടെ കണ്ണ് പാവങ്ങളുടെ നേര്‍ക്ക് ഇപ്പോഴും തുറന്നിട്ടില്ല. രാജ്യത്ത് കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണിയിലാണ്. കോവിഡ് വന്നതോടെ അത് കൊടും പട്ടിണിയായി മാറി. ജനസംഖ്യ വര്‍ധനവിനനുസരിച്ച് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭക്ഷ്യധാന്യം വര്‍ധിപ്പിച്ചുനല്‍കേണ്ടതാണ്. മാത്രമല്ല, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ദശലക്ഷക്കണക്കിന് ധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് പട്ടിണികിടക്കുന്ന മനുഷ്യന് നല്കാതെ പുഴുവരിച്ചും കാലപ്പഴക്കം വന്ന് നശിക്കുകയാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇപ്പോള്‍ സബ്സിഡി നിരക്കില്‍ രാജ്യത്തെ എണ്‍പത്തിയൊന്ന് കോടി ജനങ്ങള്‍ക്കാണ് മാസത്തില്‍ അഞ്ചു കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പയറും നല്കുന്നത്. കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്കുന്നതിനായി ഇത് അടുത്ത മൂന്നു മാസത്തേക്കുകൂടി സൗജന്യമായി ഒരാള്‍ക്ക് അഞ്ച് കിലോവീതം ഭക്ഷ്യധാന്യം നല്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൊന്നും ഉള്‍പ്പെടാത്തവരാണ് രാജ്യത്തെ പത്തുകോടിയിലധികം വരുന്ന പാവങ്ങള്‍. ഭക്ഷണത്തിനായി, വിശന്ന് അലമുറയിട്ട് കരഞ്ഞ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് വിശപ്പകറ്റാന്‍ യാതൊരു മാര്‍ഗവും കാണാതെ ഗംഗാനദിയുടെ ആഴക്കയങ്ങളിലേക്ക് എറിഞ്ഞ് ഗംഗാദേവിക്ക് സമര്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച മജ്ജു എന്ന വീട്ടമ്മ നമ്മുടെയൊക്കെ മനസിനെ എന്നും വേദനിപ്പിക്കുകയാണ്. ആഴ്ചയില്‍ നാലുതവണയെങ്കിലും ദേശവാസികളെ ഉദ്‌ബോധിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണാസിയിലാണ് ഈ സംഭവവും അരങ്ങേറിയത്. എത്രയോ കുഞ്ഞുങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ ദിവസങ്ങളോളം പട്ടിണികിടന്ന് മരിക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വിശപ്പ് സഹിക്കവയ്യാതെ പാമ്പുകളെയും തവളകളെയും പിടിച്ചു കൊന്നുതിന്ന് ബിഹാറിലെയും അരുണാചല്‍ പ്രദേശിലെയും മനുഷ്യർ വിശപ്പ് മാറ്റുന്ന കാഴ്ചയും നാം കാണേണ്ടിവരുന്നു. ഇന്ത്യ പട്ടിണിയില്‍ എന്നും മുന്നോട്ടുപോവുന്ന രാജ്യമാണ്.

ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡ‍ക്സില്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ നാം 102 ആണ്. വിശപ്പുകൊണ്ട് വളര്‍ച്ച മുരടിച്ച കുഞ്ഞുങ്ങളുടെ എണ്ണം അഞ്ചു കോടി മുപ്പത്തി മൂന്നു ലക്ഷമാണ് ഇന്ത്യയില്‍. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ലോകത്ത് ഇപ്പോള്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഇന്ത്യയില്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യ ഭദ്രതാനിയമം നിലവിലുണ്ടെങ്കിലും ഭക്ഷ്യധാന്യ സംഭരണങ്ങള്‍ വന്‍കിട ഭക്ഷ്യധാന്യ കുത്തക കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ വന്‍കിട ഭക്ഷ്യധാന്യ കുത്തകകളോടാണ് ഭരണവര്‍ഗത്തിന് താല്പര്യം. ലോകത്താകെ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ലോകജനതയുടെ ഭക്ഷ്യാവശ്യത്തിന്റെ ഇരട്ടിയോളം വരും. എന്നിട്ടും കോടിക്കണക്കിന് ആളുകള്‍ പട്ടിണികിടക്കുന്നതിന്റെ കാരണം, ഭക്ഷ്യധാന്യ ശേഖരത്തിന്റെ ഉടമസ്ഥതയുടെ ഭൂരിഭാഗവും വന്‍കിട കുത്തകകളുടെ കയ്യിലാണ് എന്നതാണ്. ഇവര്‍ പാവങ്ങളുടെ റേഷനിംഗിനെതിരെ നിലകൊള്ളുകയും അവധി വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വിശപ്പ് മാറ്റാനുപയോഗിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധനമാക്കി മാറ്റുന്നതിനും ഉപയോഗിക്കുന്നു. ഇത് തികച്ചും അധാര്‍മ്മികവും അനീതിയുമാണ്. 2020 മാര്‍ച്ചു മാസം പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 30.97 മില്യണ്‍ മെട്രിക് ടണ്‍ അരിയും 27.52 മില്യണ്‍ മെട്രിക് ടണ്‍ ഗോതമ്പും കൂടാതെ 28.70 മില്യണ്‍ മെട്രിക് ടണ്‍ നെല്ലും സ്റ്റോക്കുണ്ട് എന്നാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

മൂന്നു മാസം 15 കിലോ അരിയോ ഗോതമ്പോ 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി കൊടുത്താലും 12 മില്യണ്‍ മെട്രിക് ടണ്‍ ഭക്ഷ്യധാന്യം മാത്രമേ ആവശ്യമുള്ളു. ഇത് പറയുമ്പോഴും മന്ത്രിയുടെ മുമ്പില്‍ 2011ലെ സെന്‍സസിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ 80 കോടി ഉപഭോക്താക്കളെ ഉള്ളു. ഈ കണക്കനുസരിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും. 2011ലെ സെന്‍സസിനു ശേഷം ജനസംഖ്യയിലെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പത്തുകോടി ജനങ്ങളെയെങ്കിലും ഗുണഭോക്താക്കളാക്കി പൊതുവിതരണ സംവിധാനത്തിലേയ്ക്ക് കൊണ്ടുവന്നെങ്കില്‍ മാത്രമേ പട്ടിണി മരണം ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുകയുള്ളു. കൊറോണയും അതിന്റെ ഭാഗമായുള്ള ലോക്ഡൗണും കൊണ്ട് പാവങ്ങള്‍ നട്ടംതിരിയുന്ന അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധിക അരിയുണ്ടെന്നു പറഞ്ഞ് എഥനോള്‍ നിര്‍മ്മിക്കുകയല്ല വേണ്ടത്. ഇത് പട്ടിണികിടക്കുന്നവനോട് കാണിക്കുന്ന അപരാധമാണ്. ഭക്ഷണം മനുഷ്യന്റെ അവകാശമാണ്. അത് അവന് നല്കുക എന്നതാണ് ഭരണാധികാരികളുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തം. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല. കേരളമാണ് മാതൃകാപരമായി ദേശീയ ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലാക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 1965 ജൂലൈ ഒന്നു മുതല്‍ കേരളത്തില്‍ സാര്‍വത്രികവും നിയമവിധേയവുമായ റേഷന്‍ സംവിധാനം നടപ്പാക്കിയിരുന്നു.

കേരളത്തിലെ എല്ലാ വീട്ടുകൾക്കും റേഷന്‍ കാര്‍ഡുപയോഗിച്ച് അരി, ഗോതമ്പ്, പഞ്ചസാര മുതലായ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ആഴ്ചയിലോ മാസത്തിലോ വാങ്ങുവാന്‍ സാധിക്കും. ഇതുകൊണ്ട് കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നു. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) ഇന്ത്യയില്‍ സുതാര്യമായും സുശക്തമായും നന്നായി നടത്തപ്പെടുന്നത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുവിതരണ ശൃംഖല നാടിന്റെ നാനാമേഖലകളെയും ബന്ധപ്പെടുത്തി എന്ന ഖ്യാതിയും കേരളത്തിനുണ്ട്. കേരളത്തിലെ ജനസംഖ്യ മൂന്നു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷമാണ്. ഇതില്‍ 87.28 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഈ കോവിഡ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന കേരള സര്‍ക്കാര്‍ ഭക്ഷ്യമന്ത്രി തിലോത്തമന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാജ്യത്തിന് മാതൃകയാണ്. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും (കാര്‍ഡുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും) സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്കിക്കൊണ്ടാണ് കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. സാമൂഹ്യ അടുക്കളകള്‍, സൗജന്യ കിറ്റ് വിതരണം എന്നിവ ഈ ദുഷ്കരമായ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO