Web Desk

നെടുങ്കണ്ടം

January 29, 2020, 6:29 pm

രാജ്കുമാര്‍ പൊലീസ് കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

Janayugom Online

കസ്റ്റടിയില്‍ മരണമടഞ്ഞ രാജ്കുമാര്‍ കേസ് അന്വേഷണം സിബിഐ ആരംഭിച്ചു. തൂക്കുപാലം ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റടിയില്‍ എടുത്ത വാഗമണ്‍ കോലഹലമേട് കസ്തൂരിഭവനില്‍ രാജ് കുമാര്‍ (49) 2019 ജൂണ്‍ 21ന് പീരുമേട് ജയിലില്‍ റിമാന്റില്‍ കഴിയവെയാണ് മരണപ്പെടുന്നത്. രാജ്കുമാറിന്റെ കസ്റ്റടി മരണവുമായി ബന്ധപ്പെട്ട് ഈ മാസം 24ന് സിബിഐ രാജ്കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.സിബിഐ തിരുവന്തപുരം യൂണിറ്റ് ഡിവൈഎസ്പി സുരീന്ദ്രദില്ലോണിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് നെടുങ്കണ്ടത്ത് എത്തിയത്. ഇതിന്റെ ഭാഗമായി നെടുങ്കണ്ടത്ത് ക്യാമ്പ് ആരംഭിക്കും.

കഴിഞ്ഞദിവസം പീരുമേട് ജയിലും, ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനും ഉദ്യേഗസ്ഥര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാവിലെ പീരുമേട് സബ്ജയിലിലെത്തിയ സി.ബി.ഐ. സംഘം രാജ്കുമാര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാജ്കുമാറിനെ രണ്ടുതവണ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. രാജ്കുമാറിന്റെ ജയില്‍ രേഖകളുടെ പകര്‍പ്പും സംഘം ശേഖരിച്ചു. ഇന്നലെ രാവിലെ 11.15-ഓടെയാണ് സി.ബി.ഐ. സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാജ്കുമാറിനെ മൂന്ന് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച സ്റ്റേഷനിലെ രണ്ടാം നിലയിലെ പോലീസുകാരുടെ വിശ്രമ മുറി സംഘം പരിശോധിച്ചു. രാജ്കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് നെടുങ്കണ്ടം സ്റ്റേഷനിലുള്ള രേഖകളും സി.ബി.ഐ.പരിശോധിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം പിഡബ്ലൂഡി റസ്റ്റ് ഹൗസില്‍ എത്തിയ സംഘം ചിട്ടിതട്ടിപ്പ് കേസിലെ മുന്നാം പ്രതി വെണ്ണിപ്പറമ്പില്‍ മഞ്ജുനെയും രാജ്കുമാറിന്റെ ഡ്രൈവറും മഞ്ചുവിന്റെ ഭര്‍ത്താവുമായ അജിമോനേയുമാണ് അന്വേഷണസംഘം റെസ്റ്റ് ഹൗസിലേയ്ക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു.

സ്വയംസഹായ സംഘങ്ങളില്‍ നിന്നും വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഹരിതാ ഫിനാന്‍സ് വന്‍തോതില്‍ പണം ഈടാക്കിയിരുന്നു. ഫീസ് അടച്ചിട്ടും വായ്പ ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിലെത്തി സംഘാംഗങ്ങള്‍ ബഹളം വച്ചതോടെ നെടുങ്കണ്ടം പോലീസ് സ്ഥാപനം അടപ്പിക്കുകയും 2019 ജൂണ്‍ 12ന് രാജ്കുമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ്(43), വെണ്ണിപ്പറമ്പില്‍ മഞ്ജു(33) എന്നിവരെ 13 ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. 15 വരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച രാജ്കുമാറിനെ 16നാണ് കോടതിയില്‍ ഹാജരാക്കിയത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് 15 ന് അര്‍ദ്ധരാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിറ്റേന്ന് സ്ട്രെക്ച്ചറിന്റെ സഹായത്തോടെയാണ് തിരികെ പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും സബ്ജയിലിലേക്കും കൊണ്ടുപോയത്. സബ്ജയിലില്‍ ശാരീരിക അസ്വസ്ഥതകള്‍ വീണ്ടും അനുഭവപ്പെട്ട ഇയാളെ ജയില്‍ അധികൃതര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം ഇന്‍സ്‌പെക്ടര്‍ കെ.എ സാബു അടക്കം ആറ് പൊലീസുകാരും ഒരു ഹോം ഗാര്‍ഡിനേയും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി എറണാകുളം സി.ജെ.എം.കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴ് പേരെ ഉള്‍പ്പെടുത്തി പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചില്‍ നിന്നും പോലീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളില്‍ അവ്യക്തമായി തുടരുന്ന ചിലതുണ്ടെന്നാണ് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതിനായി ചില പോലീസുകാരെയും സാക്ഷികളെയും സി.ബി.ഐ.വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കൂടാതെ കേസന്വേഷിച്ച ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ വിളിച്ചുവരുത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് സി.ബി.ഐ.യുടെ നീക്കം.

Eng­lish sum­ma­ry: Nedukan­dam cus­tody death: CBI starts enquiry

YOU MAY ALSO LIKE THIS VIDEO