ഹരിതാ ഫിനാന്‍സിന്റെ ഉടമ രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ സംഘം നെടുങ്കണ്ടത്തും പുളിയന്‍മലയിലും തെളിവെടുപ്പിനെത്തിച്ചു. സി.ബി.ഐ ഡി.വൈ.എസ്.പി സുരേന്ദ്രന്‍ ബില്ലന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തെളിവെടുപ്പിനും ചോദ്യംചെയ്യലിനും നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിലെത്തിയ സംഘം സാബുവിനെ ആദ്യം പുളിയന്‍മലയിലാണ് കൊണ്ടു വന്നത്. 2019 ജൂണ്‍ 12 ന് രാജ്കുമാറിനേയും കൊണ്ട് ഹരിതാ ഫിനാന്‍സിന്റെ പേരില്‍ ഉള്ള പീരുമേട്ടിലെ ബാങ്ക് അകൗണ്ടിലെ നിക്ഷേപം പരിശോധിക്കുന്നതിനായി രാജ്കുമാര്‍ അടങ്ങുന്ന സംഘത്തിനെ നാട്ടുകാര്‍ പീരുമേട്ടില്‍ കൊണ്ടുപോയിരുന്നു.
ഇവിടുന്ന തിരികെ തൂക്കുപാലത്തേയ്ക്ക് കൊണ്ടുവരുന്ന വഴി പുളിയന്‍മലയില്‍ വെച്ച് രാജ്കുമാറിനെ നാട്ടുകാര്‍ നെടുങ്കണ്ടം എസ്‌ഐ സാബു അടങ്ങുന്ന പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. അന്ന് പൊലീസിന് രാജ്കുമാറിനെ കൈമാറിയ നാട്ടുകാരെയും പുളിയന്‍മലയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തിയതിന് ശേഷം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി രാജ്കുമാറിന് മര്‍ദ്ദനമേറ്റ പൊലീസിന്റെ വിശ്രമമുറിയില്‍ സാബുവിനെ കൊണ്ടുവരികയായിരുന്നു. പത്ത് മണിക്കൂറോളം തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തി. രാജ്കുമാറിനെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്ത് ഡി.ഡി ചാര്‍ജ്ജുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബിജു ലൂക്കോസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് എന്നിവരെ സാബുവിന്റെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചോദ്യം ചെയ്തു.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നതും യാതൊരു ശിക്ഷാ നടപടിക്കും വിധേയനാകാത്ത ആളുമായിരുന്നു പ്രകാശ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം ഇയാള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ തൂക്കുപാലം സ്വദേശിയെയും സി.ബി.ഐ സംഘം വിളിപ്പിച്ചിരുന്നു. കസ്റ്റടി സമയത്ത് രാജ്കുമാറിന്റെ കാലിന്റെ മുട്ടിന് നീരു വെച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനായും തിരുമ്മ് ചികിത്സ നടത്തുവാനും എത്തിയ തൂക്കുപാലം സ്വദേശി നിധിന്‍, ഹരിതാ ഫിനാന്‍സ് ജീവനക്കാരും കേസിലെ പ്രതികളുമായ ശാലിനി, മഞ്ജു, മഞ്ജുവിന്റെ ഭര്‍ത്താവും രാജ്കുമാറിന്റെ ഡ്രൈവറുമായിരുന്ന അജിമോന്‍, അന്ന് എസ്.ഐ സാബുവിന്റെ സാന്നിധ്യത്തിലും ചോദ്യംചെയ്തു. മഞ്ജുവിനെയും ശാലിനിയെയും വനിതാ സെല്ലില്‍ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളിലെ വൈരുധ്യം സി.ബി.ഐ സംഘം രേഖപ്പെടുത്തി.
വരും ദിവസങ്ങളില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് കരുതുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരം 5.30 ഓടെയാണ് സംഘം മടങ്ങിയത്. പീരുമേട് സബ് ജയില്‍, ആശുപത്രി, രാജ്കുമാറിന്റെ വീട്, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സിബിഐ സംഘം ഇന്ന് തെളിവെടുപ്പ് നടത്തുള്ള സാദ്ധ്യത. 2019 ജൂണ്‍ 12 നാണ് തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസിന് നാട്ടുകാര്‍ കൈമാറുന്നത്. 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലിലേയ്ക്ക് മാറ്റിയ രാജ്കുമാര്‍ 21 ന് പീരുമേട് സബ് ജയിലില്‍ വച്ച് മരിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ എസ്.ഐ സാബു അടക്കം ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഏറ്റെടുത്ത സിബിഐ കഴിഞ്ഞദിവസം കൊച്ചിയില്‍ വച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്.
English Summary: Nedumkandam custodial death followup
you may also like this vodeo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.