Web Desk

നെടുങ്കണ്ടം

October 27, 2020, 9:18 am

ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

Janayugom Online

ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. പിടിച്ച് മാറ്റുവാൻ എത്തിയ യുവാവിന്റെ പിതാവിനും വെട്ടേറ്റു.

നെടുങ്കണ്ടം അമ്പിളിയമ്മൻകാനത്ത് ശനിയാഴ്ച രാവിലെ 7.45-ഓടെയാണ് സംഭവം. ബൈക്കിൽ ജോലിക്ക് പോവുകയായിരുന്ന യുവാവിനേയും അച്ഛനെയും വഴി മദ്യേ തടഞ്ഞ് നിർത്തി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. പച്ചടി താഴേപ്പറമ്പിൽ സരീഷ്(34), ഇയാളുടെ അച്ഛൻ മോഹനൻ(62) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യുവാവ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ മൈനർസിറ്റി അറയ്ക്കൽ ബിനോയിയെ(45) നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ജോലിക്കായി അച്ഛനും മകനും സ്കൂട്ടറിൽ നെടുങ്കണ്ടത്തേക്ക് വരുന്നതിനിടയിൽ വാക്കത്തി, ഇരുമ്പുവടി എന്നിവയുമായി ബിനോയി വഴിയിൽ കാത്തുനിന്ന് അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കമ്പിവടി ഉപയോഗിച്ച് ഇരുവരെയും സ്കൂട്ടറിൽ നിന്ന് അടിച്ചട്ടു. നിലത്ത് വീണ സരീഷ് എഴുന്നേറ്റ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി പിൻതുടർന്ന് ഇടത് കാലിന്റെ തുടയിൽ വെട്ടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. മകനെ അക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് പരിക്കേറ്റത്. അക്രമത്തിയിൽ ഇയാളുടെ വതുകൈക്ക് ഒടിവുണ്ട്.

പരിക്കേറ്റ ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. നെടുങ്കണ്ടം എസ്. ഐ. കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ അനുവാദത്തോടെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.

പ്രതി കമ്പംമെട്ടിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കമ്പംമെട്ട് പോലീസിന്റെ സഹായത്തോടെ ശനിയാഴ്ച വൈകിട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുങ്കണ്ടം സി. ഐ ശ്രീധരന്റെ നേതൃത്വത്തിൽ എസ്. ഐ. ദിലീപ് കുമാർ, സി. പി. ഒ. മാരായ സലിം, സൂരജ്, ഗ്രേസൻ ആന്റണി എന്നിവർ അടങ്ങിയ അന്വേഷണസംഘം പ്രതിയെ സംഭവസ്ഥലത്തും പിടികൂടിയ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ആക്രമിക്കാൻ ഉപയോഗിച്ച വാക്കത്തി ഇരുമ്പുവടി എന്നിവയും കണ്ടെത്തി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.