സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

January 21, 2020, 7:15 pm

സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ‑വെങ്കല നേട്ടങ്ങളുമായി നെടുങ്കണ്ടത്തെ ചുണകുട്ടികള്‍

Janayugom Online

സംസ്ഥാന  ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയ്ക്ക് അഭിമാനമായി നെടുങ്കണ്ടത്തിന്റെ ചുണകുട്ടികള്‍. കോഴിക്കോട്ട് കുറ്റ്യാടിയില്‍ നടന്ന  38-ാംമത് സംസ്ഥാന പുരുഷ‑വനിത സീനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണമെഡലും മൂന്ന് വെങ്കലമെഡലും നേടി. നെടുങ്കണ്ടം സ്‌പോര്‍ട്ട് അക്കാദമിയിലെ രാഹുല്‍ ഗോപി, നെടുങ്കണ്ടം സ്‌പോര്‍ട്ട് ഹോസ്റ്റലിലെ എസ് അഖില  എന്നിവർ സ്വര്‍ണ്ണമെഡലുകള്‍ നേടിയപ്പേള്‍ നെടുങ്കണ്ടം സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലിലെ സോണിയ കുഞ്ഞുമോന്‍, അനശ്വര ഷാജി, അനിതാ ഹരിദാസ് എന്നിവര്‍  വെങ്കല മെഡലുകളും ജില്ലയ്ക്കായി കരസ്ഥമാക്കി. അടുത്ത മാസം ചാണ്ടിഗഢില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള സീനിയര്‍ ടീമില്‍ പ്രതിനിധികരിച്ച് പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് രാഹുലും അഖിലയും.

ദേശീയ ചാമ്പ്യന്‍ന്മാരായിരുന്ന കേരള പോലീസ് താരമായ റഷിക് എന്‍.ജെ യെ സെമിയിലും തൃശൂരിന്റെ ഷൈന്‍ ജോസഫിനെ ഫൈനലിലും തറ പറ്റിച്ചാണ് രാഹുല്‍ ഗോപി സ്വര്‍ണ്ണ മെഡല്‍ നേട്ടം കൈവരിച്ചത്. നെടുങ്കണ്ടം നടയില്‍തറയില്‍ എന്‍.ആര്‍. ശ്രീദേവിയുടെയും പരോതനായ പി.എസ് ഗോപിയുടെയും മകനാണ്. നെടുങ്കണ്ടം ജൂഡോ അക്കാഡമിയില്‍ കോച്ച് സൈജു ചെറിയാന്റെ ശിക്ഷണത്തിലാണ്  പരിശീലനം രാഹുല്‍ നേടിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കി രാഹുല്‍ നെടുങ്കണ്ടം ജൂഡോ  അക്കാഡമിയില്‍ സഹപരിശീലകനായി സേവനം ചെയ്തു വരുന്നു. കഴിഞ്ഞ ഖേലോ ഇന്ത്യാ ചാബ്യന്‍ഷിപ്പില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേട്ടം രാഹുല്‍  കൈവരിച്ചിരുന്നു.

തൃശുരിന്റെ ആതിര ടി.ഇയേയും ഫൈനലില്‍ തൃശുരിന്റെതന്നെ എന്‍ വിജിത എന്നിവരെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്.    മുന്‍വര്‍ഷങ്ങളില്‍ ജൂനിയര്‍ ജൂഡോ ദേശിയ മത്സരങ്ങളില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ താരമാണ് അഖില. 18 വയസ്സിന് മുകളില്‍ ഉള്ളവരാണ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍  മത്സരിക്കുവാന്‍ മാത്രം പ്രായമുള്ള അഖില, സോണിയ, അനശ്വര, അനിത എന്നിവര്‍ സീനിയര്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കുവാന്‍ കഴിഞ്ഞത് കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നേടുവാന്‍ കഴിഞ്ഞതായി നെടുങ്കണ്ടം സ്‌പോര്‍ട്ടസ് ഹോസ്റ്റലിലെ കോച്ച് പി.വി പ്രജീഷ് പറഞ്ഞു.

Eng­lish Sum­ma­ry: Nedumkan­dam won two gold medals and three bronze medals at 38th State Men’s and Wom­en’s Senior Judo Championship