Web Desk

കോഴിക്കോട്:

October 12, 2021, 4:57 pm

നെടുമുടി വേണു : സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ

Janayugom Online

 

കെ കെ ജയേഷ്

ഒന്നിനെക്കുറിച്ചും ഉത്കണ്ഠകളില്ലാതെ കടപ്പുറത്തൂടെ നടന്ന തകരയുടെ അറിവില്ലായ്മകളിലേക്കാണ് ലൈംഗികതയിൽ ചാലിച്ച കഥകളുമായി ചെല്ലപ്പനാശാരി കടന്നു ചെന്നത്. വീരസ്യത്തിന്റെ നിറപ്പകിട്ട് ചേർന്ന ചെല്ലപ്പനാശാരിയുടെ കഥകൾ തകരയുടെ കൗമാരത്തിന്റെ പ്രസരിപ്പിലേക്ക് കൂടുതൽ ചൂടു പകർന്നു. ബുദ്ധിപരമായി വളർച്ചയെത്തിയില്ലെങ്കിലും തകരയിൽ സുഭാഷിണി അലിഞ്ഞുചേരുമ്പോൾ ആശാരിയിൽ അസൂയയും പകയും നുരഞ്ഞുപൊങ്ങി. അസൂയകൊണ്ട് സമനില തെറ്റുന്ന ചെല്ലപ്പനാശാരിയുടെ പ്രതികാരം തകരയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നെടുമുടി വേണുവെന്ന നടൻ അനശ്വരമാക്കിയ ചെല്ലപ്പനാശാരി മലയാള സിനിമ കണ്ട ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായും മാറുകയായിരുന്നു. 1978‑ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. തുടർന്ന് കമൽഹാസനായി മാറ്റിവെച്ചിരുന്ന ഭരതന്റെ ആരവത്തിലെ മരുതിലേക്ക് നെടുമുടി വേണു എത്തിച്ചേർന്നു. ഏറെ പ്രത്യേകതകളുണ്ടായിരുന്ന ചിത്രത്തിനോട് പ്രേക്ഷകർ മുഖം തിരിച്ചെങ്കിലും അതേ വർഷം തന്നെയിറങ്ങിയ തകരയിലെ ചെല്ലപ്പനാശാരിയിലൂടെ നെടുമുടി പ്രേക്ഷകർക്ക് പ്രിയങ്കരനായി.

തമ്പുരാക്കൻമാരും തറവാട്ടുകാരണവൻമാരും ക്രിസ്തീയ പുരോഹിതൻമാരുമെല്ലാം ആവർത്തിക്കുമ്പോഴും നെടുമുടിയിലെ നടൻ ഒരിക്കലും ആവർത്തിക്കപ്പെട്ടില്ല. പതിവ് വേഷങ്ങളിലും അസാധാരണമായ സ്വാഭാവിക പ്രകടനത്താൽ നെടുമുടിയുടെ ഓരോ കഥാപാത്രങ്ങളും സ്വന്തമായ വ്യക്തിത്വം നിലനിർത്തി. നായകൻമാരെ പലപ്പോഴും അദ്ദേഹത്തിന്റെ സഹനടൻ നിഷ്പ്രഭനാക്കി. തമ്പുരാൻ കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ടപ്പോൾ പിൽക്കാല വേഷങ്ങളിൽ ആവർത്തന സ്വഭാവം ചെറുതായി കടന്നുവന്നെങ്കിലും സ്വയം നവീകരിച്ച് തന്നെയായിരുന്നു നെടുമുടിയിലെ നടൻ മുന്നേറിയത്. അച്ഛനായും അപ്പൂപ്പനായും തമ്പുരാനായും രാഷ്ട്രീയ നേതാവായും മന്ത്രിയായും ക്രിസ്തീയ പുരോഹിതനായും അധ്യാപകനായും റിട്ടയേർഡ് പട്ടാളക്കാരനുമായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയ നെടുമുടി കൂട്ടിക്കൊടുപ്പുകാരനും കള്ളനും ജാരനും അരാജകവാദിയുമെല്ലാമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. നാടക ലോകത്തു നിന്നും സിനിമയിലേക്കെത്തിയെങ്കിലും നെടുമുടിയുടെ പ്രകടനത്തിൽ ഒട്ടും നാടകീയത ഉണ്ടായിരുന്നില്ല. വെള്ളവും വള്ളവും ഞാറ്റുപാട്ടുകളുമെല്ലാം നിറഞ്ഞ നാടിന്റെ താളബോധം തന്നെയായിരുന്നു നെടുമുടിയെന്ന നടന്റെ കരുത്ത്. സിനിമയിൽ വന്ന കാലത്ത് തന്നെ പക്വതയുള്ള പ്രായമായ നിരവധി കഥാപാത്രങ്ങളെയാണ് നെടുമുടി അവതരിപ്പിച്ചത്. മുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ആദ്യമായി അച്ഛനായി വേഷമിട്ട നെടുമുടി നാൽപത് വയസ്സിന് മുന്നേയാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ അനുഭവിക്കുന്ന രാവുണ്ണി നായരിലേക്ക് പരകായ പ്രവേശം നടത്തിയത്.

കഥാകാരന്റെ കയ്യിൽ നിന്നും കഥാപാത്രങ്ങൾ വഴുതിപ്പോകുമ്പോൾ അതിൽ ഇരയാക്കപ്പെടുകയാണ് രചനയിലെ അച്ചുതനുണ്ണി. എഴുത്തുകാരനായ ശ്രീപ്രകാശും ഭാര്യ പത്മിനിയും ചേർന്ന് നടത്തിയ നാടകത്തിൽ കഥാപാത്രമാക്കപ്പെടുന്ന അച്ചുതനുണ്ണിയെന്ന പാവത്തിനെ മനസ്സിലാക്കാൻ ആർക്കും സാധിക്കുന്നില്ല. വിട പറയും മുമ്പേ എന്ന സിനിമയിലെ സേവ്യർ ഇത്തരത്തിലുള്ള മറ്റൊരു ദുരന്ത കഥാപാത്രമാണ്. മാരക രോഗവും മരണഭീതിയും അസ്വസ്ഥതപ്പെടുത്തുമ്പോഴും ചിരിച്ചും ചിരിപ്പിച്ചും പ്രസന്നത കൈവിടാതെ മുന്നോട്ടുപോവുകയാണ് ഈ ചിത്രത്തിലെ കഥാപാത്രം. ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ എന്ന കഥാപാത്രമായെത്തിയ മോഹൻലാലിന് ദേശീയ പുരസ്ക്കാരം ലഭിച്ചപ്പോൾ ജ്യേഷ്ഠനായെത്തിയ കല്ലൂർ രാമനാഥൻ എന്ന ദുരന്ത കഥാപാത്രം ഒരുപടി മികച്ചു നിന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാമനാഥനേക്കാൾ ജീവിത വ്യഥകളുടെ നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നത് ഗോപിനാഥനാണെന്നും അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം മനസ്സിലാക്കിയാണ് ലാൽ ആ കഥാപാത്രം ചെയ്തതെന്നുമായിരുന്നു നെടുമുടിയുടെ മറുപടി.

മുത്താരംകുന്ന് പി ഒയിലെ കുട്ടൻപിള്ളയും മകളെ ഗൾഫുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച അക്കരെ നിന്നൊരു മാരനിലെ തങ്കപ്പൻ നായരും ഓടരുതമ്മാവാ ആളറിയാമിലെ മേജർ നായരും ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ കുഞ്ഞൻ നായർ എന്ന ഹെഡ് മാസ്റ്ററും ധിം തരികിട തോമിലെ കീരിക്കാട് ബാലെ ട്രൂപ്പ് നടത്തുന്ന കീരിക്കാട് ചെല്ലപ്പൻ നായരും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ കുമാരൻ നായരും ഇഷ്ടത്തിലെ കൃഷ്ണൻകുട്ടി മേനോനുമെല്ലാം ഗൗരവക്കാരെന്ന് തോന്നിപ്പിച്ച് തിയേറ്ററിൽ ചിരിയുതിർത്ത കഥാപാത്രങ്ങളാണ്.

സർവ്വകലാശാലയിലെ അനാഥനായ ലാലിന്റെ ഏകാന്ത രാത്രികളിലേക്കാണ് അതിരുകാക്കും മലയൊന്നു തുടുത്തേ… തുടുത്തേ തക തക താ.. എന്നു പാടിക്കൊണ്ട് സിദ്ധൻ ആശാൻ എത്തിയത്. സമ്പന്നനും ലക്ഷ്യബോധവുമില്ലാത്ത ദശരഥത്തിലെ രാജീവ് മേനോന്റെ ജീവിതത്തിലേക്ക് മക്കൾക്കൊപ്പം സ്കറിയ കയറിവരുമ്പോൾ രാജീവിന്റെ ജീവിതത്തിന് തന്നെ പുതിയ അർത്ഥ തലങ്ങളാണ് ഉണ്ടാകുന്നത്. അപ്പുവിലെ ചാണ്ടിക്കുഞ്ഞ് ആശാനാവാട്ടെ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ആശാൻമാരിൽ ഒരാളാണ്. ചിത്രത്തിലെ കൈമളും തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണനും നെടുമുടി അനശ്വരമാക്കിയ രണ്ട് മനോഹര കഥാപാത്രങ്ങളാണ്. രൗദ്രവും ശൃംഗാരവുമെല്ലാം അതിവേഗമാണ് ശ്രീകൃഷ്ണനിൽ മിന്നിമറഞ്ഞത്. ശൃംഗാര രസത്തിന്റെ പൂർണ്ണതയായിരുന്നു കേളിയിലെ റൊമാൻസ് കുമാരനും. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ തനി തരികിടയായ നാട്ടിൻപുറത്തുകാരനാണെങ്കിൽ പ്രതികാര ദാഹിയാണ് വന്ദനത്തിലെ കുര്യൻ ഫെർണാണ്ടസ്. ഈ തണുത്ത വെളുപ്പാൻ കാലത്തിലെ അതീന്ദ്രിയ ജ്ഞാനിയായ വാര്യർ ആരാണെന്ന് തിരിച്ചറിയുമ്പോൾ പ്രേക്ഷകരും ഞെട്ടുന്നു. താളവട്ടത്തിലെ പാതി ചത്ത വിനോദിനെ മരണത്തിന്റെ ശാന്തതയിലേക്ക് നയിക്കാൻ വിനോദിന്റെ ഉണ്ണിയേട്ടനായ ഡോ. ഉണ്ണിക്കൃഷ്ണൻ തീരുമാനിക്കുമ്പോൾ തിയേറ്ററിൽ പ്രേക്ഷകർ കണ്ണീരൊഴുക്കി.

ചമ്പക്കുളം തച്ചനിലെത്തുമ്പോൾ നെടുമുടി കുട്ടിരാമനെന്ന കഥാപാത്രം ക്രൂരനായ വില്ലനാകുന്നു. നോട്ടങ്ങളും ഭാവങ്ങളും കൊണ്ട് കുട്ടിരാമൻ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചു. സമീപകാലത്ത് പുറത്തുവന്ന ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ നാരായണൻ മേസ്ത്രിയും മലയാള സിനിമ കണ്ട ക്രൂരനായ വില്ലൻമാരിൽ ഒരാൾ തന്നെ. കള്ളൻ പവിത്രനായും അപ്പുണ്ണിയായും സ്വാതി തിരുനാളിലെ ഇരയിമ്മൻതമ്പിയായും പരിണയത്തിലെ അപ്ഫൻ നമ്പൂതിരിയായും വൈശാലിയിലെ രാജഗുരുവായും പെരുന്തച്ഛനിലെയും ഹിസ് ഹൈനസ് അബ്ദുള്ളയിലെയും തമ്പുരാക്കൻമാരുമെല്ലാമായി അഭിനയത്തിന്റെ വിസ്മയിപ്പിക്കുന്ന ഭാവ തലങ്ങളാണ് നെടുമുടി വേണു പ്രേക്ഷകർക്ക് പകർന്നു നൽകിയത്.

നിരവധി സിനിമകളിലാണ് നെടുമുടി അച്ഛൻ വേഷങ്ങൾ അവതരിപ്പിച്ചത്. സർഗത്തിൽ ഹരിദാസിന്റെ അച്ഛനായപ്പോൾ ബാലേട്ടനിൽ ബാലേട്ടന്റെ അച്ഛനായി. അറബിക്കഥയിൽ സൊസൈറ്റി ഗോപാലനെന്ന പാവം പിതാവാണ് അദ്ദേഹം. ഓർക്കാപ്പുറത്തിലാവട്ടെ ചെറു വേലത്തരങ്ങളുമായി കഴിഞ്ഞുകൂടുന്ന ഫ്രെഡിയുടെ അടിപൊളി അച്ഛൻ നിക്കോളസാണ് നെടുമുടി. അച്ഛൻമാർ ആവർത്തിക്കുമ്പോഴും ഓരോ അച്ഛനും നെടുമുടിയിലൂടെ ഏറെ വ്യത്യസ്തരായി. ചാമരത്തിലും നോക്കത്താ ദൂരത്ത് കണ്ണും നട്ടിലും കാതോട് കാതോരത്തിലും ലാൽ സലാമിലും സദയത്തിലും സമാഗമത്തിലും മെമ്മറീസിലുമെല്ലാം വ്യത്യസ്തരായ ക്രിസ്ത്യൻ പുരോഹിതർക്ക് അദ്ദേഹം ജീവൻ പകർന്നു.