29 March 2024, Friday

പത്രപ്രവര്‍ത്തകനും നാടകക്കാരനുമായ നെടുമുടി വേണു

താര കണ്ണോത്ത്
കോഴിക്കോട്
October 11, 2021 7:45 pm

കോഴിക്കോട്: നാല്പത്തിമൂന്നു വർഷം മുമ്പാണ് മലയാളസിനിമയുടെ അതിവിശാലമായ തമ്പിലേയ്ക്ക് നെടുമുടിയിൽ നിന്നൊരു ചെറുപ്പക്കാരൻ കടന്നുകയറിയത് മലയാളസിനിമ അന്നോളം കണ്ടിട്ടില്ലാത്ത പ്രാന്തവല്ക്കരിക്കപ്പെട്ടവരുടെ പരുപരുത്ത ജീവിതയാഥാർഥ്യങ്ങളിലേയ്ക്ക് തുറന്നുപിടിച്ച വലിയൊരു കണ്ണാടിയായിരുന്നു ജി അരവിന്ദന്റെ തമ്പ് എന്ന സിനിമ.ഒട്ടും താരപരിവേഷമില്ലാതെ പുറത്തിറങ്ങീയ ആ തമ്പിലായിരുന്നു മലയാളസിനിമയിലെ അമൂല്യ പ്രതിഭയായ കേശവൻ വേണുഗോപാൽ എന്ന നെടുമുടീ വേണു ഉദിച്ചുയർന്നത് .കഥകളി സംഗീതത്തിന്റെ പതിഞ്ഞ താളവും മൃദംഗത്തിന്റെ ചടുലതാളവും വേണുവെന്ന അഭിനേതാവിൽ സമരസപ്പെട്ടു കിടക്കുന്നതിന്റെ പൊരുളന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. പ്രധാനാധ്യാപകനായ അച്ഛൻ കേശവപ്പിള്ളയിലെ മികച്ച കലാസ്വാദകനിലേയ്ക്കും ആരാധകനിലേയ്ക്കുമാണ് ആ പൊരുൾ നീണ്ടുകിടക്കുന്നത് . തന്റെ അഞ്ചു മക്കളേയും കഥകളി സംഗീതവും മൃദംഗവും പഠിപ്പിക്കാൻ ആഗ്രഹിച്ച കേശവപ്പിള്ള അതിനായി ഗുരുക്കന്മാരെ വീട്ടിൽ വരുത്തിയിരുന്നു. അഞ്ചാമനായ വേണുവിന് ഗുരുക്കന്മാരിൽ നിന്ന് നേരിട്ട് പഠിക്കാൻ ഭാഗ്യമുണ്ടായില്ലെങ്കിലും തന്റെ സിരകളിൽ അച്ഛൻ പകർന്നുതന്ന സഹജഭാവങ്ങൾ പതിയെ വളരുകയായിരുന്നു. കൗമാരക്കാലത്തെ മിമിക്രിയിൽ നിന്നും മോണോ ആക്ടിൽനിന്നും ആ നടനവൈഭവം പതിയെ നാടകത്തിലേയ്ക്ക് ചുവടുമാറി. മലയാള നാടകവേദിയുടെ സ്വകാര്യ അഹങ്കാരമായ കാവലം നാരായണപ്പണിക്കരുടെ തിരുവരങ്ങ് വേണുവിലെ അഭിനയപ്രതിഭയെ പതിയെപ്പതിയെ രാകിമിനുക്കിയെടുക്കുകയായിരുന്നു.
സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് അവതരിപ്പിച്ച ജീവപര്യന്തം എന്ന നാടകം കണ്ടാണ് കാവലം തന്റെ നാടക ട്രൂപ്പിലേക്ക് നെടുമുടിയെ വിളിക്കുന്നത്. കാവാലത്തിനൊപ്പം അവതരിപ്പിച്ച ആദ്യ നാടകം പരാജയപ്പെട്ടു. തുടര്‍ന്ന് കാവാലത്തിന്റെ തന്നെ “തിരുവാഴിത്താന്‍” ചെയ്തെങ്കിലും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് “ദൈവത്താര്‍” നാടകം അവതരിപ്പിച്ചത്. ഇത് വന്‍ വിജയമായി. നാടകങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി കാവാലം തിരുവനന്തപുരത്തേക്ക് വരികയും “അവനവന്‍ കടമ്പ” അവതരിപ്പിക്കുകയും ചെയ്തു. അരവിന്ദനായിരുന്നു സംവിധായകന്‍. എന്നാല്‍ ഇവരുടെ നാടക സമ്പ്രദായവുമായി അവിടെയുള്ള നടീനടന്‍മാര്‍ക്ക് പരിചയമില്ലാത്തതുകൊണ്ട് നാടകത്തിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കാവാലം വിളിച്ചതോടെയാണ് നെടുമുടി തിരുവനന്തപുരത്തെത്തി നാടകത്തിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് ദൈവത്താര്‍, ഭഗവദ്ജ്ജുഗം, അവനവൻ കടമ്പ തുടങ്ങിയവയൊക്കെ അവതരിപ്പിച്ചു. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചന സീത തുടങ്ങിയ നാടകങ്ങളിലും നെടുമുടി വേണു വേഷമിട്ടിട്ടുണ്ട്.
ഇതിനിടയില്‍ തന്നെയാണ് പത്രപ്രവര്‍ത്തകനായും നെടുമുടി വേണു ജോലി നോക്കിയത്. കലാകൗമുദിയില്‍ ചേര്‍ന്ന നെടുമുടി വേണു പഞ്ചതന്ത്രം ബാലെയെക്കുറിച്ച് എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായി. ജി ശങ്കരപ്പിള്ള, കൈനിക്കര കുമാരപ്പിള്ള, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, സി എന്‍ ശ്രീകണ്ഠന്‍ നായര്‍, എന്‍ എന്‍ പിള്ള തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കളെയെല്ലാം നെടുമുടി വേണു ഇന്റര്‍വ്യൂ ചെയ്തു. കലാമണ്ഡലം ഹൈദരലിയെപ്പോലെ പല കലാകാരന്‍മാരെപ്പറ്റിയും ആദ്യമായി എഴുതിയും നെടുമുടി വേണു തന്നെയായിരുന്നു. കലാകൗമുദി ഫിലിം മാഗസിന്‍ ആരംഭിച്ചതോടെ സിനിമകളെക്കുറിച്ചും സിനിമാക്കാരെക്കുറിച്ചും എഴുതാന്‍ അവസരം ലഭിച്ചു. നസീര്‍, മധു, കെ പി ഉമ്മര്‍, അടൂര്‍ ഭാസി, ഷീല, ജയഭാരതി, വിധുബാല, കെ ജി ജോര്‍ജ്, ഹരിഹരന്‍ തുടങ്ങിയവരെയെല്ലാം ഇന്റര്‍വ്യൂ ചെയ്തു. പത്രപ്രവര്‍ത്തകന്റെ ജോലി ഏറെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്ന് നെടുമുടി വേണു പറയുമായിരുന്നു. അധ്യാപകനായും നെടുമുടി വേണു കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്.
നൃത്തത്തിലും സംഗീതത്തിലുമുള്ള ജന്മസഹജമായ അവഗാഹം അദ്ദേഹത്തിലെ നടനെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. ലയലാസ്യരൗദ്രഭാവങ്ങൾ ആ മുഖത്ത് മിന്നിവിരിയാൻ നിമിഷനേരങ്ങൾ മതിയെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘തേന്മാവിൻകൊമ്പത്തി‘ലെ തമ്പ്രാൻ ശ്രീകൃഷ്ണൻ. വാത്സല്യനിധിയായ പെങ്ങളുടെ മുമ്പിൽ പൂച്ചക്കുഞ്ഞിന്റെ പതിഞ്ഞ താളത്തിൽ കുറുകിയിരിക്കുന്ന ശ്രീകൃഷ്ണന് കാർത്തുമ്പിയെക്കാണുമ്പോഴുള്ള ശൃംഗാരഭാവവും നാട്ടുക്കൂട്ടത്തിന്റെ മുമ്പിലും മറ്റും കൈവിട്ടുപോകാത്ത, അതേസമയം ഗംഭീരമായ രൗദ്രഭാവവും ആ പ്രതിഭയിൽ മിന്നിമറഞ്ഞത് നിമിഷങ്ങൾ കൊണ്ടാണ്. തന്റെ മുപ്പതാം വയസ്സിൽ തുടങ്ങി നാല്പത്തിമൂന്നു വർഷം നീണ്ട ആ അഭിനയസപര്യയ്ക്ക് മരണം തിരശ്ശീലയിട്ടപ്പോൾ മലയാളസിനിമയ്ക്ക് നഷ്ടമായത് ഭാവതാളലയങ്ങളുടെ കൊടുമുടിയേറിയ അതുല്യനായ അഭിനയപ്രതിഭയേയാണ് ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.