Web Desk

നെടുങ്കണ്ടം

October 21, 2021, 8:09 pm

കനത്ത മഴയില്‍ വിറങ്ങലിച്ച് നെടുങ്കണ്ടം മേഖല

Janayugom Online

കാലവര്‍ഷം കനത്തതോടെ തുടര്‍ന്ന് നെടുങ്കണ്ടം മേഖല വെള്ളത്തില്‍. നെടുങ്കണ്ടം, തൂക്കുപാലം മേഖലയില്‍ ഇടിയോടുകൂടിയ കനത്ത മഴയാണ് രാത്രിയില്‍ പെയ്തിറങ്ങിയത്. ഇടിവെട്ടലിനെ തുടര്‍ന്ന് പലവീടുകളിലേയും വൈദ്യുതോപകരണങ്ങള്‍ക്ക് കേടുവന്നു. തൂക്കുപാലം വിജയമാതാ സ്‌കൂളിന് സമീപം വലിയ വെള്ളകെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി. പാറത്തോട് വില്ലേജില്‍ കനത്ത നാശമാണ് ഉണ്ടായത്. ചോറ്റുപാറ പാണ്ടാരത്ത്‌തെക്കേതില്‍ കൃഷ്ണന്‍കുട്ടിനായരുടെ വീട് ഇന്നത്തെ കനത്ത മഴയില്‍ നിലംപൊത്തി.

കനത്ത മഴയില്‍ നിലംപൊത്തിയ ചോറ്റുപാറ പാണ്ടാരത്ത്‌തെക്കേതില്‍ കൃഷ്ണന്‍കുട്ടിനായരുടെ വീട്

ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 387‑ല്‍ ഹരികുട്ടന്റെ വീടിന്റെ തറയും ഭിത്തിയും വിണ്ടുകീറി. നെടുങ്കണ്ടം രമ്യാഭവനില്‍ ടി.കെ വിജയമ്മയുടെ വീടിന്റെ തറയും വൈദ്യതോപകരണങ്ങളും ഇടിമിന്നലിനെ തുടര്‍ന്ന് തകര്‍ന്നു. മണ്‍ഭിത്തി ഇടിഞ്ഞ് ് ചേന്നാപ്പാറ ടി.ഇ സാമുവിന്റെ വീടിനുള്ളിലേയ്ക്ക് വീണു. കോമ്പയാര്‍ ഇടമന വീട്ടില്‍ വിജയലക്ഷമിയുടെ വീടിന്റെ പുറക് വശത്തെ മണ്‍തിട്ട ഇടഞ്ഞ്് വീണ് വീടിനുള്ളില്‍ മണ്ണും ചെളിയും കയറി. അപകടമുണ്ടായ പ്രദേശം താലൂക്ക് തഹസീദാര്‍ നിജു കുര്യന്‍, പാറത്തോട് വില്ലേജ് ഓഫീസര്‍ ടി. എ പ്രദീപ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുരളീധരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇടിമിന്നലിനെ തുടര്‍ന്ന് തകര്‍ന്ന വിജയമ്മയുടെ വീടിന്റെ തറ.

രാത്രിയില്‍ പെയ്തിറങ്ങിയ കനത്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 ഓടെ കല്ലാര്‍ ഡാം തുറന്നു. ഡാമില്‍ കുറച്ച് സമയത്തിന് ഉള്ളില്‍ 824 മീറ്റര്‍ എത്തിയതോടെ 10 സെന്റീമീറ്റര്‍ വീതം രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. അഞ്ച് മണിയോടെ വെളളം കുറഞ്ഞതിനെ തുടര്‍ന്ന് ഒരു ഷട്ടറിലൂടെ അഞ്ച് സെന്റിമീറ്റര്‍ വീതം പുറത്തേയ്ക്ക് ഒഴുക്കി വിടുവാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വൈദ്യുതി ബോര്‍ഡ്് തീരുമാനിച്ചതായി വാഴത്തോപ്പ് കെഎസ്ഇബി അസി.എക്‌സിക്യുട്ടീവ്് എന്‍ജിനീയര്‍ അറിയിച്ചു. കല്ലാറില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിനുസരിച്ച് ഇടുക്കി ഡാമിലേയ്ക്ക് അധികം വെള്ളമെത്തുകയും അതുവഴി ഇടുക്കി തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടാകും. ഇതിനെ തൃരിതപ്പെടുത്തുവാന്‍ കല്ലാര്‍, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ വെള്ളം എത്തുന്നതിനുസരിച്ച് അതാത് ഡാമുകള്‍ തുറന്ന് വിട്ട് ജനങ്ങളെ ദുരിതത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണ് തീരുമാനമെന്ന് എഎക്‌സി പറഞ്ഞു.

അപകടഭിഷണി നിലനില്‍ക്കുന്ന ബാലഗ്രാം അറക്കുളപടിയിലെ നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഈ കുടുംബങ്ങളുടെ വീട് ഇരിക്കുന്നത് വലിയ മണ്‍തിട്ടയിലാണ്. ഇവിടം കഴിഞ്ഞ പ്രളയകാലത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്്്. ഇതിനെ തുടര്‍ന്ന് നാല് കുടുംബത്തിലെ 13 പേരെ തേര്‍ഡ് ക്യാമ്പ് സ്‌കൂളിലേയ്ക്ക് മുന്‍കരുതല്‍ എന്ന നിലയ്ക്ക് കരുണപുരം വില്ലേജ് ഓഫീസര്‍ പ്രമോദ്കുമാറിന്റെ നേത്യത്വത്തില്‍ മാറ്റി പാര്‍പ്പിച്ചു. ഇഞ്ചപ്രായില്‍ വീട്ടില്‍ ജെയ്‌മോന്‍ മാത്യു, ജോസ്, ലിസി, അലീന, അലന്‍ എന്നിവരേയും ഇഞ്ചപ്രായില്‍ ആര്‍. മോഹനന്‍ രാജമ്മ, ആഗ്നസ്, ചിപ്പിമോന്‍ എന്നിവരും ഇഞ്ചപ്രായില്‍ വീട്ടില്‍ കുഞ്ഞ് കുഞ്ഞ്, കുഞ്ഞുമോള്‍, സാംസണ്‍, പാനാപ്പറമ്പില്‍ നിഖില്‍ എന്നിവരെയാണ് മാറ്റി പാര്‍പ്പിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കൂടൂതല്‍ ജാഗ്രത കൈകൊള്ളുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ നിജു കുര്യന്‍ അറിയിച്ചു.