പ്രമോദ് കുഴിമതിക്കാട്

December 13, 2020, 4:26 pm

നീയെത്രധന്യ

Janayugom Online

ചുട്ട് തിന്നുന്ന കാടിന്റെ പേച്ചിലും, വേദന
കുത്തിയേറുന്ന നോവിൻ വിളികളിൽ
കാവ്യ മെഴുതിച്ച ധന്യതേ നീയെഴാ -
തേതു നന്മയുയിർക്കേണ്ടുലകിതിൽ.
പ്രണയരാഗം പൊഴിക്കുന്ന സന്ധ്യതൻ
ഹൃദയഭൂമിയിലുണരുന്ന സാന്ത്വന
കിരണ സ്പർശമേ നീയെത്ര ധന്യയാൾ.
കനിവെഴാ ചുടു തിരമാലകൾ കോരി
യെറിയുമിപ്പകൽ;രാവിലമൃതമൂട്ടി
യുറക്കുന്ന ചന്ദ്രികാ മൃദുല ഹസ്തമേ
നീയെത്ര ധന്യയാൾ.

മതി മതി യെന്നു പറയുമ്പോഴൊക്കെയും
‘വയർ നിറയുമ്പോഞനറിവേ’,ന്നമ്മ
നിനവിലിറ്റിക്കുമലിവെത്ര ധന്യയാൾ.
മുത്തി മുത്തി കുടിച്ചെൻ മുറിവിലെ
ചത്ത ചോരയും, കണ്ണീർ കണങ്ങളു -
മറ്റു പോകാതെ ജീവത് തുടിപ്പേകു -
മെത്രയാതുര ‑അംഗന ധന്യമാർ.
ചേലുമില്ലാ, ചിറകില്ല,യാകാശ-
ചോലകളിൽ പറക്കില്ലയെങ്കിലും,
മത് പിതാ ചേവടികളെ ധ്യാനിച്ചി മണ്ണിന്റെ
കീടമാകുന്നു ഞാനെത്ര ധന്യനായ്.

കൊക്ക് നീട്ടിയിരിക്കുമികൂട്ടിലെ
കൊച്ചു പക്ഷി കിടാങ്ങൾ ഞങ്ങൾക്കുള്ളി-
ലന്നമായുമറിവായുമെത്തുമെ-
ന്നമ്മ നിയതി നീയെത്ര ധന്യയാൾ.
ഒറ്റയൊറ്റയ്ക്കിരുന്നാലു മൊറ്റ വള്ളിയിൽ
ധന്യതേ ഞങ്ങ,ളീയച്ചുതണ്ടിലെ ആനന്ദധാര നീ.

പുറകിലേക്ക്
അഭേദ്യ
മുൻപിലേക്ക്
കുറുങ്കവിതകൾ