Saturday
25 May 2019

പൊതുവേദിക്കുള്ള ആവശ്യകത

By: Web Desk | Tuesday 5 June 2018 10:37 PM IST


നമ്മുടെ ദേശീയ വിമോചന പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരകാലത്ത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുനിന്ന് വര്‍ഗീയതയെ വേരുപിഴുതെറിയാനും മതത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ മാതൃഭൂമിയുടെ വിഭജനത്തെ തടയാനും എന്തുകൊണ്ട് കഴിഞ്ഞില്ല? സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വര്‍ഗീയതയുടെയും മതത്തിന്റെയും രാഷ്ട്രീയത്തെ എതിര്‍ത്തു തോല്‍പ്പിക്കാനും കൂടുതല്‍ വ്യാപകവും അവഗാഢവുമായ ദേശീയഐക്യം ഊട്ടിയുണ്ടാക്കുവാനും എന്തുകൊണ്ട് സാധിച്ചില്ല?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിനു ശേഷം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന് ബഹുജനസ്വഭാവം കൊടുക്കുവാന്‍ വേണ്ടി പ്രചാരമേഖലയിലും പ്രക്ഷോഭങ്ങളിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ആഴത്തില്‍ ഇഴുകിച്ചേര്‍ത്തിരുന്നു. മഹാരാഷ്ട്രയില്‍ ഗണപതി മഹോത്സവവും ശിവജിപൂജയും ബംഗാളില്‍ കാളിപൂജയുമെല്ലാം ബ്രിട്ടീഷ് വാഴ്ചക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്താന്‍ ഉപയോഗപ്പെടുത്തി. നാനാമതസ്ഥരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്ന വസ്തുത കണക്കിലെടുത്തു കൊണ്ട് ഈ പ്രവണത ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതായിരുന്നു. അതിനുവേണ്ടി പ്രവര്‍ത്തിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു മാത്രമായിരുന്നുവെന്ന് പറയാം.
പക്ഷേ, ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ മതനിരപേക്ഷതയിലൂന്നിയ ശാസ്ത്രീയവും ജനാധിപത്യപരവുമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നവീനാശയങ്ങളുടെ വളര്‍ച്ച തടയപ്പെട്ടു. മുസ്‌ലീം ജനസാമാന്യത്തില്‍ ഗണ്യമായ വിഭാഗങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും വര്‍ഗീയ പിന്തിരിപ്പന്മാര്‍ക്കും കഴിഞ്ഞു. അനിവാര്യമായി ഇത് ഇന്ത്യയുടെ വിഭജനം അംഗീകരിക്കേണ്ടി വന്നതിലെത്തി.
മുസ്‌ലിങ്ങള്‍ക്കിടയില്‍ മാത്രമല്ല, അവര്‍ണരും ഹരിജനങ്ങളുമായ ഹിന്ദുക്കള്‍ക്കിടയിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരായ ഭയാശങ്കകള്‍ ജനിപ്പിക്കാന്‍ ഇത് ഇടയാക്കിയെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഭാരതമഹാജനസഭ ഭാരതജനമഹാസഭയാകുമ്പോള്‍ അവശ സമുദായക്കാര്‍ അതില്‍ ചേരുമെന്ന മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ പ്രസ്താവന ഓര്‍ക്കുക.
ഇതെല്ലാമുണ്ടായിട്ടും മുഖ്യമായും ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും ഫലമായി ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് സ്വാതന്ത്ര്യസമരത്തില്‍ ജാതി-മത വ്യത്യാസങ്ങളെ ഭേദിച്ചുകൊണ്ട് ദേശീയ ഐക്യബോധം വളര്‍ത്താനും, സ്വാതന്ത്ര്യം നേടുകയെന്ന ഒരൊറ്റ ലക്ഷ്യത്തിനായി ജനങ്ങളെ ഒന്നിച്ചു ചേര്‍ത്തണിനിരത്താനും കഴിഞ്ഞു.
എന്നാല്‍, അതുപോലെ ജനങ്ങളെ ആവേശം കൊള്ളിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു ലക്ഷ്യം ഭരണാധികാരം കൈമാറിക്കിട്ടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്ക് മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞില്ല. നെഹ്‌റു അതിന് ആഗ്രഹിച്ചു. സോഷ്യലിസ്റ്റ് മാതൃകയെപ്പറ്റി ഒരു പ്രമേയം പാസാക്കാന്‍ നെഹ്‌റു കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു.
പക്ഷേ, യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ നടപ്പില്‍ വരുത്തിയത് ഇന്ത്യയില്‍ മുതലാളിത്ത ചൂഷണ വ്യവസ്ഥയെ വളരാന്‍ സഹായിക്കുന്ന നയങ്ങളാണ്. മുതലാളിത്ത പാതയിലൂടെയുള്ള വികസനം നമ്മുടെ രാജ്യത്തെ വ്യാവസായികമായും കാര്‍ഷികമായും സാങ്കേതിക വിദ്യാപരമായും വളരെയേറെ മുന്നോട്ടു കൊണ്ടുപോയെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമായി ന്യൂനപക്ഷമായ സ്വത്തുടമാ വിഭാഗങ്ങളായിരുന്നു.
അതുകൊണ്ട് മുതലാളിത്തത്തില്‍ അനിവാര്യമായ അസമത്വം കാരണം, വിവിധ മതക്കാരിലും ജാതികളിലും സമുദായങ്ങളിലും പ്രദേശങ്ങളിലും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ബൂര്‍ഷ്വാ വിഭാഗങ്ങള്‍ മറ്റുള്ളവരുമായി മത്സരിച്ചുകൊണ്ട് വളരാനാഗ്രഹിക്കുകയും അതിനു ജാതി മനോഭാവത്തെയും വര്‍ഗീയതയേയും സങ്കുചിത പ്രാദേശികവാദത്തേയും എല്ലാം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
അങ്ങനെ മുതലാളിത്ത വികസനം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള പഴയ വിഭജനത്തിന്റെ അടിത്തറയെ തകര്‍ത്തുവെങ്കിലും പുതിയ അടിസ്ഥാനത്തില്‍ ജാതിമത വര്‍ഗീയതയും വര്‍ഗീയ സംഘടനകളും വളരുന്നതിനും ശക്തിപ്പെടുന്നതിനും സഹായിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ നമ്മുടെ റിപ്പബ്ലിക് മതനിരപേക്ഷമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തിലും ഫലപ്രദമായും നിഷ്‌കൃഷ്ടമായും സര്‍ക്കാരിനെ മതത്തില്‍ നിന്ന് വേര്‍പെടുത്തിയിട്ടില്ല. ഔദ്യോഗിക ചടങ്ങുകളില്‍ പല ഹൈന്ദവാചാരങ്ങളും ധാരാളം കടന്നു വരുന്നു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ ബഹുജന മാധ്യമങ്ങളില്‍ ഹിന്ദുമതത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള പ്രചാരവേലയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പോലും പ്രസിദ്ധിയും അധികമധികം ലഭിച്ചുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ സമ്പ്രദായംപോലും മതനിരപേക്ഷവും ദേശീയവും ശാസ്ത്രീയവുമായ അടിസ്ഥാനത്തില്‍ പുന:സംവിധാനം ചെയ്യപ്പെട്ടിട്ടില്ല. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ബഹുജനങ്ങള്‍ക്കിടയിലെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനും തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനും പ്രത്യക്ഷമായോ ജാതി-മത-വര്‍ഗീയ-മതമൗലികവാദ, ശിഥിലീകരണ ശക്തികളെ സഹായിക്കാനോ അവയുമായി സഖ്യങ്ങളും കൂട്ടുകെട്ടുകളുമുണ്ടാക്കാനും യാതൊരു സങ്കോചവും കാട്ടുന്നില്ല.
തൊഴിലാളികളുടേയും കൃഷിക്കാരുടേയും കര്‍ഷക തൊഴിലാളികളുടേയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും വര്‍ഗപരമായ ഐക്യത്തെയും അടിയന്തരാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങളേയും സാമൂഹ്യവും സാമ്പത്തികവുമായ മോചനത്തിനു വേണ്ടിയുള്ള പ്രസ്ഥാനത്തേയും ബലഹീനമാക്കാനും പൊളിക്കാനും സ്ഥാപിത താല്‍പ്പര്യക്കാര്‍ ജാതി-മത വര്‍ഗീയതയേയും മതമൗലിക വാദത്തേയും അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 23-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു: ”നമ്മുടെ രാജ്യത്ത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നത് പല ബുര്‍ഷ്വാ പാര്‍ട്ടികളും ഇപ്പോഴും മതവും ജാതിയും ഉപയോഗിച്ചുള്ള കടന്നുകയറ്റം ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ബാക്കിയുള്ള നവഉദാരവല്‍ക്കരണ അജന്‍ഡ നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗം തന്നെയാണ് അത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഫാസിസ്റ്റ് കടന്നുകയറ്റം ചെറുക്കുക എന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ഏറ്റവും നിര്‍ണായകമാണ്. നവ-ഉദാരവല്‍ക്കരണത്തിന്റെ നയങ്ങള്‍ക്ക് പകരം ബദല്‍ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ചെറുത്തുനില്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ സ്വത്വം ഉറപ്പിക്കാനുള്ള മാര്‍ഗം. ഇടതുപക്ഷവും ബഹുജനസംഘടനകളും തുടര്‍ച്ചയായി നവ ഉദാരവല്‍ക്കരണത്തിനെതിരെയുള്ള ബദല്‍ ജനപക്ഷ സാമ്പത്തിക നയം ഉയര്‍ത്തിക്കാട്ടാനുള്ള പ്രക്ഷോഭങ്ങള്‍ നയിക്കണം. പക്ഷേ ഫാസിസത്തിന്റെ അപകടം സാമ്പത്തിക നയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല.”
ഇന്നിന്റെ ആവശ്യം ഫാസിസത്തിനെതിരായ വിശാലമുന്നണിയാണ്. ഒരു മതനിരപേക്ഷ-ജനാധിപത്യ ഇടതു പൊതുവേദി, ആര്‍എസ്എസിന്റെയും അതിനാല്‍ നിയന്ത്രിക്കപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റേയും കടന്നുകയറ്റം തടയാന്‍ സൃഷ്ടിക്കണമെന്ന് സിപിഐ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും പുരോഗതിക്കുമെതിരായി വര്‍ഗീയതയും മതമൗലികവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ഉല്‍ക്കണ്ഠയുള്ളവരെല്ലാം ഒരു പൊതുവേദിയില്‍ ഒത്തുചേരണം.