സുരേഷ് എടപ്പാൾ

മലപ്പുറം

May 14, 2021, 9:15 pm

വേണം കൂടുതൽ ഓക്സിജൻ; മലപ്പുറത്തെ അടഞ്ഞുകിടന്ന പ്ലാന്റിന് സർക്കാർ ജീവശ്വാസം നൽകി

Janayugom Online

പ്രാദേശിക എതിർപ്പുകളെ തുടർന്ന് എട്ടുവർഷങ്ങൾക്കു മുമ്പ് അടച്ചുപൂട്ടിയ മാറാക്കരയിലെ ഓക്സിജൻ പ്ലാന്റിന് വീണ്ടും ജീവശ്വാസം. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം മുൻകൈയെടുത്താണ് സതേൺ എയർപ്രൊഡക്ടസ് കമ്പനിയുടെ ഓക്സിജൻ പ്ലാന്റ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ദുരിതബാധിതരുള്ള മലപ്പുറം ജില്ലയുടെ രോഗ പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു നൽകുകയാണ് മാറാക്കര പെരുങ്കുളത്തെ ഈ ഓക്സിജൻ പ്ലാന്റ്. 2013ൽ തുടങ്ങിയ പ്ലാന്റ് വെറും മൂന്നുമാസത്തെ പ്രവർത്തനത്തിനുശേഷം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടയ്ക്കുകയായിരുന്നു. എല്ലാ അനുമതികളും സമ്പാദിച്ച് വലിയ സാമ്പത്തിക ചെലവും സഹിച്ച് തുടങ്ങിയ സംരംഭം പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ എന്നന്നേക്കുമായി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്ന് കമ്പനിയുടെ മാനേജിംഗ് പാർട്ണർ വേങ്ങര കാരത്തോട് സ്വദേശി കെ എം പ്രതാപൻ പറഞ്ഞു.

പിന്നീട് പലരും പ്ലാന്റ് ഏറ്റെടുക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായവുമായി രംഗത്തെത്തിയെങ്കിലും ഇനിയില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു പ്രതാപൻ. എന്നാൽ ഇപ്പോഴത്തെ അതീവ ഗുരുതരമായ സാഹചര്യത്തിൽ മലപ്പുറം ജില്ലാകളക്ടറും ജില്ലാ വ്യവസായകേന്ദ്രം മാനേജരും പ്ലാന്റ് വീണ്ടും തുറക്കാൻ ആവശ്യപ്പെട്ടതോടെ രണ്ടും കല്പിച്ച് ദൗത്യം ഏറ്റെടുക്കുകയായിരുന്നെന്ന് പ്രതാപൻ പറഞ്ഞു. ജീവവായുവിനുവേണ്ടി പൊരുതുന്ന പാവം രോഗികൾക്ക് സഹായമാവാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും ആ ലക്ഷ്യം മാത്രം മുൻനിർത്തിയാണ് തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലേക്ക് നീങ്ങിയ പ്ലാന്റ് വീണ്ടും സജീവമാക്കുന്നതെന്നും കമ്പനിയുടെ പാർട്ണറായ എ വി ദിവാകരൻ ഭട്ടതിരിപ്പാട് പറഞ്ഞു.

രണ്ടുദിവസങ്ങൾക്കു മുമ്പ് തുറന്ന പ്ലാന്റിൽ ഇപ്പോൾ ട്രയൽ റണ്ണാണ് നടക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം കമ്പനി തുറക്കുന്നതിന് ആവശ്യമായി വന്ന മുഴുവൻ ചെലവുകളും ജില്ലാ വ്യവസായ കേന്ദ്രമാണ് വഹിക്കുന്നത്. എല്ലാ നിർദ്ദേശങ്ങളും സഹായവുമായി ദുരന്തനിവാരണ സേനയും കൂടെയുണ്ട്. ഇപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. നിലവിൽ ചേളാരിയിലെ ശ്രീകല ഓക്സിജൻ പ്ലാന്റിൽനിന്നാണ് ജില്ലയിലേക്ക് ഓക്സിജൻ ലഭ്യമാക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആവശ്യമായിവരുന്ന ഓക്സിജന്റെ അളവും കുത്തനെ വർധിച്ചുവരികയാണ്. 20.4 മെട്രിക് ടൺ ആണ് ദിവസവും മലപ്പുറം ജില്ലയിൽ ആവശ്യമായി വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 18.3 മെട്രിക് ടൺ ഉല്പാദിപ്പിക്കുകയും 14.2 മെട്രിക് ടൺ ഉപയോഗിക്കുകയും ചെയ്തു. 72.7 മെട്രിക് ടൺ സംഭരിക്കുന്നതിനുള്ള സംവിധാനമാണ് ജില്ലയ്ക്കുള്ളത്. ചെറുതും വലുതുമായി 4066 സിലിണ്ടറുകളുണ്ട്. 21.4 മെട്രിക് ടൺ സിലിണ്ടറുകളില്‍ 36.48 ദ്രവീകൃത ഓക്സിജനായും സൂക്ഷിക്കാം.

മണിക്കൂറിൽ 100 ക്യുബിക് മീറ്റർ ഓക്സിജൻ

എയർ സെപ്പറേഷൻ യൂണിറ്റ് വഴി അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ആദ്യം ദ്രവരൂപത്തിലാക്കുകയും പിന്നീട് വാതകരൂപത്തിലുമാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. മറ്റ് അസംസ്കൃത വസ്തുക്കളോ ഇന്ധനങ്ങളോ ഉപയോഗിക്കാതെ വൈദ്യുതിയുടെ സഹായത്തോടെ ഇത് സാധ്യമാകും. വായുവിനെ തണുപ്പിച്ച് ‑140 മുതൽ ‑180 ഡിഗ്രി വരെ എത്തുമ്പോൾ ദ്രവീകൃത ഓക്സിജനായി മാറും. ഈ ഓക്സിജനെ ഉയർന്ന മർദ്ദത്തിൽ സിലിണ്ടറുകളിലേക്ക് നിറയ്ക്കുന്നു. അഞ്ചോ ആറോ തൊഴിലാളികളെ ഉപയോഗിച്ചാണ് ട്രയൽറൺ നടക്കുന്നത്.

പൂർണമായും പ്രവർത്തനസജ്ജമായാൽ ഒരു മണിക്കൂറിൽ 100 ക്യുബിക് മീറ്റർ ഓക്സിജൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 സിലിണ്ടറുകളിൽ നിറയ്ക്കാൻ കഴിയും. ഇതോടെ 3.2 മെട്രിക് ടൺ ഓക്സിജൻ ജില്ലയ്ക്ക് അധികമായി ലഭിക്കും. പൂർണമായും ആരോഗ്യ മേഖലയ്ക്ക് ആയിരിക്കും പ്ലാന്റിൽനിന്ന് ഓക്സിജൻ നൽകുക. വിതരണത്തിനുള്ള സിലിണ്ടറുകൾ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നെത്തിച്ചു.

ENGLISH SUMMARY:Need more oxy­gen; The gov­ern­ment opened the closed plant in Malappuram
You may also like this video