പ്രൊഫ. കെ അരവിന്ദാക്ഷൻ

September 14, 2021, 5:45 am

ഉപഭോക്താക്കളുടെ ആത്മവിശ്വാസം നിലനിര്‍ത്തണം

Janayugom Online

2020 ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപനം നിലവില്‍ വന്നതോടെ ഉപഭോക്താക്കളുടെ മാനസികാവസ്ഥ വളരെ ദുര്‍ബലമായി എന്നത് സ്വാഭാവിക പരിണാമം മാത്രം. അപ്രതീക്ഷിതമായി വന്നൊരു സ്ഥിതിവിശേഷമായിരുന്നല്ലോ, കോവിഡ് 19 എന്ന മഹാമാരി വരുത്തിവച്ചത്. മറ്റനേകം വികസന മേഖലകളിലെ സൂചികകള്‍ ലോക്ഡൗണ്‍ കാലഘട്ടത്തിലെ നിലവാരത്തിലേക്ക് സാവധാനത്തിലാണെങ്കിലും തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഉപഭോക്തൃ വികാരം പഴയപടി തന്നെ തുടരുകയാണ്. കാരണം ഈ മേഖലയിലാണ് ലോക്ഡൗണ്‍ ഏറ്റവും കനത്ത ആഘാതം ഏല്പിച്ചിരിക്കുന്നതുതന്നെ.

 

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ സൂചിക അടിസ്ഥാനമാക്കിയാല്‍, മാര്‍ച്ച് 2020നെ അപേക്ഷിച്ച് ജൂലെെ 2021ലെ ഉപഭോക്തൃ വികാരം 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിക്കാണുന്നത്. നിരാശ പ്രകടമാക്കുന്ന ഈ വികാരം ഗ്രാമീണ‑നഗര മേഖലകളില്‍ ഉള്ളവര്‍ക്ക് ഒരുപോലെ ബാധകമാണെന്നും കാണാന്‍ കഴിയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ഇടിവ് 44 ശതമാനമാണെങ്കില്‍ നഗര മേഖലയുടേത് 48 ശതമാനവുമാണ്. നിരാശയുടേതായ ഇത്തരം വികാരപ്രകടനങ്ങള്‍ തീര്‍ത്തും സ്വാഭാവികമാണെന്ന് കരുതാമെങ്കില്‍ തന്നെയും സമാനമായ പ്രതികരണമല്ല, മറ്റു ചില മേഖലകളില്‍ നിന്നും കാണാന്‍ കഴിയുന്നത്. സിഎംജിഇ തന്നെ നടത്തിയ കുടുംബ സര്‍വേ ഈ നിഗമനം ശരിവയ്ക്കുന്നുമുണ്ട്. ഉദാഹരണത്തിന് തൊഴിലാളി പങ്കാളിത്തം, തൊഴിലവസര സൃഷ്ടികള്‍ തുടങ്ങിയവ സംബന്ധിച്ച സര്‍വെകള്‍, നേരിയ തോതിലുള്ള ഉണര്‍വിന്റേതായ സൂചനകളാണ് വെളിവാക്കുന്നതെന്ന് കാണുന്നു. തൊഴിലവസര സൃഷ്ടി രേഖപ്പെടുത്തിയത്, നേരിയ തോതിലാണെങ്കില്‍ കൂടി 0.9 ശതമാനം വര്‍ധനവാണ്. തൊഴില്‍ മേഖല അല്പസ്വല്പം മെച്ചമായി എങ്കിലും വികസനസാധ്യതകള്‍ സംബന്ധമായ പൊതുവികാരത്തില്‍ മാറ്റമുണ്ടായതിന്റെ ലക്ഷണം കാണുന്നുമില്ല.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ താഴേയ്ക്ക്


 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഒരു കണ്‍സ്യൂമര്‍ സെന്റിമെന്റ്സ് ഇന്‍ഡെക്സ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ സാമ്പിള്‍ തിരഞ്ഞെടുപ്പ് രീതിയും വിശകലന രീതിശാസ്ത്രവും സിഎംഐഇയുടേതില്‍ നിന്നും വ്യത്യസ്തമാണ്. സിഎംഐഇയുടെ സര്‍വേക്കുള്ള പേര് കണ്‍സ്യൂമര്‍ പിരമിഡ്സ് ഹൗസ് ഹോള്‍ഡ് സര്‍വേ എന്നുമാണ്. പേരും പഠനരീതികളും വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും നിഗമനങ്ങള്‍ സമാന സ്വഭാവമുള്ളതാണ്.

ആര്‍ബിഐ നടത്തിയ നിലവിലുള്ള സ്ഥിതിവിശേഷത്തിന്റേതായ സൂചികയുടെ സ്രോതസ് ജൂലെെ 2021 സര്‍വെയുടേതാണ്. ഇതാണെങ്കില്‍ മാര്‍ച്ച് 2020ല്‍ ഉണ്ടായിരുന്നതിലും കണ്‍സ്യൂമര്‍ സെന്റിമന്റ്സ് 43 ശതമാനം താണതായിട്ടാണ് രേഖപ്പെടുത്തിക്കാണുന്നത്. ഈ സര്‍വേ ഏതാനും നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതുമായിരുന്നു. ഏതായാലും, സ്വന്തം ക്ഷേമത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ കുടുംബങ്ങള്‍ക്കെല്ലാം ഒരുപോലെയായിരുന്നു എന്നാണ് ഈ രണ്ട് സര്‍വേകളും വെളിവാക്കുന്നത്.

 


ഇതുകൂടി വായിക്കൂ: മൊത്തവില സൂചികയിലെ പണപ്പെരുപ്പം കുതിക്കുന്നു; ഭക്ഷ്യവിലകള്‍ ഉയര്‍ന്നു


 

ഉപഭോക്താക്കളുടെ വികാരം നമുക്കു മനസിലാക്കാന്‍ കഴിയുന്നത് കോവിഡ് 19ന്റെ പശ്ചാത്തലവും ചേര്‍ത്ത് നിരീക്ഷിക്കുമ്പോഴാണ്. ഇതേത്തുടര്‍ന്ന് നിലവില്‍ വന്ന ഇടക്കിടെയുള്ള ലോക്ഡൗണുകള്‍ ജനങ്ങളുടെ സാധാരണ കുടുംബജീവിതം താറുമാറാക്കുകയാണുണ്ടായത്. ആഗോളതലത്തില്‍ തന്നെ ഇത് പ്രകടമാവുകയും ചെയ്തു. ഉപഭോക്താക്കളുടെ ആശങ്കകള്‍ക്കും വികാരങ്ങള്‍ക്കും പ്രാദേശിക വകഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് യഥാര്‍ത്ഥത്തിലുണ്ടായ അനുഭവവും. എന്നാല്‍, ഇന്ത്യന്‍ ജനതക്കുണ്ടായ ആഘാതം മറ്റു രാജ്യങ്ങളിലെ ജനതയ്ക്കുണ്ടായിരുന്നതിലും ഏറെ ദെെര്‍ഘ്യമേറിയതും കൂടുതല്‍ ആഴത്തിലും പരപ്പിലും പ്രകടമായിരുന്നു എന്നതും ഒരു വസ്തുതയാണ്. ഉദാഹരണത്തിന് 2021 ജൂലെെയില്‍ അമേരിക്കയിലേത് വെറും ഒമ്പത് ശതമാനമായിരുന്നെങ്കില്‍ ഇന്ത്യയിലേത് 45 ശതമാനം വരെ എത്തിയിരുന്നു. കോവിഡിന്റെ ഏറ്റവും ഗുരുതരമായ കാലഘട്ടത്തില്‍ പോലും അമേരിക്കന്‍ ജനതയുടെ ആശങ്കകള്‍ 30 ശതമാനത്തിലേറെ ഉയരാതിരുന്നപ്പോള്‍, ഇന്ത്യന്‍ ജനതയുടേത് 60 ശതമാനം വരെ ഉയര്‍ന്നിരുന്നതായി സര്‍വേകള്‍ സൂചിപ്പിക്കുന്നു. സെന്റിമെന്റ്സിന്റെ തോത് തിട്ടപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ചിരുന്ന രീതിശാസ്ത്രം ഒരുപോലെയുള്ളതായിരുന്നു എന്നതും പ്രസക്തമായി കാണേണ്ടതാണ്. യുഎസില്‍ മിഷിഗന്‍ യൂണിവേഴ്സിറ്റിയാണ് ഏജന്‍സിയായിരുന്നതെങ്കില്‍ ഇന്ത്യയില്‍ ഈ ചുമതല ഏറ്റെടുത്ത് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുമായിരുന്നു.

 


ഇതുകൂടി വായിക്കൂ: സാമ്പത്തിക വളര്‍ച്ചയോ വില സ്ഥിരതയോ?


 

അതേ അവസരത്തില്‍ ഇന്ത്യയിലെ ഉപഭോക്തൃ സെന്റിമെന്റ്സ് 2021 ഓഗസ്റ്റ് മുതല്‍ നേരിയതോതില്‍ മെച്ചപ്പെട്ടുവരുന്നതായി കാണുന്നുണ്ട്- രണ്ട് ശതമാനത്തോളം ഉയര്‍ച്ച. 2021 ജൂലെെയില്‍ 10.7 ശതമാനമായിരുന്നു ഉയര്‍ച്ച എന്ന നിലയില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ എന്നു കരുതാം. എന്നിരുന്നാല്‍ത്തന്നെയും 2021 മാര്‍ച്ചിലേതുമായി നോക്കിയാല്‍ 44 ശതമാനം. ഈ മാറ്റം അത്രയൊന്നും മെച്ചമാണെന്നു കരുതാന്‍ സാധ്യമല്ല. സെന്റിമെന്റ്സിന്റെ താണ നിലവാരം തുടരുന്നിടത്തോളം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനും വികസനം നിലനില്‍ക്കുന്ന ഒന്നാക്കി മാറ്റാനും ഏറെ പണിപ്പെടേണ്ടി വരികയും ചെയ്യും. കാരണം, യഥാര്‍ത്ഥ ജിഡിപിയിലുണ്ടായ 2020–21ലെ തകര്‍ച്ച 7.3 ശതമാനത്തോളമായിരുന്നു എന്നതുതന്നെ. ശുഭാപ്തിവിശ്വാസത്തോടെ സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളെ നിരീക്ഷിക്കുന്നവരുടെ പ്രതീക്ഷ 2021–22ല്‍ കാര്യങ്ങള്‍ അനുകൂലമായി മാറുമെന്നുതന്നെയാണ്. വ്യക്തികളുടെ വികാരം, കുടുംബങ്ങളുടെ മനസുകളേയും ബാധിക്കുമെന്നതിനാല്‍ ഇരുകൂട്ടരുടെയും വാങ്ങല്‍ ശേഷി വര്‍ധന നല്ല നിലവാരം പുലര്‍ത്താതിരുന്നാല്‍ ഈടുനില്‍ക്കുന്ന ഉപഭോഗവസ്തുക്കള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിക്കാന്‍ സാധ്യതയില്ല. അങ്ങനെയാണ് സംഭവിക്കുകയെങ്കില്‍ സ്വകാര്യ ഉപഭോഗ ചെലവിലും വര്‍ധനവുണ്ടായിരിക്കില്ല. ഇത്തരമൊരു പ്രവണത ഫലത്തില്‍ ജിഡിപിയുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയായിരിക്കും ചെയ്യുക. കാരണം, സ്വകാര്യ ഉപഭോഗ ചെലവാണ് ജിഡിപിയുടെ 56 ശതമാനത്തെ നിര്‍ണയിക്കുക എന്നതുതന്നെ.

 


ഇതുകൂടി വായിക്കൂ: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്


 

ഗാര്‍ഹിക വരുമാനമെടുത്താല്‍ അതില്‍ 2020 – 21ല്‍ രേഖപ്പെടുത്തിയ കുറവ് 14.9 ശതമാനമാണ്. യഥാര്‍ത്ഥത്തില്‍ ഇത് 6 ശതമാനം മാത്രമായിരിക്കും. പണപ്പെരുപ്പത്തിന്റെ വര്‍ധന ഈ കാലയളവില്‍ ഏതാണ്ട് 6–7 ശതമാനത്തോളമായിരുന്നു എന്നതാണ് ഇതിനു നിദാനമായ വസ്തുത. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനം കൂടി കണക്കാക്കിയാല്‍ ഗാര്‍ഹിക വരുമാനത്തില്‍ 20 ശതമാനത്തോളം ഇടിവാണ് ഒരുവര്‍ഷത്തിനിടയില്‍ മാത്രം ഉണ്ടായിരിക്കുന്നതെന്നാണ്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ നാം പരിഗണിക്കേണ്ടതായ മറ്റൊരു ഘടകം ഗാര്‍ഹിക വരുമാനത്തില്‍ സംഭവിച്ചിരിക്കുന്ന തകര്‍ച്ചയ്ക്ക് പിന്നില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതെന്താണ്? എന്താണിതെന്നോ? ഉയര്‍ന്ന വരുമാനനിരക്കില്‍ ജോലി ചെയ്തിരുന്നവര്‍, ഗത്യന്തരമില്ലാതായതിനെ തുടര്‍ന്ന് അതേസ്ഥാപനത്തിലോ, മറ്റൊരു സ്ഥാപനത്തിലോ താണ പ്രതിഫലം കൈപ്പറ്റി പണിയെലേര്‍പ്പെടേണ്ടിവന്നു എന്നതാണ്. ഇതിന്റെ പ്രതിഫലനമെന്നനിലയില്‍ കാണാന്‍ കഴിഞ്ഞത് തൊഴില്‍ തിരികെ കിട്ടിയെങ്കിലും വരുമാനം മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല, ഇടിയുകകൂടി ചെയ്തു എന്നതാണ്. അതുകൊണ്ടുതന്നെ ക്രയശേഷിയും കുറയുമല്ലോ.

 


ഇതുകൂടി വായിക്കൂ: ജിഡിപി സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ അളവുകോലാണോ?


ഇത്തരം അനുഭവങ്ങള്‍ ഉണ്ടായത് 2020–21ല്‍ ആയിരുന്നു എന്നോര്‍ക്കുക. കോവിഡിന്റെ രണ്ടാംതരംഗം കടന്നാക്രമണം നടത്തിയ ഏപ്രില്‍, ജൂണ്‍ 2021 ന് മുമ്പുണ്ടായതാണിത്. രണ്ടാംതരംഗമായതോടെ ഗാര്‍ഹിക വരുമാനത്തില്‍ കുത്തനെയുള്ള ഇടിവാണല്ലോ ഉണ്ടായത്. ഇതേത്തുടര്‍ന്ന് യഥാര്‍ത്ഥ വരുമാനത്തിലും വന്‍തോതില്‍ ഇടിവുണ്ടാവുക സ്വാഭാവികമാണല്ലോ. ഇതിന്റെ അര്‍ത്ഥം ക്രയശേഷി വാങ്ങാനുള്ള കഴിവ് ആനുപാതികമായോ അതിലേറെയോ ഇടിയുകയായിരുന്നു. ഇത്തരമൊരു പ്രക്രിയയുടെ ആഘാതം ഏറെനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. റിക്കവറിയുടെ കാലാവധി നീണ്ടുപോകാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നതും ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുത്തുമാണ്.

ഇന്ത്യ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ഇക്ര)യുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ അഭിപ്രായപ്പെട്ടിരിക്കുന്നത് നടപ്പു ധനകാര്യവര്‍ഷത്തിലെ 20 ശതമാനം ജിഡിപി വര്‍ധന സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നായി കാണാന്‍ സാധ്യമല്ലായെന്നാണ്. (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് 2021 സെപ്റ്റംബര്‍ 1). കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഈ അവസരത്തില്‍ ചെയ്യാനുള്ളത് വാക്സിനേഷനുകള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ജനങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതു മാത്രമാണ്.