Web Desk

July 25, 2021, 5:37 am

വേണം സുതാര്യത

Janayugom Online

പൊതുസമൂഹം വിവിധങ്ങളായ സാമ്പത്തിക തലങ്ങളിലുള്ളവരെങ്കിലും നിയന്ത്രണമില്ലാതെ കുതിക്കുന്ന ഇന്ധനവില ഏവരുടെയും ജീവിതച്ചെലവ് ക്രമാതീതമായി വർധിപ്പിച്ചിരിക്കുന്നു. പ്രത്യേക പരിഗണനയിലുള്ളവർ മാത്രമാണ് ഇക്കാര്യത്തിൽ അപവാദം. ഇന്ധനവില വർധനവ് ഉപഭോക്തൃ വിലസൂചികയിൽ 50 ഇടങ്ങളിൽ വർധനവുണ്ടാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ജീവിത നിലവാരത്തകർച്ചയും തുടർപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പൊതുസമൂഹം അടിസ്ഥാന ആവശ്യങ്ങൾക്കായ് ചെലവിടുന്നതുപോലും അനിവാര്യ ഘട്ടങ്ങളിൽ മാത്രമായിരിക്കുന്നു. ഇന്ധനവിലയിലെ നിയന്ത്രണമില്ലാത്ത വർധനവിന്റെ ഫലമാണിതെല്ലാം. ഉപഭോക്തൃ ശൈലികളെയും ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നു. അവശ്യവസ്തുക്കൾക്കായി വകതിരിവോടെ ചെലവഴിക്കേണ്ട പണം ഇന്ധനച്ചെലവിലേക്കു മാറ്റി വയ്ക്കേണ്ടി വരുന്നു. സാധാരണ ജനത 2021 മാർച്ചിൽ വരുമാനത്തിന്റെ 61 ശതമാനം ഇന്ധന ചെലവിലേക്ക് ഉപയോഗിച്ചെങ്കിൽ ജൂണിലെ ശരാശരി 75ലേക്ക് ഉയർന്നു.

നിത്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകാതെ പൊതുസമൂഹം ഉഴറുകയാണ്. മൂന്നാം കോവിഡ് തരംഗത്തിന്റെ പടിവാതിക്കൽ നിൽക്കുമ്പോൾ ചികിത്സാ ചെലവുകൾക്കായി പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് എരിതീയിൽ എണ്ണ പകർന്ന ദുരവസ്ഥ. സാധാരണ ജനതയുടെ മാസ ബജറ്റ് കോവിഡ് മഹാമാരിയിൽ കത്തിയമർന്നു. ഇല്ലായ്മയും ദുരിതങ്ങളും ജനതയെ നിരാശയുടെ വക്കിലെത്തിച്ചിരിക്കുന്നു. സാമ്പത്തിക സാമൂഹിക മേഖലയിൽ വരുത്തിയിരിക്കുന്ന അഴിയാക്കുരുക്കുകൾക്ക് ഉത്തരം കണ്ടെത്താനുമാകുന്നില്ല. ഇന്ധനവില വർധനവിലൂടെ എക്സൈസ് ഡ്യൂട്ടി ഇനത്തിൽ കേന്ദ്ര സർക്കാർ 2014–15 കാലയളവിൽ അധികമായി നേടിയത് 72,000 കോടി രൂപയാണ്. 2020–21 കാലയളവിൽ ഇത് മൂന്നൂറു ശതമാനം വർധിക്കുകയും മൂന്നു ലക്ഷം കോടി രൂപ അധികമായി സർക്കാർ കയ്യടക്കുകയും ചെയ്തു. നടപ്പു സാമ്പത്തിക വർഷം നികുതി വരുമാനം നിരന്തരം അധീകരിക്കുകയും ചെയ്യുന്നു. ഇന്ധന വില വർധനവിലൂടെ നികുതി ഇനത്തിൽ മുന്നൂറു ശതമാനം വരുമാന വർധനവുണ്ടാകുമ്പോൾ മൂലധന ചെലവാകട്ടെ 2014­-15 കാലയളവിനേക്കാ­ൾ 10 ശതമാനം കുറഞ്ഞിരിക്കുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ രണ്ടു തരംഗങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ക്ഷതങ്ങൾ വലുതാണ്. കൂടുതൽ കയ്പേറുന്ന അനുഭവങ്ങളുടെ മു­ന്നറിയിപ്പുമായി മൂ­ന്നാം തരംഗം വാതിലി‍ൽ കാത്തുനിൽക്കുന്നു. ഇന്ധന വിലയിലെ കൂടുതൽ വ­ർധനവിന് കേന്ദ്രം ഇ­തും കാരണമാക്കും. എ­ല്ലാറ്റിനും വാ­ക്കാൽ നീതികരണവുമായി കേന്ദ്ര സർക്കാർ വായ് തുറന്നിരിക്കുന്നു.

മൂലധന ചെലവിന് പണം അനിവാര്യമെന്ന് ആവർത്തിക്കുന്നു. ഏപ്രിൽ‑ജൂൺ മാസങ്ങളെ അടിസ്ഥാനമാക്കിയാൽ അടിസ്ഥാന സൗകര്യവികാസത്തിനായുള്ള പൊതുഖജനാവിൽ നിന്നുള്ള ചെലവ് 40 ശതമാനം കുറവാണ്. ജനുവരി-മാർച്ച് മാസത്രയങ്ങളേക്കാൾ അധികവുമാണിത്. പക്ഷെ, മുടക്കങ്ങളില്ലാതെ വലിയ നിർമ്മാണ പദ്ധതികളുമായി മുന്നേറുകയാണെന്നാണ് കേന്ദ്രത്തിന്റെ അവകാശം. 20,000 കോടിയുടെ സെൻട്രൽ വിസ്താ പദ്ധതിയും ഇതിലുൾപ്പെടുന്നു. വൈരുധ്യങ്ങൾ അപരിഹാര്യമായി തുടരുകയാണ്. ആ വ്യത്യാസങ്ങൾ പ്രകടവുമാണ്. പൊതുവായഅടിസ്ഥാന സൗകര്യ വികാസത്തിനുള്ള മുതൽമുടക്ക് എക്കാലങ്ങളിലും കുറഞ്ഞ നിരക്കിലുമാണ്. എല്ലാം സംഭവിക്കുന്നത് ഇന്ധനവില വർധനവിലൂടെ ഒരിക്കലും ഇല്ലാത്തവിധം നികുതി വരുമാനം ഉയർന്നിരിക്കുമ്പോഴാണ്. ഇത്തരം കാര്യങ്ങളിൽ ഒരു ധവളപത്രം പുറപ്പെടുവിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രഭരണകൂടത്തിന് ബാധ്യതയുണ്ട്. പത്തുമണിക്കൂറിലേറെ നീളുന്ന അധ്വാനത്തിനു ശേഷവും സാധാരണ തൊഴിലാളിക്ക് ഇന്ന് ലഭിക്കുന്നത് പാതിയായി വെട്ടിക്കുറച്ച വേതനമാണ്. ഇതിന്റെ സിംഹഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരികയെന്നത് നരകജീവിതമാണ് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ നരകിക്കുന്ന നികുതിദായകന് ഇന്ധനനികുതി ഇനത്തിൽ മാത്രം ശേഖരിച്ച 3.5 ലക്ഷം കോടി രൂപ എങ്ങനെ ചെലവഴിക്കുന്നു എന്ന് കേന്ദ്ര ഭരണകൂടത്തിനോട് ആരായാനും അറിയാനും അവകാശമുണ്ട്. നടപ്പു സാമ്പത്തിക വർഷാവസാനമെങ്കിലും കണക്കുകൾ വ്യക്തമാക്കിയേ മതിയാകൂ. കേന്ദ്രം സമാഹരിക്കുന്ന ഇന്ധന നികുതിയിൽ 65ശതമാനവും സെസ് മാതൃകയിലാണ്. ഇത് സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്ക്കുന്നതുമല്ല. ഇന്ധന നികുതിയും അടിസ്ഥാനസൗകര്യ മൂലധന ചെലവുകളിലും സ്വകാര്യ നിക്ഷേപങ്ങൾ അപ്രസക്തമാണ്. ഇന്ധന നികുതിയും അടിസ്ഥാനസൗകര്യ മൂലധന ചെലവുകളും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്ന ധവള പത്രത്തിന് ഇത് കൂടുതൽ പ്രസക്തിയേകുന്നു. പൊതുചെലവുകളിലൂടെയേ വളർച്ചയും തൊഴിലും ഉറപ്പാക്കാനാകൂ. രാജ്യം സാമ്പത്തിക ദുരവസ്ഥയെ നേരിടുമ്പോൾ അടിസ്ഥാന സൗകര്യ വികാസത്തിനായുള്ള ചെലവുകൾ തൊഴിൽ വർധനവിന് വഴിയൊരുക്കുമെന്നും വരുമാനവും ആവശ്യവും വർധിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നുമുണ്ട്. ദുരിതമനുഭിക്കുന്ന ജനതയ്ക്ക് നേരിട്ട് പണമെത്തിക്കുന്നതല്ല പരിഹാരം എന്നാണ് നിലപാട്. ഇത്തരം നിലപാടുകളുടെ വെളിച്ചത്തിൽ ഇന്ധന നികുതി എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ നികുതി ദായകന് അവകാശം ഊട്ടിയുറപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമാണ് കാര്യങ്ങളെങ്കിൽ വേണ്ടത് ഇത്തരം കണക്കുകളിലെ സുതാര്യതയാണ്.