2018ല്‍ നീലഗിരിയില്‍ 227 റോഡ് അപകടങ്ങള്‍

Web Desk

ഗൂഡല്ലൂര്‍

Posted on January 02, 2019, 7:54 pm

നീലഗിരിയില്‍ 2018ല്‍ 227 റോഡ് അപകടങ്ങള്‍ ഉണ്ടായതായി ജില്ലാ പൊലീസ് സൂപ്രണ്ട് ഷണ്‍മുഖപ്രിയ ഊട്ടിയില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 28 പേര്‍ ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 94 കേസുകളിലായി 40.37 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളുടെ കവര്‍ച്ച ഒരു വര്‍ഷത്തിനിടെ നടന്നു. 93 കേസുകളില്‍ പ്രതികളെ അറസ്റ്റുചെയ്തു. 35,45 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍ പിടിച്ചെടുത്തു.

ജില്ലയില്‍ നടന്ന ആറു കൊലക്കേസുകളിലും പ്രതികളെ നിയമത്തിനു മുന്നില്‍ നിര്‍ത്തി. വിവിധ കുറ്റകൃത്യങ്ങളിലായി ഒമ്പതുപേരെ ഗുണ്ടാനിയമം അനുസരിച്ച് അറസ്റ്റു ചെയ്തു. മദ്യപിച്ച് വാഹനം ഓടിക്കല്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കല്‍, സീറ്റ്‌ബെല്‍റ്റ് അണിയാതെ ഡ്രൈവിംഗ് എന്നിവയുമായി ബന്ധപ്പെട്ടു 21,33,321 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

1.60 കോടി രൂപ പിഴ ഈടാക്കി.കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 675 സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചു. പ്രധാന നഗരങ്ങളിലായി നാലു ഗോപുരങ്ങള്‍ നിര്‍മിച്ചു. ബര്‍ളിയാര്‍, കുഞ്ചപ്പന, നാടുകാണി, പാട്ടവയല്‍ തുടങ്ങി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വാഹനനിരീക്ഷണത്തിനു വേറെയും കാമറകള്‍ സ്ഥാപിച്ചു. മാവോയിസ്റ്റ് ആക്രമണം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.