Saturday
24 Aug 2019

നീലകണ്ഠന് ഇനി നീന്തല്‍ ചികിത്സ

By: Web Desk | Wednesday 17 July 2019 10:47 AM IST


വനം വകുപ്പുമന്ത്രി കെ രാജു നീലകണ്ഠന്‍റെ ചികില്‍സ വിലയിരുത്തി

കാട്ടാക്കട: ശാസ്താംകോട്ട നിവാസികളുടെ പ്രീയപ്പെട്ട കൊമ്പനായ നീലകണ്ഠന് ഇന് കാപ്പുകാട് ഹൈബ്രോ തെറാപ്പി. രോഗബാധിതനായി ഏറെക്കാലം ചങ്ങലയില്‍ കഴിഞ്ഞ നീലകണ്ഠനെ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പാണ് വനംവകുപ്പിനു കൈമാറിയത്. പിന്നാലെ ഇന്നലെ പുലര്‍ച്ചെ കാപ്പുകാട് എത്തിച്ചു ചികിത്സ തുടങ്ങി. ഇന്നലെ വനം മന്ത്രി കെ രാജു നേരിട്ടെത്തി നീലകണ്ഠന്‍റെ ചികില്‍സാകാര്യങ്ങള്‍ അന്വേഷിച്ച് വിലയിരുത്തി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ടയിലെ ശാസ്താക്ഷേത്രത്തിലുള്ള ദേവസ്വം ആനയെ തിരുവനന്തപുരം കോട്ടൂരുള്ള ആന പരിപാലന കേന്ദ്രത്തിലേക്കു മാറ്റിയത്. ആദ്യ ഘട്ടമായി ഇവിടെ 3 മാസം ചികിത്സ നല്‍കും. ഇതിനു ശേഷം അടുത്ത നടപടി തീരുമാനിക്കും.

കാപ്പുകാട്ടെ ചികില്‍സയ്ക്ക് ശേഷം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.ചീഫ് വെറ്റിനറി ഡോക്ടര്‍ ഈശ്വര ന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ആനയെ ജലാശയത്തിലിറക്കി ചികില്‍സ തുടങ്ങി. 26 വയസുള്ള കൊമ്പന് വലത് കൈക്ക് മുറിവുണ്ട്.ഇടത് കൈ നീര് വന്ന് വീര്‍ത്തതോടെ വലത് കൈ നിലത്തുറപ്പിച്ച് മുടന്തിയാണ് ആനനടക്കുന്നത്.ഇതുകൊണ്ടാ ണ് ചങ്ങലയില്‍ ബന്ധിച്ച് ക്ഷേത്ര വളപ്പില്‍ നിര്‍ത്തിയിരുന്നത്.

ഉത്തര്‍പ്രദേശിലെ ആന പുനരധിവാസ കേന്ദ്രത്തിലെത്തിച്ച് ചികില്‍സിക്കണമെന്നായിരുന്നു ആവശ്യം. 2500 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ആനക്ക് സാദ്ധ്യമല്ലെന്ന് കണ്ടെത്തി കോട്ടൂരുള്ള ആന പരിപാലന കേന്ദ്രത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികില്‍സയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.ജലാശയത്തില്‍ നീന്തിപ്പിച്ചാണ് ഹൈബ്രോ തെറാപ്പി ചികില്‍സ നല്‍കുക.നീന്തുമ്പോള്‍ ശരീര ഭാരം തോന്നാത്തതിനാല്‍ മസില്‍സുകളെല്ലാം ശക്തിപെടും.ഇങ്ങനെ പൂര്‍ണ്ണ ആരോഗ്യവാനാക്കാമെന്നാണ് പ്രതീക്ഷ.മുന്‍വശത്തെ ഇടതു കൈ മടക്കാനാവില്ല.കാല്‍പാദം മടങ്ങില്ല.

പുതിയ താവളത്തില്‍ ചങ്ങലയുടെ ബന്ധനമില്ലാതെ സ്വതന്ത്രമായി കഴിയുകയാണ് നീലകണ്ഠന്‍. പാപ്പാന്‍ മനീഷ് ഒപ്പമുണ്ട്.പുതിയ താവളം മനസിലാക്കി പാപ്പാന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നുണ്ട് കുറുമ്പനായ കൊമ്പന്‍.അനവധി ഉല്‍സവങ്ങളിലെ ആകര്‍ഷണമായ നീലകണ്ഠന് അതീവ ശ്രദ്ധയാണ് പരിപാലന കേന്ദ്രത്തില്‍.6 വയസുള്ളപ്പോഴാണ് ക്ഷേത്രത്തില്‍ നടക്കിരുത്തിയത്.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ബി പിള്ള 2003 ഡിസംബര്‍ 25നാണു ശാസ്താവിനു മുന്നില്‍ ആനയെ നടയ്ക്കിരുത്തിയത്. കുറച്ചുനാള്‍ കൊണ്ടു തന്നെ നീലകണ്ഠന്‍ നാട്ടുകാരുടെ ആവേശമായി മാറി. ഉത്സവങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നെങ്കിലും പിന്നീട് മുന്‍വശത്തെ ഇടത്തെ കാലിനുണ്ടായ ക്ഷതവും മുടന്തും ദുരിതജീവിതത്തിലേക്കുള്ള തുടക്കമായി.

neelakantan

കാലുകള്‍ മടക്കാന്‍ പോലും കഴിയാതെ ചങ്ങലക്കെട്ടുകളില്‍പ്പെട്ട് വ്രണങ്ങളുമായി ആനക്കൊട്ടിലില്‍ വര്‍ഷങ്ങളായി ഒറ്റനില്‍പ്പായിരുന്നു. ചികിത്സ ഉറപ്പാക്കുന്നതിനായി മൃഗസ്‌നേഹികളും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്നു പരിശോധന നടത്തിയ മെഡിക്കല്‍ സംഘം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും അധികൃതര്‍ പേരിനു ചികിത്സ നടത്തിയ ശേഷം കയ്യൊഴിഞ്ഞതായി പരാതി ഉയര്‍ന്നു.

ഇതോടെയാണു മൃഗസ്‌നേഹികള്‍ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൊണ്ടുപോകണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ആനയെ ഈ അവസ്ഥയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നു നിരീക്ഷിച്ച കോടതി കോട്ടൂരിലെ പരിപാലന കേന്ദ്രത്തില്‍ വെച്ച് ചികിത്സ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

YOU MAY LIKE THIS VIDEO ALSO