Web Desk

ന്യൂഡല്‍ഹി

January 30, 2020, 11:16 am

നീരജ് ചോപ്രയ്ക്ക് ഒളിമ്പിക് യോഗ്യത

Janayugom Online

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന അത്‍ലറ്റിക്സ് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റില്‍ 87.86 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എത്തിച്ചാണ് നീരജ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്. മീറ്റ് അംഗീകാരമുള്ളതാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഫെഡറേഷന്‍ അറിയിച്ചതായി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്ഥിരീകരിച്ചു.

പരുക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയ നീരജ് പങ്കെടുത്ത ആദ്യ ഇവന്റിലൂടെ തന്നെ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. കൈമുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് കുറച്ച്‌ നാളായി കളിക്കളത്തില്‍നിന്ന് വിട്ടു നിന്ന നീരജ് ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു 88.06 മീറ്റര്‍ ദൂരം കണ്ടെത്തി ദേശീയ റെക്കോര്‍ഡോടെ നീരജ് സ്വര്‍ണം നേടിയത്. ഇത്തവണ നാല് ശ്രമത്തിലും നീരജ് ആധിപത്യം തുടര്‍ന്നു. ആദ്യ ശ്രമത്തില്‍ത്തന്നെ 81.63 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്ര തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ 82 മീറ്ററും മൂന്നാം ശ്രമത്തില്‍ 82.57 മീറ്ററും പിന്നിട്ടു. നാലാം ശ്രമത്തിലാണ് ഒളിംപിക്സ് യോഗ്യതാ മാര്‍ക്ക് പിന്നിട്ടത്. ആകെ അഞ്ച് മത്സരാര്‍ഥികളാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കാനുണ്ടായിരുന്നത്. 77.61 മീറ്റര്‍ ദൂരമെറിഞ്ഞ ഇന്ത്യയുടെ തന്നെ രോഹിത് യാദവ് രണ്ടാം സ്ഥാനത്തെത്തി. ശേഷിക്കുന്ന മൂന്നു താരങ്ങളും ഫ്രാന്‍സില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് 70 മീറ്റര്‍പോലും കണ്ടെത്താനായില്ല. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.

Eng­lish Sum­ma­ry : Neer­aj Chopra qual­i­fies for Tokyo Olympics

YOU MAY ALSO LIKE THIS VIDEO