നീരവ് മോഡി അറസ്റ്റില്‍

Web Desk
Posted on March 20, 2019, 3:04 pm

നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. പ്രമുഖ വജ്ര വ്യാപാരിയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയുമായ നീരവ് മോഡി ലണ്ടനില്‍ അറസ്റ്റിലായി. ഇന്ന് തന്നെ നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് മോഡി അറസ്റ്റിലാവുന്നത്. നീരവ് മോഡിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി.കഴിഞ്ഞ ദിവസം ലണ്ടന്‍ കോടതി നീരവ് മോഡിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോഡി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നീരവ് മോഡിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോഡിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോഡിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടിരുന്നു.