നീരവ് മോദി ന്യൂയോര്‍ക്കിൽ ;3000 കോടിയുടെ കൂടി തട്ടിപ്പ് പുറത്ത്

Web Desk
Posted on February 16, 2018, 12:40 pm

നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. 3000 കോടിയുടെ കൂടി തട്ടിപ്പ് പുറത്തുവന്നു. നീരവിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍ പോളിന്റെ സഹായം തേടി. അതേ സമയം കുടൂതല്‍ ബാങ്കുകള്‍ തട്ടിപ്പിനിരയായി.

നീരവ് മോദിയുടെ മുബൈയിലെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍ഡ് പരിശോധന തുടരുന്നു. നീരവിനും മെഹുല്‍ ചൗക്സിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 8 ജീവനക്കാരെക്കൂടി സസ്പെന്‍ഡ് ചെയ്തു.

എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 3000കോടി രൂപയുടെ കൂടി തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ തട്ടിപ്പ് നടത്തിയ തുക 14000 കോടിയായി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമ്മതപത്രം ഹാജരാക്കിയാണ് മറ്റ് ബാങ്കുകളിലും നീരവ് മോദി തട്ടിപ്പ് നടത്തിയത്. നീരവ് മോദിയുടെ മുംബൈയിലെ സ്ഥാപനങ്ങളില്‍ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു.

ഇന്നലെ നടത്തിയ പരിശോധനയില്‍ 5100 കോടി രൂപ വിലവരുന്ന വജ്രാഭരണങ്ങളും സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ വര്‍ഷം നോട്ട് അസാധുവാക്കിയപ്പോള്‍ നീരവിന്റെ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായും അന്വേഷണം ഏജന്‍സികള്‍ കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നേ രാജ്യം വിട്ട നീരവിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. ഒരാഴ്ചക്കുളളില്‍ ഹാജരാവാനാവശ്യപ്പെട്ട് നീരവിനും മെഹുല്‍ ചൗക്സിക്കുമെതിരെ എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് നോട്ടീസ് പുറപ്പെടുവിച്ചു.

അതിനിടയില്‍ നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മാന്‍ഹട്ടനിലെ അപ്പാര്‍ട്ട്മെന്‍ഡിലാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പ് നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയ നടപടി പഞ്ചാബ് ബാങ്കിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. വിവിധ ബാങ്കുകള്‍ പഞ്ചാബ് ബാങ്കിനെതിരെ റിസര്‍വ്‌  ബാങ്കിനു പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കിലെ 8 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇതോടെ 18 ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തത്.