ട്രെയിന്‍ വൈകി, അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് നീറ്റ് എഴുതാനായില്ല

Web Desk
Posted on May 05, 2019, 9:47 pm

ബംഗളൂരു: ട്രെയിന്‍ ആറു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ അഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പരീക്ഷാ ഹാളില്‍ 1.30നാണ് വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നോര്‍ത്ത് കര്‍ണാടക ബംഗളൂരു ഹംപി എക്‌സ്പ്രസ് (16591) എത്തിയത് 2.30ന്. കൃത്യസമയത്ത് പരീക്ഷക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.

Neet exam

രാജ്യത്താകെ 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ട്രെയിന്‍ വൈകിയ സാഹചര്യം ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സന്ദേശം അയച്ചു.
അതേസമയം, കൃത്യ സമയത്ത് ട്രെയിന്‍ എത്താത്ത സംഭവം കേന്ദ്രസര്‍ക്കാറിന്റെയും റയില്‍വേ മന്ത്രാലയത്തിന്റെയും പരാജയമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.

Neet exam
ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. നിങ്ങളുടെ മന്ത്രാലയത്തിന്റെ കഴിവില്ലായ്മയാണിത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സിദ്ധരാമയ്യ ചോദിച്ചു.
ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷക്ക് അവസരം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

NEET Exam