22 July 2024, Monday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 8, 2024
July 8, 2024
July 7, 2024
July 5, 2024
July 2, 2024

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; എന്‍ടിഎ പ്രതിരോധത്തില്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
June 20, 2024 9:58 pm

നീറ്റ് യുജി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായന്ന വെളിപ്പെടുത്തലുമായി ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ദേശീയ ഉന്നത വിദ്യാഭ്യാസ പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എടിഎ) വിശ്വാസ്യത ചോദ്യചിഹ്നമാകുന്നു. സിബിഐ അന്വേഷണത്തില്‍ ബിഹാറിലെ ഐഎഎസ് പ്രാതിനിധ്യവും പരീക്ഷാ വിജയവും ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമെങ്കിലും രാജ്യത്തെ ഐഎഎസുകാരുടെ പട്ടികയില്‍ വിദ്യാഭ്യാസ നിലവാരത്തിനപ്പുറം നില്‍ക്കുന്ന നിലവാരമാണ് ബിഹാറില്‍ നിന്നുള്ളത്. നീറ്റ് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിഹാറുകാരുടെ മേല്‍ക്കെെ പരിശോധിക്കപ്പെടുന്ന പക്ഷം ഇക്കാര്യത്തിലും പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നീറ്റുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണ പരിധി ഇത്തരത്തില്‍ വ്യാപകമായാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന രഹസ്യ വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.

ഇതിനിടെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുകയാണ്. കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വസതിക്കു മുന്നിലും കേന്ദ്ര വിദ്യാഭ്യസ മന്ത്രലയത്തിനു മുന്നിലും പ്രതിഷേധിച്ച രണ്ടു ഡസനോളം വിദ്യാര്‍ത്ഥി പ്രക്ഷോഭകരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കക്ഷി രാഷ്ട്രീയവ്യത്യാസമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തത്. എന്‍ടിഎ ഉപേക്ഷിക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംയുക്ത വിദ്യാര്‍ത്ഥി പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേട് ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭക്ഷങ്ങള്‍ വരുംദിനങ്ങളില്‍ രാജ്യ വ്യാപകമായി കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ മോഡി സര്‍ക്കാര്‍ വെട്ടിലാകും. വിഷയം പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ ആദ്യ പാര്‍ലമെന്റ് സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് വിലയിരുത്തല്‍.

യുജിസി നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലിലാണ് പരീക്ഷ റദ്ദാക്കാന്‍ മന്ത്രാലയം ഉത്തരവിറക്കിയത്. നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് പിന്‍വലിക്കാനും ഇവര്‍ക്കായി പുനഃപരീക്ഷ നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജൂലൈ എട്ടിനാണ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുക.

എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ‌ലാത്തിച്ചാര്‍ജ്

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാജിദ്, എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗം അലന്‍ പോള്‍ വര്‍ഗീസ്, ജെഎന്‍യു യൂണിറ്റ് സെക്രട്ടറി വിവേക് രഞ്ചൻ, ശുഭം കുമാര്‍, മൗസീന മുഹമ്മദ്‌, ആദിത്യൻ എം എ, അഞ്ജന സുകുമാരൻ, അമീലിയ ആൻ വർഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
ക്രമക്കേട് സംബന്ധിച്ച് വിദഗ്ധാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകരെയാണ് പൊലീസ് നേരിട്ടത്. പരിക്കേറ്റവരുള്‍പ്പെടെ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.
വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ട ഡല്‍ഹി പൊലീസ് നടപടിയില്‍ എഐഎസ്എഫ് ജനറല്‍ സെക്രട്ടറി ദിനേശ് ശ്രീരംഗനാഥ് പ്രതിഷേധിച്ചു.

Eng­lish Summary:NEET ques­tion paper leak revealed; In defense of NTA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.