Web Desk

December 13, 2019, 10:15 pm

നീതിപീഠത്തിന്റെ കണ്ണുകൾ

Janayugom Online

രാജ്യം സ്‌ഫോടനാത്മകമായ അവസ്ഥയിലൂടെയാണ് കടന്നുപോകു­ന്നതെ­ന്ന് പരമോന്നത നീതിപീഠം നിരീക്ഷിച്ചിരിക്കുന്നു. ഇത്തരം ഒരവസര­ത്തി­ല്‍ പ്രതി­സന്ധി വർധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെ­ന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട ഹർജികള്‍ മാറ്റി­വച്ചുകൊ­ണ്ട് ചീഫ് ജസ്റ്റി­സ് പറഞ്ഞത്. നീതിപീഠത്തിന്റെ ആ കാഴ്ച ഭരണ­കൂടത്തിന് ഇല്ലാതെ പോയതാണ് മതേതര ഇന്ത്യയുടെ ദുര്യോഗം. ഇന്ത്യയെ ശിഥിലമാക്കി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന സംഘപ­രിവാർ അജണ്ട രണ്ടാം നരേന്ദ്രമോഡി സർക്കാർ അതിവേഗം നടപ്പാക്കുന്നത് ഗൗരവത്തോ­ടെയാണ് സുപ്രീം കോടതി വിലയിരു­ത്തിയിട്ടുള്ളത് എന്നുവേണം കരുതാൻ.

ഒരുപക്ഷെ വിവിധ സംസ്ഥാ­നങ്ങളിലെ ജനാധിപത്യ സർക്കാരുകളും മതേതരത്വത്തിൽ വിശ്വസി­ക്കുന്ന രാഷ്ട്രീയ കക്ഷികളും പൗരത്വ ബില്ലിനെ നിയമപരമായി നേരിടാനൊരുങ്ങുമ്പോള്‍ സുപ്രീം കോടതിയുടെ ഈ നിലപാട് പ്രതീക്ഷയാണ് നൽകുന്നത്. പൗരത്വ ബില്ലിനെച്ചൊല്ലിയുള്ള പ്രതിസന്ധികൾ മാത്രമല്ല, കോട­തിയുടെ കണ്ണില്‍. അധികാരത്തി­ലേറി­യതുമുതൽ ജനാധിപത്യ വി­രു­ദ്ധമായി പാസാക്കിയെടുത്ത ബില്ലുകളും ഭരണഘടനാ ഭേദഗ­തി­കളും നടപ്പിൽവരുത്തിയ നിയമങ്ങളും രണ്ടാം മോഡി സർക്കാരിന്റെ വൈകല്യമായിട്ടാവില്ല കോടതി കാണുന്നത്. മറിച്ച് രാജ്യത്തെ ജ­ന­ങ്ങളെയാകെ ബാധിക്കുന്ന പരമപ്രധാന പ്രശ്നങ്ങളായിട്ടാവും. ലോ­ക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്താകെ അശാന്തി തുടരുക­യാണ്. കശ്മീരും ബാബറി മസ്ജിദും പൗരത്വ ബില്ലും ഒന്നിനുപിറകെ ഒന്നായി വരുന്നത് ഇന്ത്യയുടെ മതേതരത്വ മഹത്വത്തെ തകര്‍ത്തു­കൊണ്ടാണ്.

കശ്മീര്‍ ഇനിയും ശാന്തമല്ല. ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തിന് ഒരു നയം നടപ്പിലാക്കാൻ ജനങ്ങളെയും ജനനേതാ­ക്കളെയും തുറങ്കിലടച്ചുവേണം എന്ന ലജ്ജിപ്പിക്കുന്ന അവസ്ഥയാണ് കശ്മീർ കാണിച്ചത്. തുറങ്കിലടയ്ക്കപ്പെട്ടവർക്ക് മോചനം നൽകാന്‍ പോലും നരേന്ദ്രമോഡി ഭരണകൂടത്തിന് നെഞ്ചുറപ്പില്ല താനും. തട­ങ്കലിലാക്കപ്പെട്ടവരുടെ ജീവിതം നാൾക്കുനാൾ സങ്കീർണമാണ്. പലരും അല്പപ്രാ­ണനുമാ­യാണ് കഴിഞ്ഞുകൂടുന്നത്. തടങ്കലില്‍ കഴിയു­ന്ന ഫാ­റൂ­ഖ് അബ്ദുല്ലയെ ഉ­ചിത­മായ സമയത്ത് മോ­­ചി­പ്പിക്കുമെന്നാണ് കേ­ന്ദ്ര ആഭ്യന്തര മന്ത്രി അമി­ത്­ഷാ ഇക്കഴിഞ്ഞ ദിവ­സം രാജ്യസഭയിൽ പറ­ഞ്ഞ­ത്. കശ്മീ­രി­ലെ സ്ഥി­തി സാധാരണ നില­യി­ലാ­­ണെന്നാണ് അ­മി­ത്­ഷാ ആവര്‍ത്തി­ക്കു­ന്ന­ത്. സാ­ധാരണക്കാര്‍ ഇന്നും ഇവി­ടെ ഭീതിയോടെ­യാ­ണ് ക­ഴിയുന്നത്. അടിച്ചമ­ർ­ത്ത­പ്പെട്ട ജനതയുടെ ജീ­വിതം വിവരിക്കാനാവുന്നതല്ല.

ഏതുനി­മി­ഷവും എ­ന്തും സം­ഭവി­ക്കാം. സമാന അവസ്ഥയാണ് ഇന്ന് ലോകം അതി­ശയ­ത്തോടെ നോക്കിക്കാ­ണു­ന്ന ഇന്ത്യ­യിലെ പൗരത്വ ഭേദഗതി നിയമം സൃഷ്ടി­ച്ചി­രി­ക്കുന്നത്. അസം, മേ­ഘാ­ലയ ഉൾ­പ്പെ­ടെ വടക്കു­കിഴക്കൻ സം­സ്ഥാ­നങ്ങ­ളിൽ ജന­ങ്ങ­ൾ തെരുവി­ലാ­ണ്. നി­യ­­ന്ത്രിക്കാ­നാ­വാ­ത്ത വി­ധം കലുഷി­ത­മായ കലാ­പാ­ന്തരീക്ഷം. കേന്ദ്ര ആഭ്യന്തര­മ­ന്ത്രി അമിത് ഷാ മേഘാല­യയിലെ ഷില്ലോങ്ങിലേക്ക് നിശ്ച­യിച്ച തന്റെ യാത്ര റദ്ദാക്കിയത് ശ­ക്തമായ പ്രതിഷേധത്തെ തുടർന്നാണ്. ത­മി­ഴ്‌നാട്ടിലും പ്ര­തിസ­ന്ധി­­കൾ ഉടലെ­ടു­ത്തി­ട്ടുണ്ട്. ശ്രീലങ്കൻ അഭ­യാര്‍ഥികൾ തങ്ങുന്ന തമിഴ്‌നാടിനെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. പൗ­ര­ത്വ ഭേദ­ഗ­തി നിയമം നടപ്പിലാക്കില്ലെന്നു പറ­യാ­­ന്‍ സം­­സ്ഥാ­ന­ങ്ങ­ള്‍ക്ക് അധികാരമില്ലെന്ന കേന്ദ്ര ആഭ്യന്തര­മ­ന്ത്രാ­ലയത്തിന്റെ നിലപാട് ഭീഷണിയാണെന്നു തോന്നുന്നതിൽ അതി­ശയമില്ല. കേ­രളം, പ­ഞ്ചാബ് സംസ്ഥാന­ങ്ങ­­ളാണ് കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി നേരത്തെ ഈ നിലപാ­ടെടുത്തെങ്കിലും പിന്നീടതിൽ മാറ്റം വരുത്തി. കേരളം പക്ഷെ, ഭരണ‑പ്രതിപക്ഷം യോജിച്ച പ്രക്ഷോഭത്തിന് തീ­രുമാനവുമെടുത്തിരി­ക്കു­കയാണ്. ഇ­ന്ത്യയെ മ­താടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹ­മാണ് കേന്ദ്ര ഗവ­ണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാ­ര്‍­ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരള­മു­ൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. കശ്മീ­രി­ലേ­തിനു സമാനമായി ജ­ന­നേതാ­ക്ക­­ളെയും ഭരണാ­ധികാരി­കളെയും തുറങ്കിലടച്ചും നിയമം നടപ്പി­ലാ­ക്കുമെന്ന ഭീഷണിയാണ് ബിജെപി നേ­താക്കളിൽ നിന്ന് കൂടെക്കൂടെ ഉണ്ടാവുന്നത്.

ബിജെപിയും ആർഎസ്എസും ഇക്കാ­ര്യ­ത്തിൽ കാ­ണിക്കുന്ന തിടുക്കവും അസ്വ­ഭാവികതയും സുപ്രീം കോടതി നിരീ­ക്ഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രതിസന്ധിയും രാജ്യത്തെ സ്ഫോടനാത്മകത നിലനിർത്തുന്നുണ്ട്. മാന്ദ്യത്താൽ രാജ്യത്തെ സമസ്ത മേഖലയിലും തൊഴില്‍ പ്രതിസന്ധി നിലനിൽക്കുന്നു. ഗുരു­തരമായ തലത്തിലേക്ക് വികസനവും നീങ്ങുന്നു. ഇതെല്ലാം സുപ്രീം കോടതിയുടെ കണ്ണിലും ഉടക്കിയിരിക്കുകയാണ്. ഇത്തരമൊരു അ­വസ്ഥയിൽ രാജ്യത്തെ കൂടുതൾ പ്രതിസന്ധിയിലാക്കാൻ വഴി­യൊ­രുക്കുന്ന നടപടികളിലേക്ക് കോ­ടതി കടക്കില്ലെന്ന് ശബരിമല വി­ഷയത്തിൽ ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത് ആശ്വാസ­മേകുന്നു. സ­മാധാനത്തോടൊപ്പം മതേതരത്വവും ജനാധിപത്യവും നിലനിൽക്കണം