റവ: ഫാ: ഡോ. യബ്ബേസ് പീറ്റര്‍ ചൈൽഡ് സെക്യാട്രിസ്റ്റ്

March 09, 2020, 6:10 am

വഴി തെറ്റിക്കുന്ന ഉപകരണങ്ങൾ

Janayugom Online

ഇന്റർനെറ്റും മൊബൈൽഫോണും ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ പഠിക്കുന്ന കുട്ടികൾക്ക് മൊബൈൽഫോണിന്റെ ആവശ്യമില്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് മൊബൈൽ ഫോണിനെ കാണുന്നത്. എന്നാൽ, കുട്ടികളെ നാശത്തിലേക്കു മാതാപിതാക്കൾ തന്നെ തള്ളിവിടുന്ന വഴിയാണിത്. കാരണം, ഇന്ന് സമൂഹത്തിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളിലും മൊബൈൽ ഫോണും പ്രതിസ്ഥാനത്തുണ്ടെന്ന് അറിയുക. അതുകൊണ്ട് വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും മൊബൈൽഫോൺ വാങ്ങിക്കൊടുക്കരുത്. അധികം സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇടപഴകാൻ അവസരം ഇല്ലാതെയാണ് ഇന്നത്തെ കുട്ടികൾ വളർന്നു വരുന്നത്.

പത്തു വയസ്സു മുതൽ ഇരുപതു വയസ്സുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികൾ ജീവിക്കുന്നത്. സങ്കൽപ്പമേത്, യാഥാർഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്ക് ഇല്ല. ഇവ കാരണം മൊബൈൽഫോണിലും ഇന്റർനെറ്റിലും ഏറെ സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ കൂടുന്നു. സുഹൃത്തുക്കളുടെ പ്രേരണയുടെ ഫലമായിട്ടാണ് മിക്ക കുട്ടികളും ആദ്യം അശ്ലീലസൈറ്റുകൾ സന്ദർശിക്കുന്നത്. ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇതിനു വഴിതെളിക്കും. പിന്നീടിത് പതിവാകുകയും ക്രമേണ അതിന് അടിമയാവുകയും ചെയ്യും. അശ്ലീലസൈറ്റുകൾ പതിവായി കാണുന്ന കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ വരെ സംഭവിക്കാം.

വീട്ടിൽ ഏർപ്പെടുത്തുന്ന ചില നിയന്ത്രണങ്ങൾ മാത്രമാണ് ഇതിനൊരു പോംവഴി. താഴെ പറയുന്നകാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക. പഠിക്കുന്ന സമയത്ത് മൊബൈൽഫോൺ കൊണ്ട് യാതൊരു പ്രയോജനവും കുട്ടികൾക്കുണ്ടാകുന്നില്ല. അതുകൊണ്ട് മൊബൈൽഫോൺ കൊടുക്കാതിരിക്കുക. ഇന്റർനെറ്റ് ഉപഭോഗം പരമാവധി പരിമിതപ്പെടുത്തുക. അൺലിമിറ്റഡ് കണക്ഷനുകൾ വേണ്ടെന്നു വയ്ക്കുക. കംപ്യൂട്ടർ വീട്ടിൽ സ്വകാര്യമായി വയ്ക്കാതെ പൊതു സ്ഥലത്ത് സൂക്ഷിക്കുക. അശ്ലീലസൈറ്റുകൾ ബ്ലോക്ക് ചെയ്യുക.

വീട്ടിൽ നിന്നും പുറത്തുപോകുന്ന കുട്ടികളുടെ പ്രവൃത്തികൾ നിരീക്ഷിക്കുക. കൂട്ടുകാരെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കൾ അറിയുക. ബിസിനസിൽ പ്രധാനപ്പെട്ട ഒരു വാക്കാണ് ടാർഗറ്റ്. ബിസിനസ് മേഖലയിൽ ജോലിചെയ്യുന്നവർക്കെല്ലാം ഒരു ടാർഗറ്റ് ഉണ്ടായിരിക്കും. ബോധപൂർവ്വം നൽകുന്ന വ്യക്തമായ ലക്ഷ്യ ബോധമാണ് ടാർഗറ്റ്. ഇതേ പോലെ വിദ്യാർഥികൾക്കും ടാർഗറ്റ് വേണം. തങ്ങളുടെ അഭിരുചി അനുസരിച്ചുള്ള ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഠിനമായി പരിശ്രമിക്കും എന്ന പ്രതിജ്ഞ വിജയത്തിലേക്കുള്ള വഴികാട്ടിയാവും. വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുന്ന വിദ്യാർഥിയെ മറ്റ് അനാവശ്യ ചിന്തകൾ അലട്ടാറില്ല. (തുടരും)