പ്രളയബാധിതര്‍ക്ക് റേഷന്‍ ഇളവ് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

Web Desk
Posted on September 02, 2019, 10:42 pm

തിരുവനന്തപുരം: ഇക്കഴിഞ്ഞ പ്രളയത്തിന് എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് നല്‍കാനായി കേന്ദ്രം കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രളയ ബാധിതര്‍ക്ക് സൗജന്യമായി അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ കിലോയ്ക്ക് 26 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രം അറിയിച്ചു.
പ്രളയ ദുരന്തത്തിനിടയിലും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാന ഖജനാവില്‍ നിന്നും പണം ആവശ്യപ്പെട്ട നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയുമായി ഇന്ന് ഡല്‍ഹിയില്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ കൂടിക്കാഴ്ച നടത്തും.
കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് മറുപടിയില്‍ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് മന്ത്രി ആവശ്യപ്പെടും. സംസ്ഥാനം വിതരണത്തിനായി എടുത്തുവച്ചിരുന്ന അരിയില്‍ നിന്നാണ് പ്രളയകാലത്ത് സൗജന്യ അരി വിതരണം ചെയ്തത്. എഫ്‌സിഐ ഗോഡൗണുകളില്‍ മിച്ചമുള്ള അരി കേരളത്തിന് സൗജന്യമായി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെടും.
2018ലെ പ്രളയകാലത്ത് കേരളത്തിന് സാജന്യമായി നല്‍കിയ അരിക്ക് വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. അരി വിലയായി 223.87 കോടി രൂപ നല്‍കണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യവകുപ്പ് കേരളത്തെ അറിയിച്ചത്. കേന്ദ്രസഹായമായി ഒരു ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ 89,549 ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്രസഹായമുള്ളതിനാല്‍ അരിവില ഉയരില്ലെന്ന നേട്ടവും സംസ്ഥാനം കണ്ടിരുന്നു. ഇതിനിടെയാണ് അരിവിലയും ഗതാഗതചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവെത്തിയത്.
കിലോയ്ക്ക് 25 രൂപ നിരക്കിലാണ് കേന്ദ്രം അന്ന് കേരളത്തിന് അരി നല്‍കിയത്. പണം പിന്നീട് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇല്ലെങ്കില്‍ കേന്ദ്രസഹായത്തില്‍ നിന്ന് തുക ഈടാക്കുമെന്ന ഭീഷണിയും വന്നു. പ്രളയത്തില്‍ പലയിടത്തും രണ്ടു മാസത്തിലേറെക്കാലം അരി സൗജന്യമായിരുന്നു. മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം ലഭിച്ചിരുന്നു. പ്രളയ സഹായമായി കേന്ദ്രം തന്ന അരി മുഴുവന്‍ സൗജന്യമായി വിതരണം ചെയ്തു. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം നല്‍കിയ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം ഈടാക്കിയിരുന്നില്ല. പക്ഷെ കേരളത്തില്‍ നിന്ന് പണം ഈടാക്കുകയും ചെയ്തു.