Web Desk

November 30, 2021, 4:38 am

കേരളത്തോടുള്ള അവഗണന ഫെഡറല്‍ തത്വങ്ങളുടെ നിഷേധം

Janayugom Online

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പുറത്തുവന്ന മനുഷ്യ വികസന സൂചികകളില്‍ മിക്ക ഘടകങ്ങളിലും കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തില്‍ അസൂയാര്‍ഹമാം വിധം മികവു പുലര്‍ത്തുന്നു. മാത്രമല്ല ലോകത്തെ മിക്ക വികസിത രാജ്യങ്ങള്‍ക്കും ഒപ്പമാണ് സംസ്ഥാനത്തിന്റെ സ്ഥാനം എന്നും പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ ഈ നേട്ടങ്ങളുടെ അടിസ്ഥാനം ബാഹ്യ ഘടകങ്ങളേക്കാള്‍ ഏറെ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റമാണെന്നത് അനിഷേധ്യ വസ്തുതയാണ്. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അവിഭാജ്യഘടകമായ കേരളത്തിന് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകാലം രാജ്യഭരണം കയ്യാളിയിരുന്നവരില്‍ നിന്നും വിഭവ വിഹിതത്തിന്റെ കാര്യത്തില്‍ നീതിപൂര്‍വവും അര്‍ഹവുമായ പരിഗണന ലഭിച്ചിരുന്നു എങ്കില്‍ സംസ്ഥാനത്തിന്റെ മനുഷ്യ വികാസ സൂചിക ഇന്നുള്ളതില്‍ നിന്നും എത്രയോ ഉയരത്തില്‍ ആയിരിക്കുമെന്നത് എടുത്തുപറയേണ്ടതില്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന അര്‍ഹമായ വിഭവശേഷി പിന്തുണ നിരന്തരം നിഷേധിക്കപ്പെട്ടു, അഥവാ രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനം തുടര്‍ച്ചയായി അവഗണിക്കപ്പെട്ടു എന്നതാണ് സംസ്ഥാനത്തിന്റെ വ്യാവസായിക, അടിസ്ഥാന സൗകര്യ, പിന്നാക്കാവസ്ഥയ്ക്ക് മുഖ്യ കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകം പിന്നിടുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരള സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടം ഉണ്ടാക്കിയിരുന്നു.

 


ഇതുകൂടി വായിക്കൂ: കേന്ദ്ര അവഗണനയ്ക്കിടയിലും രാജ്യത്തിനു നേട്ടമുണ്ടാക്കി കർഷകർ


 

ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ പ്രക്രിയയേയും അട്ടിമറിച്ച് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ സ്വാധീനത്തില്‍ നിന്നും വിമോചിപ്പിക്കാന്‍ നടത്തിയ യാതൊരു ശ്രമത്തിനും സ്ഥായിയായ വിജയം കൈവരിക്കാനായില്ല. മാത്രമല്ല, അത്തരം വെല്ലുവിളികളെ ഓരോന്നിനെയും അതിജീവിച്ച് വര്‍ധിത ജനപിന്തുണയോടെ ജനജീവിതത്തിന്റെ നേതൃസ്ഥാനത്ത് നിലയുറപ്പിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. ഒരു ജനതയുടെ രാഷ്ട്രീയ അഭിപ്രായ സ്ഥിരതയുടെയും നിലപാടിന്റെയും അടിസ്ഥാനത്തില്‍ വികസനരംഗത്ത് അവഗണനയും വിവേചനവും നേരിടേണ്ടിവരുന്നതിന്റെ ഉദാഹരണമാണ് കേരളം. വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി സംസ്ഥാനം ദശകങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് തികഞ്ഞ അവഗണനയും കുറ്റകരമായ വിവേചനവുമാണ് മാറിമാറി വന്ന കേന്ദ്ര ഭരണകൂടങ്ങള്‍ തുടര്‍ന്നുവരുന്നത്. കേരളത്തിന്റെ റയില്‍ വികസനരംഗത്തെ ശോചനീയാവസ്ഥ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റയില്‍വെ യാത്രാ സേവനരംഗത്ത് പ്രകടമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വേഗതയിലും പാതയിലും ട്രാക്ഷനിലും സിഗ്നല്‍ സംവിധാനത്തിലും സ്റ്റേഷനടക്കമുള്ള യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിലും സേവനത്തിലും വന്ന പുരോഗതി ഇപ്പോഴും കേരളത്തിന് അന്യമായി തുടരുന്നു. പാത ഇരട്ടിപ്പിക്കല്‍, 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന എല്‍ബിഎച്ച് കോച്ചുകള്‍ തുടങ്ങിയവ സംസ്ഥാനത്തിന് നിഷേധിക്കപ്പെടുന്നു. ശബരി പാതയടക്കം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ വനരോദനമായി തുടരുന്നു.

 


ഇതുകൂടി വായിക്കൂ: ധീരദേശാഭിമാനികളോട് കേന്ദ്രസര്‍ക്കാരിന്റെ അവഗണന


 

കേരളത്തിലെ ട്രെയിന്‍‍ ഗതാഗതത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിന് അനിവാര്യമായ പരിഷ്കാരങ്ങളാണ് ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്നത്. അയല്‍ സംസ്ഥനങ്ങളുടെ പാത വികസനം, പാതനീട്ടല്‍, യാത്രാ കോച്ചുകളുടെ മികവ് തുടങ്ങി സമസ്ത മേഖലകളിലും പ്രകടമായ പുരോഗതി ഉണ്ടായിട്ടും കേരളത്തിന് അവ നിഷേധിക്കപ്പെടുന്നതിന് മതിയായ യാതൊരു ന്യായീകരണവും ഇല്ല. നിലവില്‍ റയില്‍വേയുടെ കൈവശമുള്ള സ്ഥലം ഉപയോഗിച്ച് നിര്‍വഹിക്കാവുന്ന വികസനം സ്ഥലം ഏറ്റെടുക്കുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടി നിഷേധിക്കുന്നത് ബന്ധപ്പെട്ടവര്‍ പിന്തുടരുന്ന അവഗണനയ്ക്കും വിവേചനത്തിനും ന്യായീകരണം കണ്ടെത്തല്‍‍ മാത്രമാണ്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന റയില്‍ വികസന കാര്യത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. സംസ്ഥാനം നിരന്തരമായി ഉന്നയിച്ചുപോന്ന എയിംസ്, ഐഐടി, കോച്ച് നിര്‍മ്മാണ ഫാക്ടറി തുടങ്ങി എല്ലാ അടിസ്ഥാന വികസന ആവശ്യത്തോടും പുറംതിരിഞ്ഞു നില്ക്കുന്ന കേന്ദ്ര നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. ഇരുപത് എംപിമാരെ മാത്രം തെരഞ്ഞെടുത്തയയ്ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ സ്ഥാനം നിര്‍ണായകമല്ലെന്ന ധാരണയാണ് ആ അവഗണനയുടെയും വിവേചനത്തിന്റെയും ഉറവിടം. അതാവട്ടെ രാഷ്ട്രത്തിന്റെ ഫെഡറല്‍ ജനാധിപത്യ സങ്കല്പങ്ങളുടെ നഗ്നമായ നിഷേധമല്ലാതെ മറ്റൊന്നുമല്ല. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി തീവ്ര പോരാട്ടങ്ങള്‍ക്ക് കേരളത്തെ നിര്‍ബന്ധിതമാക്കുകയാണ് കേന്ദ്ര ഭരണകൂടം.

 

You may also like this video;