28 March 2024, Thursday

നെഹ്രു-ഒരു പുനര്‍വായന

പി എ വാസുദേവൻ
കാഴ്ച
October 29, 2022 4:45 am

റ്റൊരു നെഹ്രുജയന്തി വരുന്നു. ഒരു വ്യക്തിയെ ആദ്യം അന്വേഷിക്കേണ്ടത് അദ്ദേഹത്തിന്റെ ജെെവസാഹചര്യത്തിലാണെന്നാണ് ചരിത്രപാഠം. കാലം കഴിയുമ്പോള്‍ അവരുടെ പ്രസക്തി പലതരത്തിലും വ്യാഖ്യാനിക്കപ്പെടുമ്പോഴും ആ വ്യക്തിയിലേക്ക് ചിലത് കൂട്ടാനും കുറയ്ക്കാനുമുണ്ടാവും. അത് മാറിയകാലത്തിന്റെ വ്യാഖ്യാന മികവോ, പിഴവോ ആവാം. പക്ഷെ ഒരു സമ്പൂര്‍ണ വ്യക്തിനിരാസത്തിന് മുതിരുന്നത് ഏകപക്ഷീയവും, അപക്വവുമാണ്. കേന്ദ്രത്തിലെ സര്‍ക്കാരിന്റെ സെെദ്ധാന്തികവും പ്രായോഗികവുമായ നെഹ്രു നിരാസത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഒരഖിലേന്ത്യാ സാംസ്കാരിക, രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത ഇന്നത്തെ ദേശീയ ഭരണപാര്‍ട്ടി എത്രതന്നെ നിഷേധിച്ചാലും മായാത്ത വ്യക്തിത്വം ജവഹര്‍ലാലിനുണ്ട്. അദ്ദേഹത്തില്‍ അപ്രമാദിത്വം കണ്ടെത്തലല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. പക്ഷെ കോമാളിത്തത്തോളമെത്തുന്ന ചരിത്ര വ്യാഖ്യാനം കാണുമ്പോഴുള്ള അസ്വസ്ഥത, ഇന്ത്യയെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുണ്ട്.
പല ഇടതുപക്ഷ വ്യാഖ്യാനങ്ങളിലും ഈ പോരായ്മ ഉണ്ടായത്, ഇന്ന് നാം തിരുത്തിയെഴുതാന്‍ നിര്‍ബന്ധിതരായി, അത് ചെയ്തു. എന്നിട്ടും ബിജെപി ഇന്ന് നടത്തുന്ന നെഹ്രുനിരാസം ദയനീയമായ രാഷ്ട്രീയ അക്കാദമിക് വ്യവഹാരമാണ്. സ്വാതന്ത്ര്യത്തിന്റെ തുടക്കം അരാജകത്വത്തിലായിരുന്നു. രണ്ട് നൂറ്റാണ്ടുകളുടെ അടിമത്തം ഒരു രാജ്യത്തെ തീര്‍ത്തും ദരിദ്രമാക്കിയിരുന്നു. ഇവിടത്തെ വിഭവ-മനുഷ്യശേഷിയെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നുമില്ല. അതിനു മുകളില്‍ നിന്നുകൊണ്ട് ഒരു സാമ്പത്തികനയവും നടപ്പിലാക്കലും ഉദ്ദേശിക്കുന്നതിലും എത്രയോ സങ്കീര്‍ണമാണ്. അതായിരുന്നു അന്നത്തെ പ്രശ്നം. അന്നും ഇന്ത്യ ഇന്നത്തെപ്പോലെ വലതായിരുന്നു. നെഹ്രുവിന്റെ ഭാരം അദ്ദേഹത്തിനറിയാമായിരുന്നു. ഇന്ത്യയുടെ വെെജ്ഞാനിക സാമ്പത്തിക പരിമിതികളും.


ഇതുകൂടി വായിക്കൂ: നെഹ്റുവില്ലാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക; പകരം സവര്‍ക്കര്‍


ഈ പശ്ചാത്തലത്തില്‍ വേണം തീര്‍ത്തും അജ്ഞാതമായൊരു ഭൂമിയും മനുഷ്യരുമെന്ന നിലയില്‍നിന്ന് ഒരു രാജ്യത്തെ രൂപപ്പെടുത്താന്‍ നെഹ്രു ചെയ്ത ശ്രമങ്ങളെ വിലയിരുത്താന്‍. നൂറ് ശതമാനവും ഗാന്ധിയനായിരുന്നില്ല നെഹ്രു. ആവശ്യമായ ഘട്ടങ്ങളിലൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ചര്‍ച്ചയിലും ഉപവാസത്തിലുമൊക്കെ ഗാന്ധിജിക്കുള്ള വിശ്വാസം അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഗാന്ധിജിയുടെ ആത്മീയത നെഹ്രുവിന്റെ ചിന്താ ഫ്രെയിമിനു പുറത്തായിരുന്നു. എന്നാലും ഇന്ത്യയെ ഏറ്റവും അഗാധമായി അറിഞ്ഞ വ്യക്തി എന്ന നിലയ്ക്കും, ജനങ്ങള്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആദരവും ധാര്‍മ്മികതയിലുറച്ച ഗാന്ധിയന്‍ രാഷ്ട്രീയത്തിലും അഹിംസയുടെ പ്രയോഗസാധ്യതയിലും നെഹ്രുവിനു വിശ്വാസമായിരുന്നു. ഗാന്ധിശിഷ്യനാവുന്നതില്‍ അപകര്‍ഷതയുമില്ലായിരുന്നു. അതേസമയം നെഹ്രുവിന്റെ ശാസ്ത്രാധിഷ്ഠിത ചിന്തയും ജനപ്രീതിയും ഇന്ത്യയോടുള്ള സ്നേഹവും അര്‍പ്പിത മനോഭാവവും ഇന്ത്യക്ക് അത്യാവശ്യമാണെന്നറിഞ്ഞുതന്നെയായിരുന്നു ഗാന്ധി അദ്ദേഹത്തെ ഇന്ത്യയുടെ ഭാവിയായി കണ്ടത്. പുത്തന്‍ ടെക്നോളജിയും ശാസ്ത്രവും നെഹ്രുവിന്റെ ചിന്തയിലുണ്ടായിരുന്നു. ഒപ്പംതന്നെ ഭൗതികതയും ആത്മീയതയും ഒന്നിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യം അദ്ദേഹം ഇന്ത്യന്‍ സാഹചര്യത്തില്‍ മനസിലാക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ ഡല്‍ഹിയിലെ പ്രസ് കോണ്‍ഫറന്‍സില്‍ ഒരു ലേഖകന്‍ ചോദിച്ചു; ‘കേരള സര്‍ക്കാരിനെ പരാജയമെന്നു നെഹ്രു വിളിച്ചതുപോലെ, നെഹ്രു സര്‍ക്കാരിനെയും പരാജയമെന്നു താങ്കള്‍ വിശേഷിപ്പിക്കുമോ?’ അത്തരമൊരു അതിലളിതവല്ക്കരണം ശരിയല്ലെന്നായിരുന്നു ഇഎംഎസ് പറഞ്ഞത്. നെഹ്രു സര്‍ക്കാരിന്റെ പല നേട്ടങ്ങളെയും അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ഇന്ത്യക്കു മാത്രമല്ല വികസ്വര രാജ്യങ്ങള്‍ക്കു മൊത്തം മാതൃകയായ പഞ്ചവത്സര പദ്ധതി നെഹ്രുവിന്റെ നേട്ടമായദ്ദേഹം ചൂണ്ടിക്കാട്ടി. ദുരാചാരത്തിനെതിരായ നീക്കങ്ങള്‍, മതേതരത്വ മനോഭാവം, മൂന്നു ഉരുക്കു പ്ലാന്റുകള്‍ എന്നിവ മറക്കാനാവാത്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം തന്നെ പോരായ്മകള്‍ വ്യക്തമാക്കിയെങ്കിലും ഇഎംഎസ് ആ സാഹചര്യത്തിലും രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്തിയെന്നത് ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ ‘നെഹ്രുഹത്യ’യുടെ പശ്ചാത്തലത്തില്‍ നാം വായിക്കണം. അന്നത്തെ സാഹചര്യത്തിലും കോണ്‍ഗ്രസ് നശിക്കാതെ നില്‍ക്കുന്നത് നെഹ്രുവിന്റെ കൂറ്റന്‍ വ്യക്തിത്വം കാരണമാണെന്നും ഇഎംഎസ് പറഞ്ഞു. രാഷ്ട്രീയദര്‍ശനങ്ങളിലും പ്രയോഗങ്ങളിലും ഇതിനുമുമ്പും പിമ്പും നെഹ്രുവിനെ പലതരത്തിലും എതിര്‍ത്തിരുന്നെങ്കിലും വസ്തുനിഷ്ഠമായ പരബഹുമാനവും സത്യസന്ധതയും ഇഎംഎസ് പുലര്‍ത്തി. ഇന്ന് കേന്ദ്രം ഭരിക്കുന്നവര്‍, ഇന്ത്യയുടെ ഒരു മഹാകാലത്തെയും മഹാവ്യക്തിത്വത്തെയും നിര്‍ലജ്ജം നിരസിക്കുന്നതു കാണുമ്പോള്‍ അവരുടെ ദേശീയ ബോധത്തോട് അനുകമ്പ തോന്നുന്നു.


ഇതുകൂടി വായിക്കൂ: നെഹ്റു സ്മരിക്കപ്പെടുമ്പോൾ


ഒരു ഭരണാധിപനെന്ന നിലയ്ക്ക് പരിമിതമായ വിജയവും മനുഷ്യന്‍, സ്റ്റേറ്റ്സ്‌മാന്‍ എന്ന നിലകളിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം ഇന്ത്യയുടെ മഹാസിദ്ധിയായിരുന്നു. ഏകാന്തമായ ബാല്യം, അതിസംവേദനക്ഷമമായ മനസ്, സമകാലികരില്‍ നിന്ന് എത്രയോ ഉയര്‍ന്നു നില്ക്കുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടല്‍, നീണ്ട ജയില്‍വാസം, ചുറ്റും നടക്കുന്നത് ശരിയല്ലെന്നതിലെ രോഷം, സെെദ്ധാന്തികമായ ഉറച്ച നിലപാടുകള്‍, അരിസ്റ്റോക്രസിയില്‍ ജനിച്ചിട്ടും അനാഥതുല്യമായ ജീവിതം. ഇതൊക്കെ ഒരു വ്യക്തിയില്‍ നിമഗ്നമാകുമ്പോഴുണ്ടാവുന്ന ജീവിതവ്യഥകള്‍ ഊഹിക്കാവുന്നതേയുള്ളു. തന്റെ സമൃദ്ധികളില്‍ അദ്ദേഹം ഒരിക്കലും അഭിരമിച്ചിട്ടില്ല. സമൃദ്ധമായൊരു കുടുംബജീവിതമുണ്ടായിട്ടില്ല. ഭരണാധികാരിയായി തുടങ്ങിയതോടെ ആഭ്യന്തര കലാപങ്ങളുടെ നടുക്കുമായി. ഒട്ടേറെ തല്പരകക്ഷികള്‍ക്ക് നെഹ്രു-പട്ടേല്‍ കലഹത്തിലായിരുന്നു താല്പര്യം. അതാണ് ഇന്ന് ബിജെപി പൊക്കിയെടുത്ത്, നെഹ്രു നിരാസത്തിന്റെ ആയുധമാക്കുന്നത്.
നെഹ്രുവിനെ അറിയാന്‍ ‘ഡിസ്കവറി‘യും ‘ആത്മകഥ’യും, ‘ലോകചരിത്രാവലോകനവും’ വായിക്കണമെന്നാണ് മുല്‍ക്ക്‌രാജ് ആനന്ദ് പറഞ്ഞത്. ഒരു ഭരണാധികാരിയുടെ പോരായ്മകളല്ല, ഒരു വെെവിധ്യമാര്‍ന്ന മനുഷ്യന്റെ നിറവാണ് ചരിത്രകാരനും എഴുത്തുകാരനും ശാസ്ത്രബോധ്യങ്ങളുള്ള വ്യക്തിയുമായ നെഹ്രുവില്‍ കണ്ടെത്തേണ്ടത്. സോഷ്യലിസ്റ്റും സെക്യുലറിസ്റ്റുമായിരുന്ന നെഹ്രുവിനെ ക്രൂശിക്കാനാണ് ചെെന യുദ്ധത്തിലേറ്റ പരാജയം ഉയര്‍ത്തിക്കാട്ടിയത്. ചരിത്രബോധമാണ് നെഹ്രുവിനെ ഒരു ജനാധിപത്യവാദിയാക്കിയത്. പ്രതിപക്ഷ ശബ്ദത്തെ നെഹ്രു എന്നും ആദരിച്ചിരുന്നു. കഴിയുന്നത്ര സമയം പാര്‍ലമെന്റില്‍ ഇരുന്ന്, പ്രതിഭാഗ വാദങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ജനാധിപത്യത്തില്‍ നിന്ന് ഒന്നും എടുത്തുമാറ്റാനില്ലെന്നായിരുന്നു നെഹ്രുവിന്റെ ദര്‍ശനം.


ഇതുകൂടി വായിക്കൂ: മതേതര ഇന്ത്യയുടെ നെഹ്റുവും നിലമറക്കുന്ന ഭക്ത പ്രധാനമന്ത്രിമാരും


ഒരു മതത്തിനും നെഹ്രു കീഴ്‌പ്പെട്ടല്ല ജീവിച്ചത്. ഒരു ഭരണാധികാരി സര്‍വമതങ്ങളുടെയും പ്രതിനിധിയാണെന്നും മനുഷ്യനാവാന്‍ മതമാവശ്യമില്ലെന്നും കരുതിയ ജനാധിപത്യവാദിയായിരുന്നു നെഹ്രു. അതാണ് ഇന്നത്തെ ഭരണാധികാരികള്‍ക്ക് ദഹിക്കാത്തത്. ‘നെഹ്രുവിയന്‍ സ്പിരിറ്റ്’ നിലനിന്നാല്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന ‘തിയോക്രാറ്റിക് സ്റ്റേറ്റ്’ സാധ്യമാകില്ലെന്ന ഭയമാണ് ‘നെഹ്രു ഫോബിയയ്ക്കും’ തിരസ്കാരത്തിനും കാരണം. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപകടകരമായ ഒരു നീക്കമാണിത്. അവരുടെ മുന്നില്‍ ഏറ്റവും വലിയ തടസം ജവഹര്‍ലാല്‍ നെഹ്രുവാണ്. പ്രധാനമന്ത്രിയായ നെഹ്രുവല്ല, ജനാധിപത്യവാദിയായ, മതേതരവാദിയായ, പണ്ഡിതനും ചരിത്രബോധമുള്ളവനുമായ നെഹ്രു, തന്റെ സര്‍വസ്വവും നാടിന് നല്കിയ നെഹ്രു.
സാഹിത്യകാരനുവേണ്ട മാനവികതയും ഭരണാധിപന്റെ പ്രായോഗികതയും ചേര്‍ന്ന നെഹ്രു എല്ലാ എഴുത്തുകാരെക്കാളും ഭരണാധികാരികളെക്കാളും ഉന്നതനാണെന്ന സി പി സ്നോവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
നെഹ്രുവിന്റെ പുനര്‍വായന ഭാവിയുടെ ബാധ്യതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.