1951ൽ, ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിന് ജവഹർലാൽ നെഹ്റു തുടക്കം കുറിച്ചത് വർഗീയലഹളയിൽ ധാരാളം ഹിന്ദുക്കൾ കൊല്ലപ്പെട്ട പഞ്ചാബിലെ ലുധിയാനയിൽ നിന്നായിരുന്നു. “മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങൾ’’ എന്ന് ഡൊമിനിക് ലാപിയറും ലാറി കൊളിന്സും വിശേഷിപ്പിച്ച അഭയാർത്ഥികളുടെ പലായനം അപ്പോഴും പഞ്ചാബിലെ അതിർത്തി പ്രദേശങ്ങളിൽ തുടർന്നുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പ് കാലം ആയതുകൊണ്ട് ലുധിയാനയിലെ ഹിന്ദു-സിഖ് വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മുസ്ലിം വിരുദ്ധമായി നെഹ്രു പ്രസംഗിക്കുമെന്നു പ്രതീക്ഷിച്ച പ്രാദേശികനേതാക്കന്മാരെ അമ്പരപ്പിച്ചുകൊണ്ട്, അദ്ദേഹം സംസാരിച്ചത് മുഴുവൻ മതത്തിനും, ജാതിക്കും പ്രാദേശികതക്കും അതീതമായി മതേതരമായ ഒരു പുതിയ ജനാധിപത്യ ഇന്ത്യക്കുവേണ്ടി വോട്ടു ചെയ്യാൻ ആയിരുന്നു. ‘ഹിന്ദു പാകിസ്ഥാൻ അല്ല ഇന്ത്യ, നമ്മൾ ഒരു ആധുനിക ജനാധിപത്യ മതേതര രാജ്യമാണ്’ എന്ന് പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടത്തോട് അദ്ദേഹം അസന്നിഗ്ധമാ യി പറഞ്ഞു. ടാഗോറിനെ ഉദ്ധരിച്ചുകൊണ്ട് വർഗീയതയുടെ സമസ്ത രൂപങ്ങളോടും സമരം ചെയ്യാനും, ഒപ്പം ‘ഹൃദയത്തിന്റെ ജനാലകൾ തുറന്നിട്ടുകൊണ്ട് സഹിഷ്ണുതയുടെയും സമവായത്തിന്റെയും ആകാശങ്ങളെ നോക്കാനുമാണ് നെഹ്രു ജനങ്ങളോട് അഭ്യർത്ഥിച്ചത്.
ഇന്ന്, ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിഏഴാം ചരമവാർഷികദിനത്തിലും ഈ പ്രസംഗം ഏറ്റവും പ്രസക്തമാകുന്നത്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമികതയും ജനാധിപത്യമര്യാദകളും പരിഹാസ്യമാംവിധം അപചയത്തിന് വിധേയമായതുകൊണ്ടാണ്. എല്ലാ അർത്ഥത്തിലും നെഹ്രുവിന്റെ നേർവിപരീതമാണ് നരേന്ദ്രമോഡി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മോഡി പ്രസംഗിച്ചത് പ്രതിപക്ഷം പ്രവർത്തിക്കുന്നത് പാകിസ്ഥാനെ ജയിപ്പിക്കാൻ വേണ്ടി ആണെന്നാണ്. ഓരോ സംസ്ഥാനത്തും ന്യുനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ ധ്രുവീകരിക്കപ്പെടണമെന്ന ഒരൊറ്റലക്ഷ്യം വച്ചുകൊണ്ട് മാത്രമാണ് മോഡി പ്രസംഗിച്ചത്. കേരളംപോലുള്ള സംസ്ഥാനത്തുപോലും ‘ശരണം വിളിച്ചുകൊണ്ടു’ രാഷ്ട്രീയം പറയുന്ന വിധത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം അധഃപതിക്കുമ്പോഴാണ് കക്ഷിരാഷ്ട്രീയത്തിനും, വിയോജിപ്പുകൾക്കും അതീതമായി ‘നെഹ്രുവിയൻ രാഷ്ട്രീയ‑ജനാധിപത്യമാതൃക സമകാലിക ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾ പിന്തുടരേണ്ടത് അനിവാര്യമാകുന്നത്.
ഇന്ന് സംഘപരിവാർ സ്വപ്നത്തിൽപോലും ഭയക്കുന്ന പേരാണ് ജവഹർലാൽനെഹ്രു. അതിനുകാരണം നെഹ്രു മുന്നോട്ടുവച്ച സമന്വയത്തിന്റെയും, ജനാധിപത്യ സംവാദത്തിന്റെയും, ആധുനികതയുടെയും, യുക്തിബോധത്തിന്റെയും, സോഷ്യലിസത്തിന്റെയും പാരമ്പര്യം ആണ് ഇന്ത്യയിൽ സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തിന് ഏറ്റവും വലിയ വെല്ലുവിളി എന്നതാണ്. എകെജിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കോഴിക്കോട് കടപ്പുറത്തെത്തിയ ജവഹർലാൽ നെഹ്രുവിന്, അതേ എകെജി, പാർലമെന്റിൽ നടത്തിയ സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും ക്രിയാത്മകമായി തിരുത്തലുകൾ വരുത്താനും മടിയുണ്ടായിരുന്നില്ല. നെഹ്രു എല്ലായ്പ്പോഴും എതിര്സ്വരങ്ങളെ ബഹുമാനിക്കുകയും, ജനാധിപത്യത്തെ ആശയങ്ങളുടെ സ്വതന്ത്രമായ വിപണിയായി കണക്കാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിനു ജനാധിപത്യപ്രക്രിയ വെറും അഭിനയമോ, വാചാലതയോ, നാടകമോ ആയിരുന്നില്ല. ഏറ്റവും ഉദാത്തമായ ജനാധിപത്യമൂല്യങ്ങളുടെ വഴിയിലൂടെയാണ് സാമൂഹ്യമാറ്റവും, രാജ്യപുരോഗതിയും, ഉണ്ടാകേണ്ടത് എന്ന് അദ്ദേഹത്തിനു നിർബന്ധം ഉണ്ടായിരുന്നു.
നെഹ്രു ഉൾക്കൊണ്ടതും, പിന്തുടർന്നതും ജനകീയരാഷ്ട്രീയമായിരുന്നു, ആൾക്കൂട്ടരാഷ്ട്രീയം ആയിരുന്നില്ല. എന്റെ മതം സാധാരണജനങ്ങൾ ആണെന്ന് നെഹ്രു പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. അതുകൊണ്ട്, അദ്ദേഹം ജനാധിപത്യത്തെ ഇന്ത്യയിൽ വേരുറപ്പിച്ചു നിർത്താൻ പര്യാപ്തമായ ശക്തമായ ജനാധിപത്യ സ്ഥാപനങ്ങൾ അതീവസൂക്ഷ്മതയോടെ നിർമ്മിച്ചെടുത്തു. വാസ്തവത്തിൽ ഇന്ന് ആ സ്ഥാപനങ്ങളുടെ അടിത്തറ മാത്രമാണ് അനുദിനം തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനായത്തഭൂമികയിൽ ബാക്കി നിൽക്കുന്നത്. അപരത്വ നിർമ്മാണത്തിലൂടെ, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിലൂടെ, മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നതിലൂടെ സംഘപരിവാർ നമ്മുടെ ജനാധിപത്യത്തിന്റെ രൂപഭാവങ്ങളെ അടിമുടി മാറ്റിക്കഴിഞ്ഞിരിക്കുന്നു. നെഹ്രു അവരുടെ ഏറ്റവും പ്രബലനായ ശത്രു ആകുന്നത് ഈ അടിത്തറ പിഴുതുമാറ്റി വംശീയതയുടെ ക്ഷേത്രം പണിയൽ അത്ര എളുപ്പം അല്ലാത്തതുകൊണ്ടാണ്.
നെഹ്രു എല്ലായ്പ്പോഴും ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയതക്ക് എതിരെ ഏറ്റവും ശക്തമായ നിലപാട് എടുത്തിരുന്നു. ആർഎസ്എസ്, നാസികളുടെ ഇന്ത്യൻ രൂപമാണെന്ന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ തിരിച്ചറിഞ്ഞ നെഹ്രു ഓരോ ചുവടുവയ്പിലും, മതത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്താൻ അക്ഷീണമായി പ്രവർത്തിച്ചു. ബാബറി മസ്ജിദ് വിഷയത്തിലും സോമനാഥക്ഷേത്രത്തിന്റെ നിർമ്മാണത്തിലും അദ്ദേഹം പട്ടേലും രാജേന്ദ്രപ്രസാദും പുരുഷോത്തംദാസ് ടാണ്ടനും അടക്കമുള്ള കോൺഗ്രസിന്റെ സമുന്നതനേതാക്കളോട് ശക്തമായി വിയോജിച്ചിരുന്നു. നിരവധി മതങ്ങളും ജാതികളും ഭാഷകളും ഉള്ള ഇന്ത്യയിൽ ഏതെങ്കിലും ഒരു ഐഡന്റിറ്റി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആകുമെന്ന് അദ്ദേഹം അന്നുതന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ് അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിനു തറക്കല്ല് ഇട്ടതെന്ന വസ്തുത നമുക്ക് മുന്നിലുണ്ട്.
നെഹ്രു മൂന്നാം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ ചുരുക്കം ചില നേതാക്കളിൽ ഒരാളാണ്. ഇസ്രയേൽ എന്ന രാജ്യത്തിനെതിരെ ആദ്യം നിലപാട് എടുക്കാൻ തുനിഞ്ഞ ചുരുക്കം ലോകനേതാക്കളിൽ ഒരാൾ. ഇസ്രയേൽ രൂപീകരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ‘ഒരു നിത്യ നരകത്തിന്റെ വാതിലുകൾ നാമിതാ തുറക്കുകയാണ്’ എന്നായിരുന്നു. അദ്ദേഹം ഇന്നത്തെപ്പോലെ ഇന്ത്യയെ വിൽക്കാൻ ഒരിക്കലും ശ്രമിച്ചില്ല, പകരം അന്തർദേശീയ ബന്ധങ്ങളിലെ സ്വാഭാവികമായ സമവായ സംസ്കാരത്തിലൂടെ ഇന്ത്യൻ നാഗരികതയെ പടിഞ്ഞാറുമായി ബന്ധപ്പെടുത്തിയ ഏറ്റവും നല്ല കണ്ണിയായി. അന്തർദേശീയവേദികളിൽ നെഹ്രു അടയാളപ്പെടുത്തിയ മാനവികതയുടെ ബൗദ്ധികപാരമ്പര്യം ഇന്ന് വംശീയവാദിയായ മുൻ അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ‘പരസ്യമായി’ ഇന്ത്യൻ പ്രധാനമന്ത്രി മാറുന്ന നിലയിലെത്തി എന്ന് ഓർക്കുമ്പോഴാണ് നെഹ്രുവിയൻ പൈതൃകത്തിന്റെ നഷ്ടം എത്ര വലുതാണെന്ന് നമ്മൾക്ക് മനസിലാകുന്നത്.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അകാരണമായി പിരിച്ചുവിട്ട ജനാധിപത്യ വിരുദ്ധനടപടി അദ്ദേഹത്തിന്റെ ജീവിതത്തിലെ തീരാക്കളങ്കമായി അവശേഷിക്കുന്നുണ്ടെങ്കിലും, നെഹ്രു ഒരിക്കലും കമ്മ്യുണിസ്റ്റ് വിരുദ്ധനായിരുന്നില്ല. ആദ്യകാലത്ത് ഫാബിയൻ സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്രു, 1927ലെ സോവിയറ്റ് സന്ദർശനത്തോടെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആരാധകനായി മാറി. അക്കാലത്ത് ആഗോള സാമ്പത്തികമാന്ദ്യത്തെ കൃത്യമായി പ്രതിരോധിക്കാൻ സോവിയറ്റ് യൂണിയന് കഴിഞ്ഞത് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. “ദി ട്രൂ സിവിക് ഐഡ്യല് ഈസ് ദി സോഷ്യലിസ്റ്റ് ഐഡ്യല്, ദി കമ്മ്യൂണിസ്റ്റ് ഐഡ്യല്” എന്ന് 1936 ലെ ലക്നൗ കോൺഗ്രസിൽ നെഹ്രു അസന്നിഗ്ധമായി പറയുന്നുണ്ട്. അതുകൊണ്ടാണ് പഞ്ചവത്സര പദ്ധതികളും, പൊതുമേഖലാ സ്ഥാപനങ്ങളും ആധുനിക ഇന്ത്യയുടെ വളർച്ചക്ക് അനിവാര്യമാണെന്ന തിരിച്ചറിവിൽ അദ്ദേഹം എത്തിയത്. സമ്പദ്ഘടനയേയും സോഷ്യലിസത്തേയും കുറിച്ചുള്ള സമീപനം രൂപപ്പെടുത്തിയ കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽ (1955) അദ്ദേഹം ഈ സ്വാധീനം വ്യക്തമാക്കുന്നുമുണ്ട്. മാർക്സിയൻ ചരിത്രവിശകലനവും, സമ്പത്തിന്റെ തുല്യമായ വിതരണത്തിൽ സോവിയറ്റ് യൂണിയൻ നടത്തിയ ധീരമായ ഇടപെടലും അഭിനന്ദിച്ച നെഹ്രു വ്യക്തിസ്വാതന്ത്ര്യത്തിനു മേൽ നിയന്ത്രണങ്ങൾ വരുത്തുന്ന സ്റ്റാലിനിസ്റ്റ് രീതിയെ മാത്രമാണ് എതിർത്തത്. ഒരുപക്ഷെ ജവഹർലാൽ നെഹ്രുവിനു പകരം മറ്റാരെങ്കിലും ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എങ്കിൽ ഇതുപോലെ ശാസ്ത്രീയതയിലും യുക്തിചിന്തയിലും ആധുനികതയിലും അധിഷ്ഠിതമായ ഒരു പൊതുനയം ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ, സോഷ്യലിസത്തെക്കുറിച്ചും കമ്മ്യുണിസ്റ്റ് നൈതികതയെക്കുറിച്ചുമുള്ള ചോദ്യങ്ങളും ബദൽനയങ്ങളും ഭരണവൃത്തങ്ങളിൽ എന്നും സജീവമായി നിർത്തിയതിന് കൂടി നമ്മൾ നെഹ്രുവിനോട് കടപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ, നെഹ്രുവിന്റെ ആശയങ്ങൾ ഓരോന്നായി പിഴുതുമാറ്റി ആ സ്ഥാനത്തു ഫാസിസത്തിന്റെ, അപരത്വത്തിന്റെ, വർഗീയതയുടെ, അന്ധവിശ്വാസത്തിന്റെ വേരുകൾ മുളപ്പിക്കുന്ന ഒരു ഇരുണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇന്ത്യ പലസ്തീനെതിരായി വോട്ട് ചെയ്യുകയും ഇസ്രയേലിന്റെ പങ്കാളി ആവുകയും ചെയ്തു. പ്ലാനിംഗ് കമ്മിഷൻ ഇല്ലാതായി. പരമോന്നത കോടതികൾ നോക്കുകുത്തികൾ ആയി മാറിക്കഴിഞ്ഞു. വിമർശനങ്ങളെ ആസ്വദിച്ച നെഹ്രുവിന്റെകാലത്ത് നിന്നും, ഇരുപത്തി ഒന്ന് വയസ്സുള്ള ദിശ രവി എന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നിയമവാഴ്ച ഉടച്ചുവാർക്കപ്പെട്ടു. മതേതര മൂല്യങ്ങൾക്കുപരിയായി സ്വയമൊരു മത ഫാസിസ്റ്റു രാജ്യമായി ഇന്ത്യയെ പരുവപ്പെടുത്തി. സോഷ്യലിസത്തെ തള്ളിക്കളഞ്ഞുകൊണ്ടു് കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തെ ആലിംഗനം ചെയ്യുന്ന, ചേരിചേരായ്മയുടെ ലോകനായക സ്ഥാനത്തുനിന്നും ‘അബ്കി ബാർ ട്രംപ് സർക്കാർ’ എന്ന അശ്ലീലത്തിലേക്ക് പരിവർത്തനം ചെയ്ത, ഇന്ത്യൻ സാമ്പത്തിക മണ്ഡലത്തെ തകർച്ചയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ട, ഒരു മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ജനതയോട് നിസ്സംഗതയോടെ കൈമലർത്തിക്കാണിക്കുന്ന, ഗംഗയിലൂടെ ശവങ്ങൾ ഒഴുകുമ്പോഴും ദില്ലിയിൽ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ നിർമ്മാണം തുടരുന്ന അനീതിയുടെ വ്യാളീരൂപങ്ങൾ ആണ് മഹാനായ ജവഹർലാൽ നെഹ്രുവിന്റെ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇന്ന് നമ്മെ ഭരിക്കുന്നത്. ആധുനിക ഇന്ത്യ എങ്ങനെ ആയിരിക്കരുത് എന്ന് നെഹ്രു ആഗ്രഹിച്ചുവോ ആ അവസ്ഥയിലേക്ക് നിർഭാഗ്യവശാൽ നമ്മൾ കൂപ്പുകുത്തിക്കഴിഞ്ഞു.
ഈ അവസ്ഥയിൽ, മതേതര ജനാധിപത്യബോധമുള്ള ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ള എല്ലാ മനുഷ്യരും ശ്രമിക്കേണ്ടത് കക്ഷി രാഷ്ട്രീയഭേദമെന്യേ ആ നെഹ്രുവിയൻ കാലം തിരിച്ചുപിടിക്കാനാണ്. ഇടതുപക്ഷത്തിന് ഈ പ്രക്രിയയിൽ പരമപ്രധാനമായ പങ്കുണ്ടാവണം. കക്ഷിരാഷ്ട്രീയത്തിന്റെ ചങ്ങലകൾക്ക് പ്രസക്തി നഷ്ടമാകുന്ന ചരിത്രസന്ധിയിൽ ആണ് നാം എത്തിനിൽക്കുന്നത്. ഇന്ത്യയിലെ മതേതരകക്ഷികൾക്ക് പല പരിമിതികളും ദൗർബല്യങ്ങളും ഉണ്ടാകാം. സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷപാർട്ടികൾക്ക് യോജിക്കാൻ കഴിയാത്തത്ര പ്രക്ഷുബ്ദമായ ഇന്നലെകളുടെ ഓർമ്മകൾ ഉണ്ടാകാം. എങ്കിലും അതൊക്കെ മാറ്റിവെച്ചുകൊണ്ട് ഒന്നിച്ചുനിൽക്കാനും ഫാസിസത്തിന്റെ മനുഷ്യവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും നേരിടാനുള്ള ആർജവമാണ് നമുക്ക് വേണ്ടത്. ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മകളോട് നീതി പുലർത്താൻ കഴിയുന്നത് അപ്പോൾ മാത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.