September 30, 2022 Friday

മതേതര ഇന്ത്യയുടെ നെഹ്റുവും നിലമറക്കുന്ന ഭക്ത പ്രധാനമന്ത്രിമാരും

Janayugom Webdesk
August 1, 2020 3:00 am

വാക്ക്

അജിത് കൊളാടി

ന്ത്യൻ പ്രധാനമന്ത്രി പദം ക്ഷേത്രങ്ങളിൽ അഭയംതേടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽക്ക് അത് തുടങ്ങി. ആൾ ദൈവങ്ങളോടും അതിസമ്പന്നരായ മതാചാര്യന്മാരോടും അന്നുമുതൽ പലർക്കും പ്രിയമായിരുന്നു. മാത്രമല്ല പല പ്രധാനമന്ത്രിമാരും അത്തരക്കാരുടെ കാൽത്തൊട്ടു വന്ദിക്കുന്ന രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തികഞ്ഞൊരു ഭൗതികവാദിയും എല്ലാ അന്ധവിശ്വാസങ്ങളുടെയും ശത്രുവുമായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിൽ അദ്ദേഹം കൈകടത്തിയിട്ടുമില്ല. നിരവധി തവണ വിവിധ ആരാധനാലയങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എന്നിട്ടും അവിടെ പോകാൻ തയ്യാറായിരുന്നില്ല. നെഹ്റു തികഞ്ഞ ഭൗതികവാദിയാണെന്നും അന്ധവിശ്വാസങ്ങളുടെ ശത്രുവാണെന്നും പറഞ്ഞപ്പോൾ, കേവലമായ ഒരു വസ്തുത പറയുകയാണ് ചെയ്തത്. ജനുവരി 26 റിപ്പബ്ലിക് ദിനമായി കൊണ്ടാടപ്പെടണമെന്ന് തീരുമാനമെടുത്തപ്പോൾ, ആ ദിവസം ശുഭ ദിവസമല്ലെന്ന് ഇന്ത്യൻ യുണിയൻ പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദിനെ അദ്ദേത്തിന്റെ ജോത്സ്യന്മാർ ഉപദേശിച്ചു. ഉടനെ ദിവസം മാറ്റണമെന്ന് രാജൻ ബാബു പണ്ഡിറ്റ്ജിയെ അറിയിച്ചു. ആ ആവശ്യം നിരാകരിക്കാൻ നെഹ്റുവിന് ഒരു നിമിഷം വേണ്ടിവന്നില്ല.

റിപ്പബ്ലിക് ദിനം പോലുള്ള ദിവസങ്ങൾ തീരുമാനിക്കേണ്ടത് ജോത്സ്യന്മാരല്ലെന്നും രാജ്യം ഭരിക്കേണ്ടത് മന്ത്രവാദികളല്ലെന്നും പറയാൻ നെഹ്റുവിന് മടിയുണ്ടായില്ല. പിന്നീട് വന്നവർ, മകളും പേരക്കുട്ടിയും അടക്കം നെഹ്റുവിൽ നിന്ന് തികച്ചും വ്യത്യസ്തർ. ശ്രീമതി ഗാന്ധി തുലാഭാരം നടത്തി, രാജീവ് ഗാന്ധി ഉദയാസ്തമന പൂജ നടത്തി. ഗുരുവായൂരമ്പലത്തിലടക്കം പല ക്ഷേത്രങ്ങളിലും നരസിംഹറാവുവും നരേന്ദ്ര മോഡിയും പല വഴിപാടുകളും നടത്തി. വിശിഷ്ട വ്യക്തികൾ ക്ഷേത്രത്തിൽ എത്തുന്ന സമയം പതിനായിരക്കണക്കിനു സാധാരണ ഭക്തന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെടും. അവർക്ക് ആരാധനാമൂർത്തിയെ ഏകാന്ത സുന്ദരമായി കണ്ടുതൊഴാൻ വേണ്ടി വഴിയൊരുക്കപ്പെടും.

ശ്രീകോവിലിന്റെ സോപാനത്തിൻ പോലും അവർക്ക് കയറി തൊഴാം. ഭഗവൻ കൃഷ്ണൻ കാണിച്ചു തന്ന മാർഗ്ഗമല്ല അത്. ദുര്യോധന ചക്രവർത്തിയുടെ വിഭവ സമൃദ്ധമായ സദ്യ ഉപേക്ഷിച്ച്, ദാസീപുത്രനായ വിദുരരുടെ ഗൃഹത്തിൽപ്പോയി ഭക്ഷണം കഴിച്ച, ദരിദ്രനിൽ ദരിദ്രനായ ഉറ്റ സുഹൃത്ത് കുചേലന്റെ മടിശീലയിൽനിന്ന് അവിൽ തട്ടിപ്പറിച്ചുമേടിച്ചു കഴിച്ച കൃഷ്ണന്റേതല്ല വിവിഐപികളുടെ വഴി. ഭൗതിക ലോകത്ത് വിശിഷ്ട വ്യക്തിപ്പട്ടം ഉണ്ടെങ്കിലും ആരാധനാലയങ്ങളിൽ അത്തരം പദവികള്‍ക്കൊന്നും സ്ഥാനമില്ല. അനേകായിരങ്ങൾ വരുന്ന സ്ഥലമാണ് ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും. അയോധ്യാക്ഷേത്ര നിർമ്മാണത്തിനു തറക്കല്ലിടുന്നതിന്റെ ഒരുക്കത്തിലാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിരവധി ക്ഷേത്രങ്ങളാണ് അദ്ദേഹവും സന്ദർശിക്കുന്നത്. രാജീവ് ഗാന്ധി അവിടെ ശിലാന്യാസത്തിന് തുറന്നു കൊടുത്തു. നരസിംഹറാവു ഇന്ത്യൻ മതേതരത്വത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടി. അതിന്റെ ഫലമായി സംഘപരിവാർ ശക്തികൾ പള്ളി പൊളിച്ചു. പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനോട്, അന്ന് യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭായ് പന്ത്, അവിടെ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ, ഒട്ടും താമസിയാതെ, പണ്ഡിറ്റ് ജി പറഞ്ഞു, അത് നദിയിലേക്ക് എറിയാനാണ്. അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും എന്നദ്ദേഹത്തിന് അറിയാമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നാൽ ദൈവ വിശ്വാസം അവസാനിപ്പിക്കണമെന്നല്ല, പ്രധാനമന്ത്രിക്കും മറ്റേതു പൗരനെയും പോലെ തനിക്കിഷ്ടമുള്ള മതത്തിലും ഈശ്വരനിലും വിശ്വസിക്കാൻ അവകാശമുണ്ട്. പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ മതവിശ്വാസത്തിനു നൽകുന്ന പ്രശസ്തിക്ക് കർശനമായി തന്നെ അതിർവരമ്പുകൾ നിശ്ചയിക്കപ്പെടേണ്ടതുണ്ട്. ആരാധനാലയങ്ങൾ പ്രധാനമന്ത്രിമാർ സന്ദർശിക്കുമ്പോഴും മറ്റും അവിടെ സ്വാധീനമുള്ള രാഷ്ട്രീയ സാമൂഹ്യ നായകർക്കും അഗാധ ഭക്തർക്കും അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാം. സീസറുടെ പത്നി തന്നെ സംശയത്തിന് അതീതമാകണമെന്നാണ് വിശ്രുത ചൊല്ലെങ്കിൽ സീസറുടെ കാര്യം പറയേണ്ടതില്ലല്ലൊ.

ഇന്ത്യയുടെ പ്രധാനമന്ത്രി, ഹിന്ദുവോ, മറ്റു മത വിശ്വാസിയോ ആകുന്നതിനപ്പുറം മനുഷ്യ സ്നേഹിയാകണം. ഇന്ത്യ പല മതങ്ങളുടേയും ജന്മസ്ഥലമാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴുപത്തിരണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും വ്യത്യസ്ത മതക്കാരെയും വിശ്വാസക്കാരെയും ദേശീയ ധാരയിൽ വേണ്ടത്ര ഇണക്കിചേർക്കാൻ കഴിയാത്തതിന് സാമൂഹ്യ രാഷ്ട്രീയ ചിന്തകന്മാർ ഒട്ടേറെ കാരണങ്ങൾ പറയുന്നുണ്ട്. എങ്കിലും ഒരു കാരണം ഉന്നതങ്ങളിലുള്ളവരുടെ, ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ, പരസ്യമായ മതവിശ്വാസ പ്രകടനമാണ്. തങ്ങളുടെ മത വിശ്വാസങ്ങളെ കർക്കശമായിത്തന്നെ സ്വകാര്യവൽക്കരിക്കാൻ അവർ ബദ്ധശ്രദ്ധരാകണം. ഇത്തരം പ്രവർത്തനങ്ങൾ, അഗാധമായ മത വിശ്വാസം പോലെ തന്നെ, അന്യമതത്തോട് അഗാധമായ അസഹിഷ്ണുത ഉണ്ടാക്കും. വേണ്ടതിലേറെ അസഹിഷ്ണുതയുള്ള രാജ്യമാണ് നമ്മുടേത്. രാമായണവും ഗീതയും ഖുറാനും ബൈബിളും പഠിക്കാം. അതിനേക്കാൾ ഉപരി നമ്മൾ മനുഷ്യനെ പഠിക്കണം. ഓരോരുത്തരും മനുഷ്യനാകണം. സംഘപരിവാറിനാവശ്യം ഭേദബുദ്ധിയാണ്. മനുഷ്യമനസ്സിന്റെ ദൗർബല്യമാണ്. അത് മുതലെടുക്കാൻ അവർ പല മാർഗ്ഗവും ഉപയോഗിക്കും. രാമന്റെ മഹത്വം ലോകത്തെ പോറ്റലാണ്. ലോകത്തിൽ ജനിക്കുന്നത് തന്നെ സുഖിപ്പിക്കാനല്ല, എന്നു കരുതിയ മനുഷ്യരുടെ മാതൃകയായിട്ടാണ് ഗാന്ധിജി രാമനെ കണ്ടത്. എന്തും ത്യജിച്ച് ലോകത്തെ രക്ഷിക്കുന്ന രാമനാണ് ഗാന്ധിയുടെ രാമൻ. അതാണ് ഭരണാധിപർ മനസ്സിലാക്കേണ്ടത് — രാമൻ അധികാരം ത്യജിച്ചവനാണ്. ഇവിടെ രാമനെ അധികാരം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.