19 April 2024, Friday

നെഹ്രു പുറത്ത്! സവർക്കർ അകത്ത്?

ഒ കെ ജയകൃഷ്ണൻ
ജനറൽ സെക്രട്ടറി, എകെഎസ്‌ടിയു
September 9, 2021 4:03 am

ന്ത്യൻചരിത്ര ഗവേഷണകൗൺസിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിനായി തയാറാക്കിയ പോസ്റ്ററിൽ നിന്നും ജവഹർലാൽ നെഹ്രുവിനെ ഒഴിവാക്കിയത് വർത്തമാനലോകരാഷ്ട്രീയത്തിൽ ഇന്ത്യയെ അപഹാസ്യമാക്കിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ ചരിത്രബോധത്തെയും ദേശസ്നേഹത്തെയും നാണംകെടുത്തിയ ഐസിഎച്ച്ആറിന്റെ നടപടി ഒരു കൈപ്പിഴമാത്രമായി കാണാൻ കഴിയില്ല. ബിജെപി സർക്കാർ അവരുടെ അജണ്ട ചരിത്രഗവേഷണ കൗൺസിൽ വഴി നടപ്പാക്കി എന്നു മാത്രം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാഘോഷിക്കുമ്പോൾ ഇന്ന് ഭരണത്തിലിരിക്കുന്നവരുടെ മുൻഗാമികളുടെയും പ്രസ്ഥാനങ്ങളുടെയും ചെയ്തികൾ ചോദ്യംചെയ്യപ്പെടുമ്പോഴുള്ള അങ്കലാപ്പാണ് പിന്നിലുള്ളതെന്ന് വ്യക്തം. അതുകൊണ്ടാണ് യൗവനം സ്വാതന്ത്ര്യസമരത്തിനും ജീവിതം ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാനുമായി സമർപ്പിച്ച രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിക്ക് പകരം ആര്‍എസ്എസ് ആചാര്യനായ വി ഡി സവർക്കറെ പോസ്റ്ററിൽ തിരുകിക്കയറ്റിയത്.

ഐസിഎച്ച്ആറിന്റെ ഒന്നാം പോസ്റ്ററിൽ സ്വാതന്ത്ര്യത്തിന് വേണ്ടി നിസ്വാർത്ഥമായി പടപൊരുതിയവരുടെ നേതൃനിരയായി മഹാത്മാഗാന്ധി, സുഭാഷ്ചന്ദ്രബോസ്, സർ­ദാർ വല്ലഭ് ഭായിപട്ടേൽ, രാജേന്ദ്രപ്രസാദ്, ഡോ. ബി ആർ അംബേദ്കർ, ഭഗത്‌സിങ് മദൻമോഹൻമാളവ്യ എന്നിവരുടെ ഛായാചിത്രങ്ങളാണുള്ളത്. ഇവർക്കൊപ്പം, ജനതയുടെ പൊതുചരിത്രബോധത്തെ വെല്ലുവിളിച്ച്, നെഹ്രുവല്ല ബ്രിട്ടീഷുകാരോട് മാപ്പിരന്ന വിനായക ദാമോദർ സവർക്കരാണ് ചേരേണ്ടതെന്ന് സംഘപരിവാർ നിർദ്ദേശിച്ചത് ചരിത്രത്തിലിടപെടാനും തിരുത്താനും ഉറച്ചു തന്നെ. കൊളോണിയൽ ഭരണകൂടത്തിന്റെ ജയിലിൽ കിടക്കുമ്പോൾ സാമ്രാജ്യത്വത്തിനെതിരായ സമരങ്ങളെയും വിശ്വമാനവദർശനങ്ങളെയും കൂട്ടിയിണക്കിയ ആൾ പുറത്ത്. ‘സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഹിന്ദുക്കളുടെ ഊർജം നഷ്ടപ്പെടുത്തരുതെന്നും ആഭ്യന്തര ശത്രുക്കളായ മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ പോരാടാൻ ആ ഊർജം സമാഹരിക്കണമെന്നും’ അനുയായികളെ ആഹ്വാനം ചെയ്തയാൾ ചരിത്രത്തിനകത്തും. ഗാന്ധിയോടൊപ്പം സവർക്കറുടെ ചിത്രം വച്ചാൽ സംഘപരിവാറിന് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തം ലഭിക്കുമോ? ജനങ്ങളോട് പറയാൻ പ്രയാസപ്പെടുകയും എന്നാൽ അത് ചെയ്യാൻ മടിയില്ലാത്തവരുമായ ഫാസിസ്റ്റുകൾക്ക് ഇതിനുപകരണമാക്കുന്നത് കേ­ന്ദ്രവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ചരിത്രഗവേഷണ കൗൺസിലിനെയാണ്. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് സാംസ്കാരിക മന്ത്രാലയത്തിന് വേണ്ടി ഐസിഎച്ച്ആര്‍ തന്നെ തയാറാക്കുന്ന രക്തസാക്ഷികളുടെ നിഘണ്ടു നിർമ്മാണം. 1857മുതൽ 1947വരെ ദേശീയസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ നിഘണ്ടുതയാറാക്കാൻ 2007ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.


ഇതു കൂടി വായിക്കുക: നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും


ഇന്നിപ്പോൾ ഈ രക്തസാക്ഷിപ്പട്ടിക പുനഃപരിശോധിച്ച മൂന്നംഗസമിതി ലിസ്റ്റിൽനിന്നും 387 പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അവരാകട്ടെ മലബാർകലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയും ആലിമുസലിയാരുമുൾപ്പെടെയുള്ള സമരഭടന്മാരെയാണ്. 1921ലെ മലബാർ കലാപം സ്വാതന്ത്ര്യസമരമല്ലെന്നും വർഗീയകലാപമാണെന്നുമുള്ള മലയാളിയായ ഡോ. ഐസക് ഉൾപ്പെടുന്ന സമിതിയുടെ വിലയിരുത്തലിലൂടെയാണ്. കാലങ്ങളായി സംഘപരിവാർ വിഷംചീറ്റി നടത്തിവരുന്ന പ്രചരണങ്ങൾക്കുള്ള ഓശാനപാടൽ. മാസങ്ങൾക്ക് മുമ്പാണ് പാർലമെന്റിന്റെ വിദ്യാഭ്യാസ സ്ഥിരംസമിതിക്കു മുമ്പാകെ പബ്ലിക് പൊളിസി റിസർച്ച് സെന്റർ എന്ന ആര്‍എസ്എസ് എൻജിഒ സംഘടന രാജ്യത്തെ സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രപാഠപുസ്തകങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട് നല്കിയത്. പിപിആര്‍സി റിപ്പോർട്ടിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്നത് എന്‍സിഇആര്‍ടിയുടെയും കേരളത്തിന്റെയും ചരിത്ര പാഠപുസ്തകങ്ങൾ മാറ്റിയെഴുതണമെന്നും ഗുജറാത്ത് സ്റ്റേറ്റ് ബോർഡിന്റെ മാതൃക സ്വീകരിക്കണമെന്നുമാണ്.

കേന്ദ്രഗവൺമെന്റിന്റെ നിതിആയോഗ് ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നത് വിദ്യാഭ്യാസകാര്യത്തിൽ ഗുജറാത്ത് കേരളത്തിന് പിന്നിലാണെന്നാണ്. പിന്നെയെന്തുകൊണ്ട് ഗുജറാത്ത് മാതൃകയെന്നന്വേഷിച്ചാൽ മാർക്സിയൻ ചരിത്രരചനാരീതികളും അത് പിന്തുടരുന്ന ചരിത്രകാരന്മാരുമാണ് എന്‍സിഇആര്‍ടിയുടെയും കേരളത്തിന്റെയും പാഠപുസ്തകങ്ങൾക്ക് പിന്നിലെന്ന വിദ്വേഷം വമിക്കുന്ന കണ്ടെത്തലാണ്. ഈ പുസ്തകങ്ങൾക്ക് മാർഗദർശനം നല്കിയ ചരിത്രകാരന്മാരായ റൊമിലഥാപ്പർ, ആര്‍ എസ് ശർമ്മ, സതീഷ്ചന്ദ്ര, ബിപിൻചന്ദ്ര തുടങ്ങിയവരുടെ പാണ്ഡിത്യം ലോകമംഗീകരിച്ച് മുന്നോട്ട്പോകുമ്പോഴും സംഘപരിവാറിന് ദഹിക്കുന്നില്ല.

ഇതു കൂടി വായിക്കുക: മഹാശ്വേതാദേവിയുടേതുള്‍പ്പെടെ രചനകള്‍ പുനഃസ്ഥാപിക്കാന്‍ പ്രമുഖരുടെ മുന്നേറ്റം

ഇതിനെല്ലാം വേണ്ടിയാണ് രാജ്യത്ത് നടപ്പാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് ഇടപെടലുകളുണ്ടാകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതുവരെ ദേശീയതലത്തിലുള്ള പാഠ്യപദ്ധതിചട്ടക്കൂടിനനുസൃതമായി സംസ്ഥാനങ്ങൾ സ്വതന്ത്രമായി, അവരവരുടെ സാംസ്കാരിക‑പ്രാദേശികവൈവിധ്യങ്ങളെക്കൂടി ഉൾക്കൊണ്ടു കൊണ്ട് പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് പതിവ്. ഇനി പാഠ്യപദ്ധതിയും പാഠപുസ്തകവും തയ്യാറാക്കി സംസ്ഥാനങ്ങൾ കേന്ദ്രത്തിലേക്കയച്ച് പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം വന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും വലിയ അപകടമാണ് ദേശീയവിദ്യാഭ്യാസനയത്തിലൂടെ സംഘപരിവാർ ഒരുക്കുകൂട്ടുന്നതെന്നതിന്റെ കാഹളം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.