Janayugom Online
നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന പുന്നമട കായലിന് നടുവിലെ നെഹ്രു പവലിയന്‍. (ഫോട്ടോ: ക്ലീറ്റസ് പൂങ്കാവ്)

പുന്നമട കായലില്‍ ഇന്ന് ആരവങ്ങളുടെ പൂരം; സച്ചിന്‍ മുഖ്യ അതിഥിയാകും

Web Desk
Posted on August 31, 2019, 9:35 am

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ആര്‍ത്തലച്ചെത്തുന്ന കരിനാഗങ്ങളുടെ പോരില്‍ പുന്നമട കായല്‍ ഇന്ന് പുളകിതയാകും. ആവേശവും ആരവവുമായി ജനസഞ്ചയം ഇന്ന് പ്രവഹിക്കും. 67-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ നാടെങ്ങും ആവേശത്തിന്റെ തുടിതാളം.

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം എന്ന പ്രത്യേകതയും ഇത്തവണത്തെ നെഹ്രുട്രോളി ജലോത്സവത്തിനുണ്ട്. 79 ജലരാജാക്കന്മാരാണ് ജലമേളയില്‍ രാജസ്ഥാനം അലങ്കരിക്കുന്ന നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍മത്സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ മൂന്ന് വള്ളങ്ങളും ഉള്‍പ്പെടെ 23 ചുണ്ടന്‍വള്ളങ്ങളും പങ്കെടുക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ നിന്ന് 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ നിന്ന് ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍പ്പെട്ട നാല് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തില്‍പ്പെട്ട 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍പ്പെട്ട 10 വള്ളങ്ങളും നാല് ചുരുളന്‍ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടും 56 ചെറുവള്ളങ്ങളും മത്സരിക്കാനെത്തും.ഇന്ന് രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ട്രാക്ക് ഉണരും.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തുടക്കവേദി ആയതിനാല്‍ വള്ളങ്ങളും തുഴച്ചില്‍ക്കാരും

രാജ്യാന്തര നിലവാരത്തിലുള്ള ചിട്ടയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും നിലനിര്‍ത്തും. നെഹ്രുട്രോഫി ജലോത്സവം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാകുന്നത്. വൈകിട്ട് നാല് മുതല്‍ അഞ്ച് മണിവരെയാണ് ഫൈനല്‍ മത്സരം. ഹരിതചട്ടം പൂര്‍ണ്ണമായും പാലിച്ചാണ് ഇത്തവണ നെഹ്രുട്രോഫി മത്സരം നടത്തുക. വള്ളംകളി കാണാനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ സഹായിക്കുന്നതിനായി പ്രത്യേക നിറത്തിലുള്ള യൂണിഫോം അണിഞ്ഞ വാളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. വള്ളംകളിയോട് അനുബന്ധിച്ച് ജില്ലയിലെത്തുന്നവര്‍ക്ക് ആകാശയാത്ര നടത്തുന്നതിനായി ഡിടിപിസിയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.

ഉച്ചയ്ക്ക് 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. നെഹ്രുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തുടങ്ങിയവരും പങ്കെടുക്കും.