8 October 2024, Tuesday
KSFE Galaxy Chits Banner 2

നെഹ്രുവിന്റെ അയോധ്യയും മോഡിയുടെ കാശിയും

സുരേന്ദ്രന്‍ കുത്തനൂര്‍
December 15, 2021 4:00 am

‘സ്വന്തം കുടുംബത്തെയും പശുക്കളെയും സംരക്ഷിക്കാൻ വാൾ കൊണ്ടു നടക്കണം. മൊബൈൽ ഫോണുകൾക്കായി ചെലവഴിക്കുന്ന ലക്ഷങ്ങൾ കൊണ്ട് വാളുകളും ആയുധങ്ങളും വാങ്ങി പശുക്കളുടെ സംരക്ഷണം ഉറപ്പാക്കണം. ’ കഴിഞ്ഞദിവസം വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി നടത്തിയ ആഹ്വാനമാണിത്. അതിനും ഒരുദിവസം മാത്രം മുമ്പ് ‘ഹർ ഹർ മഹാദേവ്’ എന്ന് ഉറക്കെച്ചൊല്ലിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ഒരു ക്ഷേത്ര സമുച്ചയം ഉദ്ഘാടനം ചെയ്തു. ‘ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്രമോഡി ഉദ്ഘാടനം തുടങ്ങിയത്. ‘കാശി ധാം ഇടനാഴി ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പൗരാണിക കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്കുന്നുവെന്ന് ഇവിടെ ദർശിക്കാ‘മെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷയുടെയും രാഷ്ട്രത്തിന്റെ ഭൂരിപക്ഷ തൊഴിൽമേഖലയായ കൃഷിയുടെയും നിലനില്പിനായി ഒരുവർഷത്തോളം തെരുവിൽ സമരം ചെയ്ത കർഷകരെ ചർച്ചക്ക് വിളിക്കാൻ പോലും തയാറാകാതിരുന്ന പ്രധാനമന്ത്രി ക്ഷേത്രമുറ്റത്തെത്തി കാല് കഴുകുന്നതും ചന്ദനം തൊടുന്നതും പുഴയിൽ നീരാടുന്നതും ബഹുഭൂരിപക്ഷം ദേശീയമാധ്യമങ്ങളിലും ബഹുവർണ വാർത്തകളുമായിരുന്നു. 800 മുതൽ 1000 കോടി രൂപവരെ ചെലവു കണക്കാക്കുന്നതാണ് കാശി ധാം ഇടനാഴി എന്നത് വലിയ വികസനമാണ് എന്ന് മാധ്യമങ്ങളും ഉദ്ഘോഷിക്കുമ്പോൾ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൽ നിന്ന് പതിനാലാം പ്രധാനമന്ത്രിയിലേക്കുള്ള ദൂരം ഗൗരവമായി വിലയിരുത്തപ്പെടേണ്ടതാണ്. നർമ്മദാ തീരത്തെ മൂവായിരം കോടിയുടെ പട്ടേൽ പ്രതിമ, രാജ്യതലസ്ഥാനത്ത് 20, 000 കോടിയുടെ സെൻട്രൽ വിസ്ത, ആയിരം കോടിയുടെ കാശിധാം ഇടനാഴി… മോഡിക്കാലത്തെ വൻവികസനങ്ങളാണിത്. ലോകത്ത് എറ്റവും ദരിദ്രരുള്ളതും സമ്പത്തികമായി ഏറ്റവും വലിയ അസമത്വം നിറഞ്ഞതുമായ രാജ്യമാണ് ഇന്ത്യ എന്ന് ആഗോളപഠനങ്ങൾ വെളിപ്പെടുത്തിയ കാലത്താണ് മേൽപ്പറഞ്ഞ ‘വികസനങ്ങൾ’ എന്നതും ഓർമ്മിക്കേണ്ടതാണ്. രാഷ്ട്രവികസനത്തിലും രാഷ്ടീയ കാഴ്ചപ്പാടിലും നെഹ്രുവിൽ നിന്ന് മോഡിയിലേക്കുള്ള വീഴ്ച അതിഭയാനകമാണ്. അതിന്റെ മികച്ച ഉദാഹരണങ്ങള്‍ തന്നെയാണ് ‘കാശി ധാം ഇടനാഴി പൗരാണിക കാലത്തെ പ്രചോദനങ്ങളിൽ നിന്ന് ഭാവിയിലേക്കുള്ള ദിശാബോധമാണ്’ എന്ന മോഡിയുടെ പ്രഖ്യാപനവും ‘പശുക്കളെ സംരക്ഷിക്കാൻ വാൾ കൊണ്ടു നടക്കണം’ എന്ന സാധ്വി സരസ്വതിയുടെ ആഹ്വാനവും. മതേതര ഇന്ത്യക്ക് ബീജാവാപം നൽകുന്നതിൽ ഗാന്ധിയെപ്പോലെ നിർണായക സംഭാവന നൽകിയ ജനനേതാവായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. ഗുജറാത്തിൽ പുനർനിർമ്മിക്കപ്പെട്ട സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനായി അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷണിക്കപ്പെട്ടപ്പോൾ ക്ഷണം സ്വീകരിക്കരുതെന്ന് അഭ്യർത്ഥിച്ച് നെഹ്രു അദ്ദേഹത്തിന് കത്തെഴുതി. വിഭജനത്തെ തുടർന്നുളള കലാപങ്ങളുടെ നാളുകളിൽ രാഷ്ട്രത്തലവന്‍ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ഉദ്ഘാടനം ചെയ്യുന്നത് മതേതര മൂല്യങ്ങൾക്കെതിരാണെന്ന് നെഹ്രു മുന്നറിയിപ്പ് നൽകി. 1949ൽ ബാബറി പള്ളിക്കകത്ത് രാമവിഗ്രഹം കൊണ്ടുവച്ച സംഭവം വലിയ വിവാദമായ വേളയിൽ വിഗ്രഹം എടുത്തുമാറ്റാനും പള്ളി അടച്ചിടാനുമാണ് പ്രഥമ പ്രധാനമന്ത്രി നിർദേശം നൽകിയത്. ‘അത്ഭുതകരമായി പ്രത്യക്ഷപ്പെട്ട’ രാമവിഗ്രഹം ചിലർ ഒളിച്ചുകടത്തി സ്ഥാപിച്ചതാണ് എന്ന് മതാ പ്രസാദ് എന്ന പൊലീസുകാരൻ സാക്ഷ്യപ്പെടുത്തിയപ്പോള്‍ “ഞാൻ ഇതിൽ അസ്വസ്ഥനാണ്, അപകടകരമായ മാതൃകയാണിത്” എന്ന് പ്രസ്താവിച്ചുകൊണ്ട് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് അത് നീക്കം ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു നെഹ്രു. എന്നാൽ നിർദേശം നടപ്പാക്കാൻ ചുമതലപ്പെട്ട മലയാളിയായ ഡെപ്യൂട്ടി കമ്മിഷണർ അത് വലിയ കോളിളക്കത്തിന് കാരണമാകും എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കോൺഗ്രസിലെ ഈ മൃദുഹിന്ദുവാദമാണ് കാലങ്ങളായി വളർന്ന് ഹിന്ദുത്വവാദമായി പരിണമിച്ചത്. ഗാന്ധി വധത്തിന് ശേഷവും ആർഎസ്എസിന്റെ നിരോധനം നീക്കാൻ ശ്രമം നടത്തിയത് കോൺഗ്രസിനകത്തെ ഒരു വിഭാഗമായിരുന്നു. വൈകാതെ നിരോധനം നീക്കുകയും ചെയ്തു. നെഹ്രു വിദേശ പര്യടനത്തിന് പോയ സമയത്ത് ആർഎസ്എസ് അംഗങ്ങൾക്കും കോൺഗ്രസിൽ അംഗത്വമെടുക്കാമെന്ന് പട്ടേലിന്റെ നേതൃത്വത്തിൽ എഐസിസി പ്രമേയം അംഗീകരിച്ചു. എന്നാൽ തിരികെ വന്ന നെഹ്രു ആദ്യം ചെയ്തത് ആ പ്രമേയം തിരുത്തിക്കൊണ്ടുള്ള മറ്റൊരു പ്രമേയം അംഗീകരിപ്പിക്കലായിരുന്നു. വിശാലമായ ഈ നെഹ്രുവീയൻ തത്വം ബലികഴിക്കുന്നതിൽ മുന്നിൽ നിന്നത് മകൾ ഇന്ദിരാഗാന്ധിയായിരുന്നു എന്നതും ചരിത്രത്തിലെ വിരോധാഭാസം. 1983ൽ ഹരിദ്വാറിൽ വിഎച്ച്പി കെട്ടി ഉയർത്തിയ ഭാരത് മാതാ ക്ഷേത്രം ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. അവരുടെ മകൻ രാജീവ് ഗാന്ധിയാവട്ടെ, ഒരേ സമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു.


ഇതുകൂടി വായിക്കാം; നെഹ്രുവില്‍ നിന്ന് രാഹുലിലേക്കുള്ള അകലം


നെഹ്രു അടച്ചുപൂട്ടിയ അയോധ്യ തുറന്നുകൊടുത്തത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ വേളയിലാണ്. രാഷ്ട്രീയരംഗത്തെ പരിചയക്കുറവാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പലപ്പോഴും കാണിച്ചതെന്ന് രാമചന്ദ്ര ഗുഹയെ പോലുള്ള ചരിത്രഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2020 ഓഗസ്റ്റിൽ മതേതര ഇന്ത്യയുടെ ആത്മാവിനെ കീറിമുറിച്ചുകൊണ്ട് രാമക്ഷേത്രത്തിനായുളള ശിലാന്യാസവും ഭൂമി പൂജയും മോഡിയും കൂട്ടരും നടത്തിയപ്പോള്‍ രാജ്യത്തെ മതേതരവാദികളെല്ലാം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ പരിപാടിയിലേയ്ക്ക് ക്ഷണിച്ചില്ലെന്നതായിരുന്നു കോൺഗ്രസ് നേതാക്കളായ കമൽനാഥിന്റെയും ദിഗ്വിജയ് സിങിന്റെയും ഭൂപീന്ദർ സിങ് ഹൂഢയുടേയും പരാതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹനുമാൻ മന്ത്രങ്ങൾ ജപിച്ച് ആ കുറവ് പരിഹരിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരു ട്രസ്റ്റിനെയാണ് സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. എന്നാൽ നിർമ്മാണ ചുമതലയും ഭൂമി പൂജയും ശിലാസ്ഥാപനവുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ ഏറ്റെടുത്തു. ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ ഈ വർഗീയ പ്രചാരണത്തിന് തിരഞ്ഞെടുത്ത തീയതിക്കും വലിയ പ്രത്യേകതയുണ്ട്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി മോഡിഭരണകൂടം പിൻവലിച്ചത്. ആ ജനാധിപത്യ ലംഘനത്തിന്റെ ഒന്നാം വാഷികമായ 2020 ഓഗസ്റ്റ് അഞ്ചിൽ തന്നെയാണ് അയോധ്യയിൽ രാമക്ഷേത്രം എന്ന അടുത്ത അജണ്ടയും മോഡി നടപ്പിലാക്കിയത്. തർക്കസ്ഥലത്തിന്റെ അവകാശം പൂർണമായും ഹിന്ദുത്വ ഹർജിക്കാർക്ക് നല്കിയ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പിന്നിട് രാജ്യസഭാംഗമായതും യാദൃച്ഛികമല്ല. ‘നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെയും അനശ്വര നാഗരികതയുടെയും അവ്യക്തമായ മായാവലയത്തിൽ ഇന്ത്യക്കാർ അവരുടെ ദുരിതങ്ങളും വീഴ്ചയും തല്ക്കാലം മറക്കാൻ ശ്രമിക്കുകയാണ്. ദാരിദ്ര്യം, വർഗീയത, ഭക്ഷ്യക്ഷാമം എന്നിവയുൾപ്പെടെയുള്ള സമകാലിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഭൂതകാലത്തിന്റെ ഈ കാല്പനികചിന്തകൾ സഹായിക്കില്ല’ എന്ന് റഷ്യയുടെ ആകർഷണം ലേഖനത്തിൽ നെഹ്രു പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരാൾക്കുണ്ടായേക്കാവുന്ന അഭിമാനം നമ്മുടെ ബലഹീനതകളും പരാജയങ്ങളും മറക്കാനോ അവയിൽ നിന്ന് മുക്തി നേടാനുള്ള അഭിവാഞ്ഛയെ മങ്ങലേല്പിക്കാനോ ഒരിക്കലും അനുവദിക്കരുത് എന്ന് ഡിസ്കവറി ഓഫ് ഇന്ത്യയിലും നെഹ്രു പറഞ്ഞു. ഭൂതകാലത്തെ നേട്ടങ്ങളെ തള്ളിപ്പറഞ്ഞയാളായിരുന്നില്ല നെഹ്രു. ശാസ്ത്രീയ ചിന്തയും യുക്തിയും പ്രയോഗിച്ച് ഭൂതകാലത്തിന്റെ കാല്പനികവല്ക്കരണം ഒഴിവാക്കുക എന്നതാണ് നെഹ്രു ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കണ്ട മാർഗം. രാഷ്ട്രീയമോ സാമുദായികമോ ആയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭൂതകാലത്തെ വികലമാക്കി ഉപയോഗമാക്കുന്നത് തടയണമെന്നും അദ്ദേഹം കരുതി. ഇവിടെയാണ് കാശി ധാം ഇടനാഴിയെന്ന ധൂർത്തിനെ വികസനമെന്ന് വിശേഷിപ്പിക്കുന്ന സംഘപരിവാര പ്രധാനമന്ത്രി വിലയിരുത്തപ്പെടേണ്ടത്. വാരാണസിയുടെ മുഖഛായ മാറ്റുമെന്ന് വിളംബരം ചെയ്ത പദ്ധതിക്ക് 2019 മാർച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷ്യൽ ഡവലപ്മെന്റ് ബോർഡ് രൂപീകരിച്ചു. 1000 കോടിയോളം ചെലവു കണക്കാക്കുന്ന പദ്ധതിയുടെ രൂപകല്പന ഡൽഹിയിലെ‍ സെൻട്രൽ വിസ്റ്റ രൂപകല്പന ചെയ്ത ഗുജറാത്തിലെ ബിമൽ പട്ടേലിന്റെ എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനം തന്നെയാണ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ശ്രീ കാശി വിശ്വനാഥ് സ്പെഷ്യൽ ഡവലപ്മെന്റ് ബോർഡ് ആദ്യ പ്ലാൻ തയാറാക്കുമ്പോൾ 197 കെട്ടിടങ്ങളായിരുന്നു ഒഴിപ്പിക്കൽ കണക്കിലുണ്ടായിരുന്നത്. അവസാനം അത് മുന്നൂറിലേറെ ആയി. എന്നാൽ പുനരധിവസിപ്പിക്കേണ്ടി വന്നത് സ്ഥാപനങ്ങളും കുടുംബങ്ങളുമടക്കം 1,400 കെട്ടിടങ്ങളിലുള്ളവരെ. കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നഷ്ടപരിഹാരവും നഗരത്തിന്റെ മറ്റൊരു ഭാഗത്തു താമസസ്ഥലവും നൽകിയാണ് ക്ഷേത്രനിർമ്മാണം. വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റും മാത്രം 314 കെട്ടിടങ്ങളാണ് ഏറ്റെടുത്തു പൊളിച്ചു നീക്കിയതെന്ന് നിർമ്മാണ ബോർഡ് ചെയർമാനും വാരാണസി ഡിവിഷനൽ കമ്മിഷണറുമായ ദീപക് അഗർവാൾ തന്നെ പറയുന്നു. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആശയത്തിന് അടിത്തറ പാകിയ നെഹ്രു ഭിന്നാഭിപ്രായങ്ങളുള്ളവരെ കൂടി ചേർത്തായിരുന്നു ആദ്യ മന്ത്രിസഭയ്ക്ക് രൂപം നൽകിയത്. തന്റെ ആശയങ്ങളുടെ ബദ്ധശത്രുവായ ശ്യാമപ്രസാദ് മുഖർജിയെ മാത്രമല്ല, ഗാന്ധിയുടെ രൂക്ഷവിമർശകനായിരുന്ന ഡോ. അംബേദ്കറെയും കോൺഗ്രസിനകത്ത് തനിക്കെതിരെ പടനയിച്ചിരുന്ന സർദാർ പട്ടേലിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കോൺഗ്രസിനെ അക്കാലത്ത് ഏറ്റവും രൂക്ഷമായി എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയേയും നെഹ്രു മന്ത്രിസഭയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ പി സി ജോഷിയും മന്ത്രിസഭയിൽ ഉൾപ്പെട്ടേനെ. ഇന്നാകട്ടെ എതിരഭിപ്രായം പറയുന്നവരെ ഏതുരീതിയിലും വായടപ്പിക്കാനാണ് ശ്രമം. എതിർശബ്ദങ്ങളെ കായികമായി ഇല്ലാതാക്കുക എന്ന വർഗീയ ഫാസിസ്റ്റ് ഭരണത്തിലേക്ക് മോഡിയുടെ ഇന്ത്യ അധ:പതിച്ചിരിക്കുന്നു. കരിനിയമങ്ങൾക്കെിരെ സമരം ചെയ്ത കർഷകരെയുൾപ്പെടെ കൊലപ്പെടുത്തിയും കീഴ്‍വഴക്കങ്ങൾ ലംഘിച്ച് രാജ്യസഭാംഗങ്ങളെ പുറത്തു നിർത്തിയുമാണ് എതിർശബ്ദമായിട്ടും നെഹ്രു മന്ത്രിസഭയിൽ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ പിൻമുറക്കാരൻ, നെഹ്രു ഇരുന്ന കസേരയിലിരുന്ന് മതസ്പർദ്ധയുണ്ടാക്കുന്നത് എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂപ്പുകുത്തലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.