ഡാലിയ ജേക്കബ്

ആലപ്പുഴ

October 15, 2021, 8:55 pm

നെഹ്റുട്രാേഫി വീണ്ടും; വള്ളംകളി പ്രേമികൾ ആവേശത്തിൽ

Janayugom Online

കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ നെഹ്റുട്രോഫി ജലമേള ഈ വർഷം നടത്തുമെന്നുള്ള പ്രഖ്യാപനത്തെ തുടർന്ന് ജലോത്സവ പ്രേമികൾ ആവേശത്തിൽ. ഡിസംബർ രണ്ടാം വാരത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തുമെന്നാണ് ബോട്ട് ക്ലബ്ബുകളുടെ പ്രതീക്ഷ. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബോട്ട് ക്ലബ്ബുകൾ വിവിധ സ്ഥലങ്ങളിലായി ചിതറക്കിടക്കുന്ന തുഴച്ചിലുകാരെ കൂട്ടിയോജിപ്പിച്ച് ടീം രൂപീകരണം നടത്തി. വിവിധ വള്ളസമിതികളുമായി ആലോചനകളും തുടങ്ങി. കുട്ടനാട്ടിലെ ചില ക്ലബ്ബുകൾ ഇതിനകം ചെറിയ വള്ളങ്ങളിൽ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. കാണികളുടെ എണ്ണം ക്രമീകരിച്ച് കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് മത്സരം നടത്താനാണ് ആലോചന. 

ജലോത്സവങ്ങൾക്ക് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡും മുൻ വർഷങ്ങളിൽ പ്രളയവും വില്ലനായിരുന്നു. കടക്കെണിയിലായ ക്ലബുകൾക്ക് കളി വള്ളം എടുത്ത് മത്സരം സജ്ജമാകാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷം തുഴഞ്ഞ ചുണ്ടൻ വള്ളങ്ങൾ കൊണ്ടുവന്ന് തുഴയാനാണ് ക്ലബുകൾ ശ്രമിക്കുന്നത്. സിബിഎല്ലിനായി സർക്കാർ 20 കോടി രൂപ മാറ്റിവച്ചതും ക്ലബുകൾക്ക് ഏറെ ആശ്വാസകരമാണ്. നെഹ്റു ട്രോഫിയെ തുടർന്ന് സിബിഎല്ലും നടത്തിയെങ്കിൽ മാത്രമെ ക്ലബുകൾക്ക് പിടിച്ചു നിൽക്കുവാനാകൂ. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഒരു മത്സരജലമേളയും നടത്താൻ കഴിയാതിരുന്നതിനാൽ വള്ളം ഉടമകൾക്ക് അറ്റകുറ്റപ്പണിയ്ക്കായി ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മികച്ച ടീമുകൾക്ക് പോലും ചുരുങ്ങിയത് മൂന്നാഴ്ച ക്യാമ്പ് പരിശീലനം ആവശ്യമാണ്. വള്ളംകളി പരിശീലനത്തിന് ഒരു കോടി രൂപയോളമാണ് ചെലവ് വരുന്നത്. ഒരു ക്ലബിൽ 130 പേർ വീതം ഉണ്ടാകും. എല്ലാ ടീം അംഗങ്ങൾക്കും ഡബിൾ വാക്സിനേഷൻ ഉറപ്പാക്കുമെന്നാണ് ക്ലബ്ബുകൾ പറയുന്നത്. വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും പിന്തുടർന്നാണ് പരിശീലനം. നാട്ടുകാർ തുഴച്ചിൽകാരായ ക്ലബുകളും നേവി, പട്ടാളക്കാർ, അന്യസംസ്ഥാനക്കാർ തുടങ്ങിയവരെ ഇറക്കുന്ന ക്ലബുകളുമുണ്ട്. 

വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്ന ഓഗസ്റ്റിൽ നിന്ന് നെഹ്റുട്രോഫി ജലമേളയുടെ സ്ഥിരം തീയതി നവംബർ 14 ലേക്ക് മാറ്റണമെന്ന ആവശ്യം നെഹ്റുട്രോഫി സംഘാടക സമിതിയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് യു ബിസി ക്ലബിന്റെ രക്ഷാധികാരിയായ കെ എ പ്രമോദ് പറഞ്ഞു.ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലേക്ക് മത്സരം മാറ്റിയാൽ ആദരവിന് കുറവ് തട്ടില്ലെന്നും കാലാവസ്ഥ അനുയോജ്യമായിരിക്കുമെന്നാണ് കരുതുന്നത്.
eng­lish summary;Nehrutrophy val­lam kali to be held this year
you may also like this video;