സ്ഥല കൈയേറ്റം തടഞ്ഞ വ്യദ്ധനായ സ്ഥലമുടമയേയും മരുമകളേയും അയല്‍വാസികള്‍ വെട്ടിപ്പരിക്കേൽപിച്ചു

Web Desk
Posted on June 10, 2019, 9:34 pm

നെടുങ്കണ്ടം: സ്ഥലം കൈയേറ്റം തടഞ്ഞ വ്യദ്ധനായ സ്ഥലമുടമയേയും മരുമകളേയും അയല്‍വാസികള്‍ വാക്കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചിന്നക്കനാല്‍ ഷണ്‍മുഖവിലാസം കണ്ണന്‍ഭഗവാന്‍ വീട്ടില്‍ കറുപ്പന്‍ (75), മരുമകള്‍ നാഗമ്മയ്ക്കു(43)മാണ് പരിക്കേറ്റത്.  അയല്‍വാസി രാജേന്ദ്രന്റെ വാക്കത്തികൊണ്ടുള്ള വെട്ടില്‍ കറുപ്പന്റെ തലയ്ക്ക് പരിക്കേറ്റു. കറപ്പന്റെ സ്ഥലാതിര്‍ത്തിയില്‍ നിര്‍മ്മിച്ചിരുന്ന കിടങ്ങ് മൂടുവാനുള്ള ശ്രമം തടയുവാന്‍ ശ്രമിച്ചതില്‍ പ്രകോപിതരായ അയല്‍വാസികളാണ് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

മാരിയപ്പന്റെ ഉടമസ്ഥതയിലുള്ള മുന്നേക്കറോളം വരുന്ന സ്ഥലം 2000‑ലാണ് കറുപ്പനും കുടുംബവും വാങ്ങിയത്. ആന കയറാതിരിക്കുവാന്‍ നാല് വശങ്ങളിലും ട്രെഞ്ച് നിര്‍മ്മിച്ച് സംരക്ഷിരുന്ന സ്ഥലമാണ് മാരിയപ്പിനില്‍ നിന്നും കറുപ്പന്‍ വാങ്ങിയത്. സ്ഥലം വാങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അയല്‍വാസികളായ സ്വാമിനാഥന്‍, അന്തോണി, രാജേന്ദ്രന്‍, അരുണ്‍കുമാര്‍, എന്നിവര്‍ ചേര്‍ന്ന് കറുപ്പന്‍ വാങ്ങിയ സ്ഥലത്തിന്റെ ഒരു ഭാഗം അവരുടേതാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ എത്തിയ കേസ് കറുപ്പന് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ഇതേ സ്ഥലത്തിന്റെ ഉടമസ്ഥവകാശത്തെ ചൊല്ലി ഉണ്ടായ തകര്‍ത്തെ തുടര്‍ന്ന് കറുപ്പനെ അയല്‍വാസികളായ ഇവര്‍ മര്‍ദ്ദിച്ച്് അവശനാക്കുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ച കറുപ്പന്‍ അന്ന് നല്‍കിയ കേസ് നിലനില്‍ക്കെയാണ് വീണ്ടും അയല്‍വാസികള്‍ ഈ കുടുംബത്തിന് നേര്‍ക്ക് ആക്രമണം അഴിച്ച് വിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അക്രമണം നടന്നത്. ട്രഞ്ച് മൂടുന്ന കണ്ട മക്കള്‍ പൊലീസില്‍ വിവരം അറിയിക്കുവാന്‍ പോയ സമയത്താണ് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.