Janayugom Online
neelambrong janayugom

നീല്‍ ആം സ്‌ട്രോങ്ങ്

Web Desk
Posted on August 04, 2018, 3:59 pm
sasthramsahapadi

മേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ നീല്‍ ആം സ്‌ട്രോങ്ങാണ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. 1969 ജൂലൈ 21‑നായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം.
1930 ഓഗസ്റ്റ് അഞ്ചിന് ഒഹയോയിലാണ് നീല്‍ ആം സ്‌ട്രോങ്ങ് ജനിച്ചത്. വയലാ ഏഞ്ചലും സ്റ്റീഫന്‍ ആം സ്‌ട്രോങ്ങുമായിരുന്നു മാതാപിതാക്കള്‍. അച്ഛന്‍ ഒഹയോ സര്‍ക്കാരിന്റെ ഓഡിറ്ററായിരുന്നു. അതു കൊണ്ടുതന്നെ ആംസ്‌ട്രോങ്ങ് ജനിച്ച് അടുത്ത പതിനാല് വര്‍ഷം പതിനാറ് സ്ഥലങ്ങളില്‍ വീട് മാറി താമസിക്കേണ്ടി വന്നു. രണ്ട് വയസുള്ളപ്പോള്‍ അച്ഛന്‍ ആംസ്‌ട്രോങ്ങിനെ ക്ലേവ്‌ലാന്‍ഡ് എയര്‍ ഷോയ്ക്ക് കൊണ്ടുപോയിരുന്നു. അഞ്ചുവയസുള്ളപ്പോള്‍ ആംസ്‌ട്രോങ്ങിന് ആദ്യ വിമാനയാത്രയുടെ അനുഭവവും ലഭിച്ചു. ഇതൊക്കെ കുട്ടിയായിരിക്കുമ്പോള്‍തന്നെ വിമാനം പറപ്പിക്കാനുള്ള താല്‍പര്യം ആംസ്‌ട്രോങ്ങില്‍ ജനിപ്പിച്ചു. പതിനാറ് വയസുള്ളപ്പോള്‍ വിമാനം പറപ്പിക്കാനുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ലൈസന്‍സ് ആംസ്‌ട്രോങ്ങ് കരസ്ഥമാക്കി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും മുമ്പായിരുന്നിത്. സ്‌കൗട്ടില്‍ സജീവമായിരുന്ന ആംസ്‌ട്രോങ്ങ് അതില്‍ ധാരാളം അവാര്‍ഡുകള്‍ വാരിക്കൂട്ടി.
17 വയസായപ്പോള്‍ അദ്ദേഹം വര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ ഏറനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠനം ആരംഭിച്ചു. 1949 ജനുവരി 26ന് അദ്ദേഹം നേവിയില്‍ ചേര്‍ന്നു. നേവിയില്‍ സേവനമനുഷ്ഠിച്ചപ്പോള്‍ പലതരത്തിലുള്ള വിമാനം പറപ്പിക്കാന്‍ പ്രാവീണ്യം നേടി. 1951‑ല്‍ കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധത്തില്‍ 78 മിഷനുകളില്‍ ആംസ്‌ട്രോങ് വിമാനം പറത്തി. 121 മണിക്കൂര്‍ അദ്ദേഹം വിമാനം പറത്തി. അതില്‍ മൂന്നിലൊരു ഭാഗം 1952 ജനുവരിയിലായിരുന്നു. യുദ്ധത്തില്‍ പ്രകടിപ്പിച്ച മികവിന് ആംസ്‌ട്രോങ്ങിന് ധാരാളം അംഗീകാരം ലഭിച്ചു. നേവിയിലെ സ്ഥിരം കമ്മീഷനിങ് 1952 ല്‍ അവസാനിച്ചു. പിന്നീടദ്ദേഹം റിസര്‍വായി തുടര്‍ന്നു. ഇക്കാലയളവില്‍ വര്‍ഡ്യൂവില്‍ പഠനം തുടര്‍ന്നു. 1955‑ല്‍ ഏറനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. വര്‍ഡ്യൂവില്‍ എക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്ന ജാനറ്റ് എലിസബത്ത് ഷിറോണിനെ 1956ല്‍ വിവാഹം കഴിച്ചു. 1960ല്‍ അദ്ദേഹം നേവിയില്‍ നിന്നും വിരമിച്ചു.
കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലൈ 16‑നാണ് ചന്ദ്രദൗത്യം ആരംഭിച്ചത്. നീല്‍ ആംസ്‌ട്രോങ്ങ്, മൈക്കള്‍ കോളിന്‍സ്, ബസ് ആല്‍ഡ്രിന്‍ എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. 1969 ജൂലൈ 21ന് ആംസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തി. ”ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പ്. മാനവരാശിയുടെ വന്‍ കുതിപ്പ്”. ചന്ദ്രനില്‍ കാല്‍കുത്തിയ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രശസ്തമാണല്ലോ. 1970‑ല്‍ അദ്ദേഹം സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടി. 1971ല്‍ അദ്ദേഹം നാസയില്‍ നിന്ന് രാജിവച്ചു. അദ്ദേഹം പിന്നീട് സിന്‍ഡിനാറ്റി സര്‍വകലാശാലയില്‍ ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ പ്രൊഫസറായി. 1980ല്‍ അദ്ദേഹം ആ സ്ഥാനം രാജിവച്ചു. ബൈപാസ് സര്‍ജറിക്കുശേഷമുള്ള സങ്കീര്‍ണതകളില്‍ 2012 ഓഗസ്റ്റ് 25ന് ആംസ്‌ട്രോങ്ങ് നിര്യാതനായി.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിനുള്ള ഉത്തരം.
1982 ലെ കെമിസ്ട്രി നൊബേല്‍ സമ്മാന ജേതാവ്
ആരോണ്‍ ക്ലഗാണ്.
ഈ ലക്കത്തിലെ ചോദ്യം?
ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത്
ചെലവഴിച്ചതാരാണ്?