Friday
22 Feb 2019

നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു

By: Web Desk | Wednesday 14 February 2018 10:43 PM IST

  • വനം വകുപ്പ് ഏറ്റെടുക്കുന്നത് ഏഴ് എസ്റ്റേറ്റുകളുടെ ഭൂമി
  • തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: പാലക്കാട് നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച 2000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ടീ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡിന് പാട്ടത്തിന് നല്‍കിയിരുന്ന ഏഴ് എസ്‌റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്.

1980 ലെ വനസംരക്ഷണ നിയമം, 1964 ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍, 1961 ലെ ഫോറസ്റ്റ് ആക്ട്, 1940 ലെ ഗവണ്‍മെന്റ് ലാന്‍ഡ്‌സ് ഗ്രാന്റ്‌സ് ആക്ട്, 1905 ലെ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് എന്നിവയിലെ പല വ്യവസ്ഥകളും ലംഘിച്ചതിനാലാണ് പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന ഭൂമി നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ദോഷം വരാത്ത രീതിയില്‍ ന്യായമായ ഒരു പാക്കേജ് പ്രഖ്യാപിച്ച് തൊഴില്‍സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ടാവും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.

സംസ്ഥാനത്ത് നിലവിലുള്ള അതീവ പ്രാധാന്യമേറിയ 35 ജൈവവൈവിധ്യ സങ്കേതങ്ങളില്‍ ഒന്നാണ് നെല്ലിയാമ്പതി. വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഉയര്‍ന്ന ജൈവവൈവിധ്യമുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗവുമാണ് നെല്ലിയാമ്പതി വനമേഖല.
നെല്ലിയാമ്പതി റിസര്‍വ്വ് വനമേഖലകള്‍ ബ്രിട്ടീഷുകാരായ പ്ലാന്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കണമെന്ന് 1860 ല്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന ടി എന്‍ മാര്‍ട്ട്ബി കൊച്ചിന്‍ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ശങ്കുണ്ണിമേനോന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നെല്ലിയാമ്പതി വനമേഖലകള്‍ പാട്ടത്തിന് നല്‍കാന്‍ ആരംഭിച്ചത്. അപ്രകാരം 25 എസ്‌റ്റേറ്റുകളിലായി ആകെ 9491.20 ഏക്കര്‍ വനഭൂമി പാട്ടത്തിന് നല്‍കുകയുണ്ടായി. അങ്ങനെ പാട്ടത്തിനെടുത്ത ഭൂമി പിന്നീട് തദ്ദേശീയരും വിദേശീയരുമായ കമ്പനികളും വ്യക്തികളും വിലയ്ക്ക് വാങ്ങുകയും മറ്റുതരത്തില്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. 1905 ലെ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് നിലവില്‍ വന്നതോടെ ഈ മേഖല മുഴുവന്‍ റിസര്‍വ്വ് വനമായി മാറി. പ്രസ്തുത ഭൂമിയില്‍ തേയില, കാപ്പി, റബ്ബര്‍, ഏലം തുടങ്ങിയവ കൃഷി ചെയ്യാന്‍ മാത്രമാണ് പാട്ടം നല്‍കിയിട്ടുള്ളത്.

വനഭൂമിയില്‍ കാപ്പി കൃഷി നടത്തുന്നതിന് അനുവാദം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ എന്ന കൊച്ചിന്‍ ദിവാന്‍ 1862 ല്‍ പുറത്തിറക്കിയ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് പാട്ടക്കരാറുകള്‍ തയ്യാറാക്കിയിരുന്നത്. 1909 ല്‍ റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്തപ്പോള്‍ ഈ 25 എസ്‌റ്റേറ്റുകളും വനഭൂമിക്കകത്ത് പ്രത്യേകം തിരിച്ച ഭൂമിയായി നിലനിര്‍ത്തുകയുണ്ടായി.
പാട്ടാവകാശമൊഴികെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ മറ്റെല്ലാ അവകാശവും കൊച്ചി രാജാവില്‍ നിലനിര്‍ത്തിയാണ് പാട്ടക്കരാറുകള്‍ തയ്യാറാക്കിയത്. അതിനു ശേഷം പല തവണ ദിവാന്റെ അനുമതിയോടെ പാട്ടഭൂമി പലര്‍ക്കും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ പിന്നീട് ദിവാന്റെ അനുമതി വേണമെന്ന വ്യവസ്ഥ കാറ്റില്‍പ്പറത്തിക്കൊണ്ടും പല കൈമാറ്റങ്ങളും നടന്നു. കൊച്ചിന്‍ സര്‍ക്കാരായിരുന്നു റിസര്‍വ്വ് വനമേഖലയുടെ പാട്ടത്തിന്റെ ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാനം. 1956 ലെ സ്‌റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് നിലവില്‍ വന്നതോടെ അതിനുള്ള അധികാരി സംസ്ഥാന സര്‍ക്കാര്‍ ആയി മാറുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയുള്ള ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ഇപ്പോള്‍ ഏറ്റെടുക്കാനുദ്ദേശിച്ചിട്ടുള്ള ഏഴ് എസ്റ്റേറ്റുകളുടെ ആകെ വിസ്തൃതി 2500 ഏക്കറായിരുന്നു. അതില്‍ 500 ഏക്കര്‍ നേരത്തേ തന്നെ പരിസ്ഥിതി ലോല പ്രദേശമായി വനംവകുപ്പ് വിജ്ഞാപനം ചെയ്തിരുന്നു. അവശേഷിക്കുന്ന 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് വനംവകുപ്പ് ആരംഭിക്കുന്നത്.
നെല്ലിയാമ്പതിയില്‍ തന്നെയുള്ള കരുണ ഏസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉടമകള്‍ക്ക് നികുതി അടയ്ക്കുന്നതിന് അനുവാദം നല്‍കിയത് വിവാദമായിരുന്നു. ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ തീരുമാനം റദ്ദാക്കുകയായിരുന്നു.

Related News