Web Desk

തിരുവനന്തപുരം

January 21, 2020, 4:07 pm

നേപ്പാളില്‍ മലയാളികളുടെ മരണം: മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

Janayugom Online

നേപ്പാളിലെ ദമനില്‍ എട്ട് മലയാളി വിനോദ സഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാളിലെ ദമാനില്‍ ഹോട്ടല്‍ മുറിയിലാണ് എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), വൈഷ്ണവ് രഞ്ജിത് (2), ശ്രീഭദ്ര (9), അഭിനവ് സൂര്യ (9), അഭി നായര്‍ (7)എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗെറ്റ് ടുഗദറില്‍ പങ്കെടുത്ത ശേഷമാണ് സംഘം നേപ്പാളിലേക്ക് വിനോദ യാത്ര പോയത്.

ഇവര്‍ ശ്വാസംമുട്ടി മരിച്ചെന്നാണു നിഗമനം. കടുത്ത തണുപ്പിനെ തുടര്‍ന്ന് മുറികള്‍ അടച്ച് ഇവര്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായി അറിയുന്നു. ഹീറ്ററില്‍നിന്നു വാതകം ചോര്‍ന്നതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.