Web Desk

പിലിഭിത്ത്

March 05, 2021, 10:40 pm

നേപ്പാൾ അതിർത്തിയിൽ വെടിവയ്പ്പ്: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

Janayugom Online

ഉത്തർപ്രദേശ് പിലിഭിത്തിലെ ഇന്ത്യ‑നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാൾ പൊലീസ് ഇന്ത്യൻ പൗരൻമാർക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മരിച്ചത് ഗോവിന്ദ സിങ് എന്നയാളാണെന്ന് യുപി പൊലീസ് പറഞ്ഞു. നേപ്പാള്‍ പൊലീസാണ് ഗോവിന്ദ് സിങ്ങിനെതിരെ വെടിയുതിര്‍ത്തതെന്നും യുപി പൊലീസ് വ്യക്തമാക്കി.
ഗോബിന്ദ് സിങ് സുഹൃത്തുക്കളായ പപ്പു സിങ്, ഗുര്‍മീത് സിങ് എന്നിവരോടൊപ്പം അതിര്‍ത്തിയിലെ മാര്‍ക്കറ്റിലേക്ക് പോയപ്പോൾ അവിടെ വച്ച് നേപ്പാള്‍ പൊലീസുമായി തര്‍ക്കമുണ്ടായെന്നും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ നേപ്പാൾ പൊലീസ് ഇവർക്ക് നേരെ വെടിവച്ചു എന്നുമാണ് ഹിന്ദുസ്ഥാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൂന്നുപേരില്‍ ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇന്ത്യന്‍ ഭൂപ്രദേശത്തേക്കാണ് ഓടിയതെന്നാണ് വിവരം. മൂന്നാമത്തെ ആളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അതിര്‍ത്തിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉത്തര്‍പ്രദേശ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വെടിവയ്പ്പിനെത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

കസ്റ്റംസ് തീരുവയും വിവിധ നികുതികളും ഒഴിവാക്കി സാധനങ്ങള്‍ കടത്തുന്ന രീതി അതിര്‍ത്തിയില്‍ വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ സശസ്ത്ര സീമാ ബല്‍ എട്ട് ലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അതിനു മുമ്പ് ഒരു കോടി രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ ഇതേ പ്രദേശത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ധന വില വര്‍ധിച്ചതോടെ പെട്രോളിയം ഉല്പന്നങ്ങള്‍ കടത്തുന്നതും വര്‍ധിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

ENGLISH SUMMARY:Nepal bor­der shoot­ing: Indi­an cit­i­zen killed
You may also like this video