നേപ്പാളിൽ റിസോര്‍ട്ടിലെ മുറിയിലെ ഹീറ്ററില്‍നിന്ന് വിഷ പുക ശ്വസിച്ച് മരിച്ച പ്രവീൺകുമാറിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നാട്ടുകാരും ബന്ധുക്കളും അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പിലാണ് പ്രവീൺകുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
മൂന്ന് മക്കളുടേയും മൃതദേഹങ്ങൾ ഒരു കുഴിയിലാണ് സംസ്കരിച്ചത്. ഇതിന് ഇരുവശത്തുമായി പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയായിരുന്നു. ശരണ്യയുടെ സഹോദരിയുടെ പുത്രനായ മൂന്നുവയസുകാരനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
ഡല്‍ഹിയില്‍ നിന്ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രാവിലെ എട്ടേകാലോടെ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കലെ രോഹിണിഭവനിലെത്തിച്ചു.
പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ റിസോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.