Web Desk

കാഠ്മണ്ഡു

December 20, 2020, 10:41 pm

നേപ്പാൾ പാർലമെന്റ് പിരിച്ചുവിട്ടു

Janayugom Online

നേപ്പാൾ പാർലമെന്റ് പിരിച്ചുവിട്ടു. പാർട്ടിക്കുള്ളിൽ സമ്മർദ്ദം രൂക്ഷമായതിന് പിന്നാലെയാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി അപ്രതീക്ഷിത നീക്കം നടത്തിയത്. പാർലമെന്റ് പിരിച്ചുവിടാനുള്ള കാബിനറ്റ് തീരുമാനത്തിന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി അനുമതി നൽകുകയായിരുന്നു. അടുത്ത വർഷം ഏപ്രിൽ 30നും മെയ് 10നും ഇടയിൽ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും ഭണ്ഡാരി അറിയിച്ചു. മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹലിന്റെയും (പ്രചണ്ഡ) മാധവ് കുമാർ നേപ്പാളിന്റെയും നേതൃത്വത്തിൽ പാർട്ടിയിലെ എതിരാളികളിൽനിന്നു കടുത്ത സമ്മർദ്ദമാണ് ഒലിയ്ക്ക് നേരെയുണ്ടായത്.

ഇടക്കാല സർക്കാരിനെ നയിക്കുന്നത് ഒലി തന്നെയാകും. വിവാദമായ ഭരണഘടനാ കൗൺസിൽ ആക്ടുമായി ബന്ധപ്പെട്ട ഓർഡിനൻസിനെച്ചൊല്ലി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ തർക്കം സർക്കാരിന് എതിരായതോടെയാണ് പാർലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ഒലി എത്തിയത്.

2017ൽ തെരഞ്ഞെടുക്കപ്പെട്ട 275 അംഗ ജനപ്രതിനിധി സഭയാണ് പിരിച്ചുവിട്ടത്. ഭരണഘടനാ സ്ഥാപനങ്ങൾ ഉൾപ്പെടെ നിർണായക നിയമനങ്ങൾ നടത്താൻ ഒലിക്ക് അധികാരം നൽകിക്കൊണ്ടു പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം സമ്മർദ്ദം ചെലുത്തിയത്. അടിയന്തര കാബിനറ്റ് വിളിച്ചുചേർക്കാൻ ഒലി ഉത്തരവിട്ടപ്പോൾ ഓർഡിനൻസ് പിൻവലിക്കാനുള്ള നീക്കമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പാർലമെന്റ് പിരിച്ചുവിടുക എന്ന അപ്രതീക്ഷിത നീക്കമാണ് ഒലിയുടെ ഭാഗത്തുനിന്നുണ്ടായത്. ഭൂരിപക്ഷ സർക്കാരിനെ പിരിച്ചുവിടാൻ ഒലിക്ക് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് പാർട്ടിക്കുള്ളിലെ എതിർപക്ഷം വാദമുന്നയിക്കുന്നത്.

Eng­lish sum­ma­ry; Nepal’s par­lia­ment dissolved

You may also like this video;