നേരമില്ലിനി

ചവറ കെ എസ് പിള്ള
പിന്നെയും അമാവാസി
വന്നുവോ ഇരുള്പ്പട
എങ്ങുമേ നക്ചഞ്ചര
താണ്ഡവം തുടരുന്നോ?
കെട്ടുപോകുന്നോ വീണ്ടും
എത്തിടും വിഷക്കാറ്റാല്
ഇത്തറവാടിന്‍ പുണ്യ-
ഭദ്രദീപങ്ങള്‍ സര്‍വ്വം.
വാളോങ്ങിയടുത്തിട്ടും
ഇരുട്ടിന്കോലങ്ങളെ
വേരോടെ തുരത്തുവാന്‍
വീറോടെ പൊരുതിയോര്‍
വന്നടിഞ്ഞൊരീമണ്ണി-
ന്നാത്മാവൊരായിരം
ചോരപ്പൂവിടര്ത്തുന്നു
ലാല്‍സലാം! മുഴക്കുന്നു
എത്രയോ പോരാടി നാം
നേടിയമതേതര
മര്ത്യസൗഹൃദ സ്നേഹ-
സൂര്യരെ വിഴുങ്ങിടും
ഛിദ്രശക്തിയെ ഘോര-
സര്‍പ്പമാണല്ലോ മുന്നില്‍
ആയിരം ഫണം നീര്‍ത്തി
സീര്ക്കാരമുതിര്ക്കുന്ന
മായികവിഭ്രാമക
ഇന്ദ്രജാലങ്ങള്‍ കാട്ടി
ജീവനില്‍ വിഷപ്പത്തി
പൂഴ്ത്തിടും രസകേളി.
പൂതനചമയുമീ
മോഹനക്കാഴ്ചക്കുള്ളില്
മേവിടും വിനാശത്തിന്
പത്തിനാമറിയുക
പൊയ്മുഖം, കത്തി-
ച്ചാരമാകുവാനഗ്നി
ത്തെയ്യമായണയുക
നേരമില്ലിനി തെല്ലും…..