‘പ്രേ ഫോര്‍ നേസമണി’; മോഡിയെ പിന്തള്ളി കോണ്‍ട്രാക്ടര്‍ നേസമണി

Web Desk
Posted on May 30, 2019, 9:21 pm

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് നേസമണി. ഇപ്പോള്‍ മനസ്സിലുദിക്കുന്ന ഒരു ചോദ്യമുണ്ട് ആരാ നേസമണിയെന്ന്. പറഞ്ഞുതരാം, മറ്റാരുമല്ല ഫ്രണ്ട്‌സിന്‍റെ തമിഴ് പതിപ്പില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് നേസമണി. ഇയാള്‍ തന്നെയാണ് ട്വിറ്ററിലെ ഇന്നത്തെ സൂപ്പര്‍താരം.

#PrayForNesamani

ട്വിറ്ററില്‍ നേസമണിക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൊണ്ടു നിറയുകയാണ്. ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് ട്വിറ്ററില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. നേസമണിയുടെ ഈ അവസ്ഥക്കു കാരണം പാക്കിസ്താന്‍കാരാണെന്നും ഇവരില്‍ ചിലര്‍ പറയുന്നുണ്ട്.


സംഭവങ്ങളുടെ തുടക്കം പാകിസ്താനിലെ ഒരു ട്രോള്‍ പേജിലാണ്. ഒരു ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്തു പേരു പറയും എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിനുതാഴെ രസകരമായ മറുപടിയുമായെത്തിയത് തമിഴ്‌നാട്ടുകാരനാണ്. ”ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കൈയില്‍ നിന്ന് ചുറ്റിക തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു’. സിനിമയിലെ രംഗമാണിതെന്ന് അറിയാത്ത പാകിസ്താന്‍കാരുടെ ചോദ്യം ‘ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ട്’ എന്നായിരുന്നു. പിന്നാലെ പ്രേ ഫോര്‍ നേസമണി ടാഗുകള്‍ ട്രോളന്മാര്‍ ഏറ്റെടുത്തു.

പിന്നീട് നേസമണിയായി താരം. ട്രോള്‍ മഴയെന്നൊക്കെ കേട്ടിട്ടേയുള്ളു. ട്വിറ്റര്‍ ലോകം നേസമണിയങ്ങ് കീഴടക്കുവായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പേജില്‍ പോലും ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഉയര്‍ന്നിട്ടുണ്ട്. ധോണിയുണ്ടായിരുന്നെങ്കില്‍ നേസമണിയെ രക്ഷിക്കാമെന്നായിരുന്നു ആ ട്രോള്‍.


സത്യപ്രതിജ്ഞയായിരുന്നിട്ടുപോലും നരേന്ദ്രമോഡിയെ പിന്തള്ളിയാണ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നേസമണി ഒന്നാമതെത്തിയത്. തമിഴില്‍ വടിവേലു ചെയ്ത കഥാപാത്രം മലയാളത്തില്‍ അവതരിപ്പിച്ചത് ജഗതി ശ്രീകുമാര്‍ ആണ്. ലാസര്‍ എളേപ്പന്‍ എന്നായിരുന്നു കഥാപാത്രത്തിെന്റ പേര്. മലയാളത്തില്‍ ഹിറ്റ് ആയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു.