Thursday
19 Sep 2019

കേരളത്തിന് അനന്തസാദ്ധ്യതകള്‍ തുറന്നിട്ട് നെതര്‍ലന്‍ഡ്‌സ്

By: Web Desk | Wednesday 31 July 2019 10:20 PM IST


മുഖ്യമന്ത്രി പിണറായി വിജയനുമായി നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് കേരളഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: കേരളത്തിന്റെ മനുഷ്യ വിഭവശേഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനന്തസാധ്യതകള്‍ തുറന്നിട്ട് നെതര്‍ലന്‍ഡ്‌സ്. നഴ്‌സിംഗ് മേഖലയിലാണ് മലയാളികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നെതര്‍ലന്‍ഡ്‌സ് തുറന്നുനല്‍കുന്നത്. കേരളഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു.

നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000 മുതല്‍ 40,000 പേരുടെ വരെ ആവശ്യം നിലവില്‍ ഉണ്ടെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പ്രതികരിച്ചു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 1520 അംഗ ഡെലിഗേറ്റ് സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.

കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്റ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ പ്രകൃതി ഭംഗി ആകര്‍ഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാര്‍ഷിക രംഗത്തും പുഷ്പകൃഷിയിലും നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ദ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതര്‍ലന്‍ഡ്‌സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഡച്ച് കമ്പനികള്‍ക്ക് താല്പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു. നെതര്‍ലന്‍സ് എംബസി ധനകാര്യ വകുപ്പു മേധാവി ജൂസ്റ്റ് ഗേയ്ജര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related News