ന്യൂറോളജി വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം

Web Desk
Posted on July 09, 2019, 7:10 pm

കൊച്ചി: നാഡി പേശി വ്യവസ്ഥകളെ ബാധിക്കുന്ന രോഗങ്ങളുടെ നിര്‍ണ്ണയം, പ്രതിരോധം, ചികില്‍സ എന്നിവയ്ക്കായി വൈദ്യശാസ്ത്രം നടത്തുന്ന ഏറ്റവും പുതിയ കാല്‍വയ്പുകള്‍ ചര്‍ച്ച ചെയ്യുന്ന ന്യൂറോളജി വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ‘മണ്‍സൂണ്‍ സമ്മിറ്റ് 2019’ ജൂലൈ 12 വെള്ളിയാഴ്ച്ച ഗ്രാന്റ് ഹയാത്തില്‍ ആരംഭിക്കും.

കേരള അസ്സോസ്സിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് (കെ എ എന്‍) ആണ് മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും, ശാസ്ത്രജ്ഞന്മാരും പതിനഞ്ചിലധികം അന്താരാഷ്ട്ര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ആര്‍. വി. അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എ. എന്‍ പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് കുഞ്ഞ്, ഡോ. സുരേഷ് ചന്ദ്രന്‍ സി.ജെ, ഡോ. വിനയന്‍ കെ.പി, ഡോ. കെ.എ. സലീം, ഡോ. വി.ജി. പ്രദീപ് കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും. മുതിര്‍ന്ന ന്യൂറോളജിസ്റ്റുകളായ ഡോ. ആര്‍ ആനന്ദം, ഡോ. കെ രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ബാള്‍ട്ടിമോര്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് മെഡിസിന്‍, ന്യൂറോളജി ആന്റ് പീഡിയാട്രിക്ക് വിഭാഗം പ്രഫസര്‍ ശ്രീമതി.സക്കുഭായ് നായിഡു കുട്ടികളിലെ തലച്ചോറിലെ വൈറ്റ്മാറ്റര്‍ ഡിസോഡര്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യയില്‍ 3 കോടി ജനങ്ങള്‍ക്ക് ന്യൂറോളജി പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. നഗരങ്ങളും ഗ്രാമങ്ങളും കേന്ദീകരിച്ച് ന്യൂറോ പ്രശ്‌നങ്ങള്‍ നേരിടാന്‍ സമഗ്രമായ ചികില്‍സാ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാര്‍ പറഞ്ഞു.
കുട്ടികളിലെയും കൗമാരക്കാരിലെയും നാഡീ പേശി രോഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികച്ച പ്രായോഗിക പദ്ധതികളും സമ്മേളനം ലക്ഷ്യമിടുന്നു.

മൂന്നൂ ദിവസത്തെ കാര്യ പരിപാടികള്‍ അക്കാഡമിക്ക് കണ്‍വീനറും, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം തലവനുമായ ഡോ. കെ.പി. വിനയന്‍ വിശദീകരിച്ചു. ന്യൂറോളജിയിലെ തീവ്രപരിചരണം, ജനിതക ന്യൂറോ മസ്‌കുലാര്‍ രോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ രണ്ടു സുപ്രധാന വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും.

ന്യൂറോ ജനറ്റിക്‌സ്, അള്‍ഷിമേഴ്‌സ് രോഗത്തിനും മറ്റു മറവി രോഗങ്ങള്‍ക്കുമുള്ള ബയോ മാര്‍ക്കറുകള്‍, മുതിര്‍ന്ന പൗരന്‍മാരിലെ ഓര്‍മ്മശക്തി അളക്കല്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ചികിത്സ, കുട്ടികളിലെ അപസ്മാരം, പാരമ്പര്യമായി ഉണ്ടാകുന്ന നാഡീവ്യൂഹ രോഗങ്ങള്‍, പക്ഷാഘാത നിയന്ത്രണം എന്നീ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടത്തും. മലയാളി സമൂഹത്തില്‍ ഓര്‍മ്മശക്തി സംബന്ധിച്ച് നടത്തിയ കേരള ഐന്‍സ്റ്റീന്‍ പഠനറിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും.