കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പിന്നെ കുട്ടികളെ മറ്റ് വല്ലവരും സംരക്ഷിക്കേണ്ടിവരും

Web Desk
Posted on July 01, 2019, 6:34 pm

അബുദാബി: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും (1.87 കോടി രൂപ) പത്തു വര്‍ഷം തടവും. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചത്.

കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം (93,860 രൂപ) പിഴയും തടവും ശിക്ഷയായി ലഭിക്കും. കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോതനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും.