18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

ഗ്രാമങ്ങള്‍ വിളിക്കുന്നു; നാടിന്റെ പച്ചപ്പും ഹരിതാഭയും സംസ്കാരവും ആസ്വദിക്കാന്‍

മനു അഖില
തിരുവനന്തപുരം
August 22, 2021 10:21 pm

മ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ഗ്രാമങ്ങള്‍ സഞ്ചാരികളെ വീണ്ടും മാടി വിളിക്കുന്നു; അനുഭവേദ്യ കാഴ്ചകളിലൂടെ നാടിന്റെ പച്ചപ്പും ഹരിതാഭയും സംസ്കാരവും ആസ്വദിക്കാന്‍. കോവിഡ് പ്രതിസന്ധിയില്‍ അല്പമൊന്ന് നിറം മങ്ങിയെങ്കിലും കൂടുതല്‍ പുതിയ വിഭവങ്ങളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗ്രാമീണ ടൂറിസം പാക്കേജുകൾ പുനരാരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ ഏഴ് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ അവതരിപ്പിക്കുന്നത്. മൂന്ന് ഘട്ടമായി 40 സ്ഥലങ്ങള്‍ കൂടി ഉടനെ പദ്ധതിയുടെ ഭാഗമായി തുറക്കും. സെപ്റ്റംബര്‍ 10 നുള്ളില്‍ 15 ഗ്രാമങ്ങള്‍ കൂടി പദ്ധതിയുടെ ഭാഗമാകും. കാസർകോട് ജില്ലയിലെ ബേക്കൽ, വയനാട് ജില്ലയിലെ തേക്കുംതറ, കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ വിവിധ അനുഭവേദ്യ പാക്കേജുകളാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ഇവിടങ്ങളില്‍ വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, കൾച്ചറൽ എക്സ്പീരിയൻസ്, സ്റ്റോറി ടെല്ലിങ്, നേറ്റീവ് എക്സ്പീരിയൻസ്, വില്ലേജ് വാക്ക് പ്രോഗ്രാമുകൾ തുടങ്ങിയവ സ‌ഞ്ചാരികള്‍ക്ക് ലഭ്യമാകും. കാഴ്ചകള്‍ കണ്ട് മടങ്ങുന്നതിന് പകരം പ്രാദേശിക ജനതയുടെ വിവിധ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും പരമ്പരാഗത ജീവനോപാധികളിലും ഭാഗമാകാന്‍ അവസരമൊരുക്കും.

ഗ്രാമീണ ടൂറിസം പാക്കേജുകളുടെ പ്രാഥമിക ഘട്ടം 2009 ല്‍ കുമരകത്താണ് ആരംഭിച്ചത്. ഘട്ടം ഘട്ടമായി 2017ല്‍ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും പാക്കേജുകള്‍ വ്യാപിപ്പിച്ചു. 2018 ല്‍ ഒരു ലക്ഷത്തോളം സഞ്ചാരികളാണ് ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായി സംസ്ഥാനത്തേക്ക് എത്തിയത്. കോവിഡ് കാലമായതിനാല്‍ ഇത്തവണ കൂടുതല്‍ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നില്ലെങ്കിലും വരുന്ന അതിഥികള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടതെല്ലാം പാക്കേജുകളില്‍ ഒരുക്കിയിട്ടുണ്ട്. http://keralatourism.org/rt എന്ന വെബ്സൈറ്റിലെ വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് എന്ന ലിങ്കിലൂടെ പാക്കേജുകള്‍ ബുക്ക് ചെയ്യാനാകും. നിലവില്‍ 468 ബുക്കിങ്ങുകളാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്.

പ്രധാനമായും ആഭ്യന്തര ടൂറിസ്റ്റുകളെയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മിഷന്‍ നേതൃത്വം നല്‍കുന്നുവെങ്കിലും പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഗ്രാമീണ സംരംഭകര്‍ തന്നെയാണ്. സമീപഭാവിയില്‍ ഓരോ ഗ്രാമപ്രദേശത്തും ഒരു ടൂറിസം കേന്ദ്രമെന്ന ടൂറിസം വകുപ്പിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗ്രാമീണ ടൂറിസം പാക്കേജുകളും കൂടുതല്‍ വ്യാപ്തി കൈവരിക്കുമെന്നത് തീര്‍ച്ചയാണ്.

തെങ്ങില്‍ കയറി സെല്‍ഫിയെടുക്കാം

കരിക്ക് കുടിക്കുന്നതിനൊപ്പം തെങ്ങില്‍ കയറി സെല്‍ഫിയെടുക്കണോ… അതിനും പാക്കേജുണ്ട്. ആലകള്‍, നെയ്ത്ത്, കള്ള് വ്യവസായം, കയര്‍ വ്യവസായം, ഓലമെടയല്‍ തുടങ്ങി ഒരു സഞ്ചാരിക്ക് ഗ്രാമീണ ജീവിതത്തിലെ നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാകാം. ഗ്രാമീണ തൊഴിലുകളുടെ അഭിമാനമുയര്‍ത്തുന്നതിനൊപ്പം പ്രതിസന്ധികാലത്ത് തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കലും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്ന് ഭക്ഷണ വൈവിധ്യം ആസ്വദിക്കാനാകുന്ന ‘എക്സ്പീരിയൻസ് എത്‌നിക്ക് ക്യുസീൻ പ്രോഗ്രാം’ ഇപ്പോൾ ആരംഭിക്കുന്നില്ല. എന്നാൽ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിൽ ഭക്ഷണം ലഭ്യമാക്കും.

പാക്കേജുകളില്‍ വില്ലേജ് വാക്ക്‌, സൈക്കിള്‍ ടൂര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. മിഷന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായ വീടുകളിലെയും മറ്റ് സംരംഭങ്ങളിലേയും 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ കുടുംബാംഗങ്ങളും 100 ശതമാനവും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർമാർ ഉറപ്പ് വരുത്തും. പാക്കേജുകൾക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇ‑മെയിൽ വിലാസത്തിൽ മെയിൽ അയക്കാവുന്നതാണ്.

Eng­lish sum­ma­ry; new advanced tech­nol­o­gy in tourism zone

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.