സ്വാതന്ത്ര്യ ദിനവും അനുച്ഛേദം 370ഉം

Web Desk
Posted on August 17, 2019, 10:31 pm

കഴിഞ്ഞ ദിവസം കടന്നുപോയ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ഗൗരവമായി കാണേണ്ട ഒന്നാണ്. ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍, വര്‍ത്തമാനകാലത്തെ ചെയ്തികള്‍, വരും കാലത്തിന്റെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഗൗരവമായി വിശകലനം ചെയ്യേണ്ട അവസ്ഥാ വിശേഷമാണ് ഇപ്പോഴുള്ളത്. ഭൂതകാലം എന്നത് ഒരു ദശാബ്ദമോ, ഒരു വര്‍ഷമോ കുറച്ച് മാസങ്ങളോ ആകാം. എന്നാല്‍ ജനാധിപത്യം തകരുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഏറെ കോലാഹലങ്ങള്‍ നിറഞ്ഞ ലോക്‌സഭാ സമ്മേളനത്തോടെയാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം ആരംഭിച്ചത്. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ബജറ്റ്, സാമൂഹ്യമായി ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മുത്തലാഖ് ബില്‍, തൊഴിലാളികളെ ദ്രോഹിക്കുന്ന തൊഴില്‍ നിയമ ഭേദഗതി, നിരക്ഷരത വളര്‍ത്തുന്ന ദേശീയ വിദ്യാഭ്യാസ നയം, ലാഡവൈദ്യന്മാര്‍ക്ക് പോലും അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ അനുമതി നല്‍കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്‍, ഏതൊരു വ്യക്തിയേയും തീവ്രവാദിയായി മുദ്രകുത്താന്‍ കഴിയുന്ന യുഎപിഎ ഭേദഗതി ബില്‍ ഇതൊക്കെയാണ് കഴിഞ്ഞ സമ്മേളനത്തില്‍ മോഡി സര്‍ക്കാര്‍ പാസാക്കിയത്.
എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. സമ്മേളനത്തിന്റെ അവസാനത്തില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. മോഡി സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയ അനുച്ഛേദം 370ന് പറയാന്‍ ഏറെ ചരിത്രമുണ്ട്. ജനാധിപത്യ, മതേതര, ക്ഷേമ റിപ്പബ്ലിക് രാജ്യം എന്ന സങ്കല്‍പ്പമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. അതിനിടെ വര്‍ഗീയതയുടെ ഒരു രാജ്യം ജന്മമെടുത്തു, ആയിരക്കണക്കിന് പേര്‍ മരിച്ചു. അതുപോലെ ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അത് തികച്ചും അപചയത്തിന്റെ സന്ദര്‍ഭമായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളുടെ രൂക്ഷത കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായി. 1952ലെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ ശക്തികള്‍ വിജയിച്ചു. മതേതരത്വത്തിന്റെ വിജയമായിരുന്നു അത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആരംഭിച്ചിരുന്നു.
ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി കൂട്ടിച്ചേര്‍ത്തത് ഇതിന്റെ ഭാഗമായാണ്. ഇതിനുള്ള ഉടമ്പടി ജമ്മു കശ്മീര്‍ രാജാവായ രാജാ ഹരിസിങുമായി ഒപ്പിട്ടു. 1947 ഒക്‌ടോബര്‍ 26ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവും രാജാ ഹരിസിങുമാണ് ഉടമ്പടി ഒപ്പിട്ടത്. ജമ്മു കശ്മീരിന്റെ ക്രമസമാധാന നില മെച്ചപ്പെട്ടാല്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് മൗണ്ട് ബാറ്റണ്‍ രേഖാമൂലം രാജാ ഹരിസിങിനെ അറിയിച്ചിരുന്നു. ഇത് കശ്മീരിന്റെ ഒരു ഭാഗം കയ്യടക്കിയ പാകിസ്ഥാനുമായി പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ഇന്ത്യയുമായി കൂട്ടിയോജിപ്പിച്ചത് അന്തിമവും ഉപാധിരഹിതവുമാണെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചു.
പാകിസ്ഥാന്റെ അധിനിവേശം സംബന്ധിച്ച് ഇന്ത്യ 1948ല്‍ യുഎന്നിനേയും സുരക്ഷാ സമിതിയേയും സമീപിച്ചു. അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് യുഎന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പാകിസ്ഥാന്‍ അംഗീകരിച്ചില്ല. അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന കാര്യത്തില്‍ നിന്നും ഇന്ത്യ പിന്‍മാറി. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താ വിനിമയം ഒഴികെയുള്ള വിഷയങ്ങളില്‍ ജമ്മു കശ്മീരിന് പ്രത്യേക അവകാശം വേണമെന്ന വ്യവസ്ഥ രാജാ ഹരിസിങ് മുന്നോട്ടുവച്ചു. തനതായ ഭരണഘടന തയ്യാറാക്കുന്നതിന് ജമ്മു കശ്മീര്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി രൂപീകരിച്ചു. 1957 ജനുവരി 26ന് ജമ്മുകശ്മീരിന് തനതായ ഭരണഘടന നിലവില്‍ വന്നു. ജമ്മു കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന അനുച്ഛേദം 370ല്‍ ഭേദഗതി സംസ്ഥാനവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ വരുത്തുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സംസ്ഥാനവുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി അനുച്ഛേദം 370 റദ്ദാക്കി.
ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ തടവറയിലാണ്. തീവ്രവാദം, വിഘടവാദം എന്നിവയ്‌ക്കെതിരെ പോരാടിയ നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കശ്മീരിന്റെ വികസനത്തിന് തടസമാകുന്നുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ അനുച്ഛേദം 370 റദ്ദാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകള്‍ ഇത് അടിസ്ഥാനരഹിതമായ വാദമെന്ന് വ്യക്തമാക്കുന്നു. മാനവ വികസന സൂചികയില്‍ ജമ്മു കശ്മീര്‍ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ്. ബിപിഎല്‍ വിഭാഗത്തിലുള്ള ആളുകള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കുറവാണ്. കശ്മീരിലെ ആകെ ജനസംഖ്യയില്‍ പത്ത് ശതമാനം മാത്രമാണ് ബിപിഎല്‍ വിഭാഗത്തിലുള്ളത്. ദേശീയ ശരാശരി 22 ശതമാനമാണ്. അസമത്വത്തിന്റെ അനുപാതം കേവലം 0.221 ശതമാനം മാത്രമാണ്. ഇതൊക്കെ അനുച്ഛേദം 370 നിലവിലുള്ളപ്പോള്‍ നേടിയതാണ്. ഈ നേട്ടങ്ങള്‍ ഇന്ത്യയിലെ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വായത്തമാക്കിയതിനെക്കാള്‍ ഏറെ മികച്ചതുമാണ്.