Tuesday
19 Feb 2019

ബിജെപിയും കപടസന്ന്യാസിമാരും

By: Web Desk | Sunday 3 September 2017 1:42 AM IST

സ്ത്രീകളായ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മീത് സിങ് റാം റഹീമിനെ കോടതി ശിക്ഷിച്ചു. 15 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് റാം റഹീമിനെ ശിക്ഷിച്ചത്. റാം റഹീം ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ രണ്ടു പേര്‍ മാത്രമാണ് കോടതിയില്‍ എത്തി സാക്ഷി പറയാനുള്ള ധൈര്യം കാണിച്ചത്. ഇതിലൂടെ കാപട്യം നിറഞ്ഞ ബാബമാരുടെ സ്വഭാവമാണ് വെളിപ്പെട്ടത്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെ സംരക്ഷിക്കുന്ന ബിജെപിയുടെ തന്ത്രങ്ങളും ഇതോടെ വെളിച്ചത്തുവന്നു.
രണ്ട് സ്ത്രീകളും അഞ്ച് അഭിഭാഷകരും (ഇതില്‍ രണ്ടുപേര്‍ സിപിഐക്കാരാണ്) നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് റാം റഹീമിനെ ശിക്ഷിച്ചത്. ബിജെപിയും ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരും ഒരുക്കിയ തടസങ്ങള്‍ ഭേദിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുത്തവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സിബിഐ കോടതി ജഡ്ജി ജഗദീപ് സിങിന്റെ വിധിയെ ഉയര്‍ത്തിപ്പിടിക്കുന്നതിന് ധീരമായ നിലപാടെടുത്ത പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ ജഡ്ജിമാരും അഭിനന്ദനം അര്‍ഹിക്കുന്നു. പഞ്ച്കുളയില്‍ നടന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ഹരിയാന മുഖ്യമന്ത്രി ഖട്ടറിനെയും കോടതി പരസ്യമായി ശാസിക്കുകയും ചെയ്തു.
ലൈംഗിക ചൂഷണത്തിനിരയായ രണ്ട് സ്ത്രീകള്‍ റാം റഹീമിനെതിരെ നടപടി ആവശ്യപ്പെട്ട് 15 വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്ക് കത്തെഴുതി. ഈ കത്തിന്റെ പകര്‍പ്പ് ഇരകളായ സ്ത്രീകള്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ക്കും നല്‍കി. ഈ കത്തിന്മേല്‍ നടപടിയെടുക്കാന്‍ വാജ്‌പേയി തയ്യാറായില്ല. എന്നാല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് യഥാര്‍ത്ഥ നാടകം ആരംഭിക്കുന്നത്. വളരെയധികം അനുയായികളുള്ള കപടസ്വാമിയാണ് റാം റഹീം. പരാതി നല്‍കിയ സ്ത്രീകളെ അപമാനിക്കാനുള്ള എല്ലാ തന്ത്രങ്ങളും രാഷ്ട്രീയ നേതാക്കള്‍ പയറ്റി. ലൈംഗിക ചൂഷണത്തിനിരയായ 45 സ്ത്രീകളെ സിബിഐ കണ്ടെത്തി. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ മാത്രമാണ് കോടതിയിലെത്തി മൊഴി നല്‍കാന്‍ തയ്യാറായത്. വിചാരണവേളയില്‍ ഈ രണ്ട് സ്ത്രീകളേയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. റാം റഹീമിന്റെ അനുയായികള്‍ മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂടവും വരെ ഇവരെ ഭീഷണിപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഭീഷണികള്‍ വകവയ്ക്കാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന് നിയമപോരാട്ടം തുടര്‍ന്നു.
2014-ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേരാ സച്ചാ സൗദ മുഖ്യന്‍ റാം റഹീമിന്റെ സഹായം ബിജെപി തേടിയിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ സഹായിക്കാമെന്ന് റാം റഹീം ഉറപ്പുനല്‍കി. ഇതിന് പ്രത്യുപകാരമായി റാം റഹീമിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ത്രീപീഡനക്കേസ് ഉള്‍പ്പെടെ ലഘൂകരിച്ച് സഹായിക്കാമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. ഇരു വിഭാഗവും തങ്ങളുടെ വാക്കുകള്‍ പാലിച്ചു. കുറ്റക്കാരനായ റാം റഹീമിനെ കുറ്റവിമുക്തനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. റാം റഹീമിന് താല്‍പ്പര്യമുള്ളയാളെ പ്രോസിക്യൂഷന്‍ അഭിഭാഷകനായി നിയമിച്ചു. ഇതിനുള്ള തെളിവാണ് കുറ്റവാളിയായി കണ്ട് ശിക്ഷിച്ചശേഷം പോലും റാം റഹീമിന്റെ ബാഗ് തൂക്കാന്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ തയ്യാറായത്. റാം റഹീമിനെ കുറ്റവിമുക്തനാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി. ഈ പശ്ചാത്തലത്തിലാണ് ആയിരക്കണക്കിന് വരുന്ന റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയിലെത്താന്‍ അനുവദിച്ചത്. എന്നാല്‍ ഇതിന് നേര്‍വിപരീതമായാണ് സംഭവങ്ങള്‍ ഉണ്ടായത്.
റാം റഹീമിനെ കുറ്റവാളിയായി കണ്ടപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. റാം റഹീമിന്റെ അനുയായികള്‍ പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചു. കാറുകളും വാഹനങ്ങളും കത്തിച്ചു. മാധ്യമങ്ങള്‍ക്കുനേരെയും അതിക്രമങ്ങള്‍ ഉണ്ടായി. 38 പേര്‍ മരിച്ചു. കോടിക്കണക്കിന് രൂപ വിലവരുന്ന ആസ്തികള്‍ നശിപ്പിക്കപ്പെട്ടു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നു. മാധ്യമ പ്രവര്‍ത്തകരേയും മറ്റുള്ളവരേയും ദേരാ സച്ചാ സൗദാ അനുയായികള്‍ ആക്രമിക്കുമ്പോള്‍ ബാരിക്കേഡുകള്‍ക്ക് പിന്നില്‍ നോക്കിനില്‍ക്കുന്ന നിലപാടാണ് പൊലീസുകാര്‍ സ്വീകരിച്ചത്. പ്രശ്‌നങ്ങളുടെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും ബിജെപി പ്രത്യേകിച്ചും ആര്‍എസ്എസ് മുഖ്യമന്ത്രിയായ ഖട്ടറും ഉത്തരവാദികളാണ്. ഖട്ടറിനെ പുറത്താക്കാന്‍ തയ്യാറാകണം.
വോട്ടുബാങ്ക് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിജെപിയുടെ നെറികെട്ട തന്ത്രങ്ങളാണ് ഹരിയാനയിലെ സംഭവം വ്യക്തമാക്കുന്നത്. മറ്റുള്ളവരെ വോട്ടുബാങ്ക് രാഷ്ട്രീയം പറഞ്ഞ് അവഹേളിക്കുമ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ദേരാ സച്ചാ സൗദയുമായി ബിജെപി കരാറിലെത്തിയിരുന്നു. ഇത് ഇരുവിഭാഗങ്ങള്‍ക്കും നിരസിക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. യാദവേതര പിന്നാക്ക വിഭാഗങ്ങളെ ഒരുമിപ്പിക്കാനാണ് ഈ തന്ത്രം ബിജെപി ഉപയോഗിച്ചത്. യാദവ – മുസ്‌ലിം സമുദായങ്ങളെ മാത്രം ശ്രദ്ധവയ്ക്കുന്ന പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്ന് ഇവര്‍ ആരോപിച്ചു. സമാനമായി ജാദവ – മുസ്‌ലിം സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിഎസ്പി നേതാവ് മായാവതി സ്വീകരിക്കുന്നതെന്നും ബിജെപി പ്രചരിപ്പിച്ചു. ഒരു പരിധിവരെ ഇരു പാര്‍ട്ടികളും ഇതേ നിലപാടാണ് സ്വീകരിച്ചത്. അതിന്റെ ഫലം അവര്‍ നേരിടുകയും ചെയ്തു.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട റാം റഹീം മാത്രമല്ല ഈ കാപട്യങ്ങള്‍ നടത്തിയത്. ഈ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിനുപേരുണ്ട്. ആസാറാം ബാപുവിനെതിരെ സമാനമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ആസാറാമിനെതിരെയുള്ള കേസുകള്‍ വൈകിപ്പിക്കുന്നതില്‍ രണ്ടുതവണ ഗുജറാത്ത് സര്‍ക്കാരിനെ സുപ്രിംകോടതി ശകാരിച്ചു. ഭൂരിഭാഗം ബാബാമാരും ഫക്കീര്‍മാരും ബിജെപിയുടെ ഉപകരണങ്ങളാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന മതേതര സംവിധാനത്തെ ഇല്ലാതാക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ഹരിയാനയിലെ സംഭവങ്ങളും ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, രാഷ്ട്രീയം, ഭരണസംവിധാനം എന്നിവയില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കുന്ന ഒരു ശാസ്ത്രീയ സങ്കല്‍പ്പമാണ് മതേതരത്വം. തെറ്റായ ധാരണകളിലൂടെ ഇതൊക്കെ വളച്ചൊടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഇതിനെതിരെ രാഷ്ട്രീയമായും ആശയപരമായും പോരാടണം.

Related News