19 April 2024, Friday

വികസന ലക്ഷ്യങ്ങൾക്കായി പുതിയ കാലത്തിന്റെ പ്രമോട്ടർമാർ

കെ രാധാകൃഷ്ണൻ
(പട്ടികജാതി-പട്ടികവർഗപിന്നാക്ക വിഭാഗ വികസനവും, ദേവസ്വവും പാർലമെന്ററികാര്യവും വകുപ്പ് മന്ത്രി)
February 22, 2022 5:04 am

മ്മുടെ സമൂഹത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ പല കാരണങ്ങളാൽ സമൂഹത്തിൽ വേണ്ടത്ര പുരോഗതിയാർജിക്കാൻ കഴിയാതെ പോയവരാണ്. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും വേണ്ടത്ര വളരാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രധാനകാരണം അവർക്കുവേണ്ടി നടപ്പാക്കിയ പദ്ധതികളിൽ പലതും അവർക്ക് പ്രയോജനകരമായിരുന്നില്ല എന്നതാണ്. തന്നെയുമല്ല അവരുടെ അഭിപ്രായമോ പങ്കാളിത്തമോ ഒരു പദ്ധതിയിലും ഉണ്ടായതുമില്ല. 1996ലെ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാര്‍ അധികാരവും സമ്പത്തും ത്രിതല പഞ്ചായത്തുകൾക്ക് നൽകാനും അത് ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു. പ്രധാനമായും നമ്മുടെ നാടിന്റേയും ജനങ്ങളുടേയും പിന്നാക്കാവസ്ഥ ഇല്ലാതാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കേരളീയ സമൂഹത്തിന്റെ വളർച്ചയോടൊപ്പം എത്താൻ കഴിയാതെപോയ എസ് സി-എസ്‌ടി വിഭാഗങ്ങളെ ഉയർത്തിയെടുത്ത് വികസനപ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സർക്കാർ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങൾ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുവാന്‍ അവരുടെ ഇടയിലുള്ള യുവതീ യുവാക്കളെ കണ്ടെത്തി പരിശീലനം നല്കി നിയമിക്കുന്നത് നന്നായിരിക്കുമെന്ന നിർദേശങ്ങളുണ്ടായി. ഞാൻ അന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായിരുന്നു. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. ഐ എസ് ഗുലാത്തി, അംഗങ്ങളായ ഇ എം ശ്രീധരൻ, ഡോ. തോമസ് ഐസക് എന്നിവരടക്കമുള്ള വിഷയവിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ഊരുകളിൽ നിന്നും കോളനികളിൽനിന്നും എട്ട്, പത്ത് ക്ലാസുകൾ പാസായവരെ കണ്ടെത്തി പട്ടികവർഗ വിഭാഗ സോഷ്യൽ ആക്ടിവിസ്റ്റുകളായും പട്ടികജാതി വിഭാഗ കോ-ഓർഡിനേറ്റർമാരായും നിയമിക്കുകയായിരുന്നു. നിലവിൽ 1232 എസ്‌സി പ്രമോട്ടർമാരും 1182 എസ്‌ടി പ്രമോട്ടർമാരുമാണ് സേവനത്തിലുള്ളത്.

 


ഇതുകൂടി വായിക്കൂ:ജാതിവിപത്തിന്റെ പോഷണവും നവോത്ഥാനമൂല്യത്തിന്റെ ശോഷണവും


 

ആദ്യം നിയമിക്കപ്പെട്ടവരിൽ പലരും പുതിയ തൊഴിലുകളിലേക്കും അവസരങ്ങളിലേക്കും മാറി. ചിലർ തുടർന്നു. നിലവിലുളള പ്രമോട്ടർമാർ പരിശ്രമങ്ങൾ നടത്തിയെങ്കിലും പട്ടിക വിഭാഗങ്ങളുടെ പുരോഗതി വേണ്ടത്ര മെച്ചപ്പെടുത്താനായില്ല. ദുർബല വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രമോട്ടർമാർ പ്രയത്നിക്കുമ്പോൾ അവർക്കും വ്യക്തിപരമായ ഉയർച്ചയും പുരോഗതിയും ഉണ്ടാകണമെന്ന് സർക്കാർ ലക്ഷ്യമിട്ടിരുന്നു. അതിന്റെ ഫലമായി പ്രമോട്ടർമാരിൽ നിന്നും ഒട്ടനവധി ജനപ്രതിനിധികളും സർക്കാരിലും മറ്റ് മേഖലകളിലും ഉദ്യോഗസ്ഥരും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ചിലർ ഈ സേവനത്തെ ഒരു സ്ഥിര ഉദ്യോഗമെന്ന നിലയിലാണ് കണ്ടത്.

 


ഇതുകൂടി വായിക്കൂ:  കുടുംബശ്രീ‌: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ


 

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിലവിലുള്ള പ്രമോട്ടർമാരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കണമെന്ന് നിർദേശം വന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് 2022 മാർച്ച് 31വരെ നീട്ടി നൽകുകയാണ് സർക്കാർ ചെയ്തത്. പുതിയ പ്രമോട്ടർമാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്‌സി വിഭാഗത്തിൽ പ്ലസ്‌ടുവും പ്രായപരിധി 18–30‑മാണ്. എസ്‌ടി വിഭാഗത്തിൽ ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ യോഗ്യത എട്ടാം ക്ലാസും മറ്റുള്ളവർക്ക് പത്താം ക്ലാസുമാണ്. പ്രായപരിധി 20–35‑ഉം. ഈ വിദ്യാഭ്യാസയോഗ്യതകൾ ഇന്നത്തെ കാലത്തിനനുസരിച്ച് മതിയാകാത്തതാണെങ്കിലും പട്ടികവിഭാഗങ്ങളിൽ കഴിയാവുന്നവർക്കെല്ലാം അപേക്ഷിക്കുന്നതിനായാണ് ഈ കുറഞ്ഞ യോഗ്യതകൾ നിശ്ചയിച്ചത്.നിലവിൽ പ്രവർത്തിക്കുന്ന പ്രമോട്ടർമാരെ സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇവരെ കൈവിടുകയില്ല, “സർക്കാർ ഒപ്പമുണ്ട്” എന്ന വാക്ക് മനസിലുണ്ട്, അത് പാലിക്കുക തന്നെ ചെയ്യും.

 


ഇതുകൂടി വായിക്കൂ: ഇടതുമുന്നണിക്കൊപ്പം മനസുറച്ച്


 

പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ പേരിൽ പ്രായവും യോഗ്യതയും പറഞ്ഞ് പട്ടിക വിഭാഗക്കാരെ തെറ്റിധരിപ്പിച്ച് വിവാദങ്ങളുണ്ടാക്കി വഴി തെറ്റിക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട്. പട്ടികവിഭാഗക്കാർ എന്നും ദുർബലരായി നിലനിൽക്കണമെന്നാണ് ഇക്കൂട്ടരുടെ യഥാർത്ഥ ആഗ്രഹം. എന്നാൽ പട്ടികവിഭാഗത്തിലെ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്ന് മനസിലാക്കണം. ഈ ദുർബല സമൂഹത്തെ തെറ്റിധരിപ്പിക്കുന്നവരുടെ തെറ്റിധാരണകളും മാറണം. പട്ടികവിഭാഗം ജനതയുടെ അന്തസും ജീവിത നിലവാരവും ഉയർത്തി കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കൊപ്പം അവരെയും കൂട്ടാനുള്ള സർക്കാരിന്റെ സഹായികളാണ് ഓരോ പ്രമോട്ടർമാരും. സ്വയം മെച്ചപ്പെട്ട് മുന്നേറുന്നതിനൊപ്പം സ്വന്തം സഹോദരങ്ങളെയും പ്രമോട്ടർമാർ കരയ്ക്കെത്തിക്കണം. അപ്പോൾ മാത്രമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്ന സാമൂഹ്യനീതിയും സമഗ്ര വികസനവും അർത്ഥവത്താകുന്നത്. അതുകൊണ്ടുതന്നെ പുതുതലമുറകൾക്കായി നവകേരളമൊരുക്കാൻ വിവാദങ്ങൾ വിട്ട് നമുക്കൊരുമിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.