ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകള്‍ക്ക് ഇനി പുതിയ ഏജന്‍സി

Web Desk
Posted on July 07, 2018, 4:12 pm

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകള്‍ നടത്തുക ഇനി പുതിയ ഏജന്‍സി. നിലവില്‍ സിബിഎസ്ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെഇഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും നടത്തുക. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സിലബസിനും പരീക്ഷ ഫീസിനും മാറ്റമുണ്ടാകില്ല. ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. ഈ രണ്ടു പരീക്ഷകളിലുമായി ഉയര്‍ന്ന മാര്‍ക്കാവും പ്രവേശനത്തിനായി പരിഗണിക്കുക. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാവും ഈ പരീക്ഷകളെന്നും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ജില്ലാ, ഉപജില്ലാ തലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. കംപ്യൂട്ടര്‍ പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കു പരിശീലനം ലഭ്യമാക്കാനുമുള്ള സംവിധാനമേര്‍പ്പെടുത്തും. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
ഡിസംബറില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തും. ജെഇഇ പരീക്ഷ ജനുവരിയിലും ഏപ്രിലിലുമായി രണ്ട് തവണ നടക്കും. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷ ഐഐടികളുടെ കീഴില്‍ തന്നെയായിരിക്കും നടത്തുക.
അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്‍ടിഎക്ക് 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്‍ടിഎയുടെ രൂപീകരണം ഏതാണ്ട് 40 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതോടൊപ്പം ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.