Saturday
16 Feb 2019

പുതിയ ഭരണഘടനാ ഭേദഗതി നിയമവും സംവരണവും

By: Web Desk | Saturday 9 February 2019 10:44 PM IST

jalakam

നുവരി ഒന്‍പതാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 124-ാം ഭരണഘടനാ ഭേദഗതി ബില്‍ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 10 ശതമാനം സംവരണം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ആരാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നത് ബില്ല് നിര്‍വചിക്കുന്നില്ല. 8 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരും 5 ഏക്കറില്‍ താഴെ ഭൂമിയുള്ളവരും 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വീടുള്ളവരും അര്‍ഹരല്ലയെന്ന് വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍വീസില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് വി പി സിംഗ് ഗവണ്‍മെന്റ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. 1990 ആഗസ്റ്റ് 7 ന് കേന്ദ്രഗവണ്‍മെന്റിന്റെ ഈ തീരുമാനം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തു നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാജ്യത്തെ സവര്‍ണ ഹിന്ദുത്വ ശക്തികളായിരുന്നു. ഡല്‍ഹിയില്‍ രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി സ്വയം തീകൊളുത്തി. പിന്നീട് ആത്മാഹുതിയുടെ ഒരു പരമ്പര തന്നെ ഉത്തരേന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടു. പക്ഷെ ദക്ഷിണേന്ത്യയില്‍ മണ്ഡല്‍ വിരുദ്ധ സമരത്തിന് വലിയ പിന്തുണ ലഭിച്ചില്ല. പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കിയതിന്റെ പേരില്‍ ബി ജെ പി കേന്ദ്ര ഗവണ്‍മെന്റിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും വി പി സിംഗ് ഗവണ്‍മെന്റ് താഴെ വീഴുകയും ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ. ആ ബിജെപിയാണ് 50 ശതമാനം വരുന്ന ഓപ്പണ്‍ ക്വാട്ടയില്‍ നിന്നും 10 ശതമാനം എടുത്തുമാറ്റി പുതിയ സംവരണം കൊണ്ടുവന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പു മാത്രമായതുകൊണ്ട് വലിയ ഗൗരവമില്ലെങ്കിലും ബിജെപിയുടെ ഉദ്ദേശ ശുദ്ധി എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
ഇന്ദ്രാസാഹ്നി എന്ന ഡല്‍ഹിയിലെ ഒരു യുവ അഭിഭാഷക ഒബിസി റിസര്‍വേഷനെതിരെ സുപ്രീം കോടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 1992 ലെ പ്രസ്തുത കേസില്‍ 9 അംഗ ഭരണഘടനാ ബഞ്ച് ”സാമ്പത്തിക മാനദണ്ഡം മാത്രം വച്ചുകൊണ്ട് ഒരു പിന്നാക്ക വിഭാഗത്തെ നിര്‍ണയിക്കാന്‍ കഴിയില്ല” എന്ന് വ്യക്തമാക്കിയിരുന്നു. ”സാമൂഹിക പിന്നാക്കാവസ്ഥയോടൊപ്പം സാമ്പത്തിക മാനദണ്ഡവും പരിഗണിക്കാവുന്നതാണ് എന്നതാണ് കോടതിയുടെ അഭിപ്രായം” എന്ന് ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഡി എഴുതിയ വിധിയില്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 7 ശതമാനവും പട്ടികവര്‍ഗത്തിന് 15 ശതമാനവും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 27 ശതമാനവുമായി. 49 ശതമാനമാണ് കേന്ദ്രത്തിലെ സംവരണ തോത്. ഏതു ജാതിയിലുള്ള വിധവകളും അനാഥരും ഈ സംവരണാനുകൂല്യത്തിന് അര്‍ഹരാണ്. പുതിയ ബില്ലിലെ വ്യവസ്ഥകൂടി നടപ്പിലാകുമ്പോള്‍ ആകെ സംവരണം 59 ശതമാനമാകും. ഇവിടെയാണ് ഇന്ദ്രാ സാഹ്‌നിയുടെ കേസിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നത്. സാമ്പത്തിക സംവരണം എന്നതും ആകെ സംവരണം 50 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലായെന്നതും 1992 ഇന്ദ്രാ സാഹ്നി കേസില്‍ വ്യക്തത വരുത്തിയിരുന്നു. ഇതു നിലനില്‍ക്കുമ്പോഴാണ് മന്ത്രിസഭയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ, എം പിമാര്‍ക്ക് ബില്‍ സര്‍ക്കുലേറ്റ് ചെയ്യാതെ, സബ്ജക്ട് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ അയക്കാതെ ലോക്‌സഭയും രാജ്യസഭയും ഈ പുതിയ ബില്ല് പാസാക്കുന്നത്. ആര്‍ട്ടിക്കിള്‍ 368 അനുസരിച്ച് നിയമസഭകളുടെ അംഗീകാരവും ഈ ഭേദഗതിക്ക് ആവശ്യമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പ്രധാനമന്ത്രിയുടെ മറ്റൊരു ചെപ്പടിവിദ്യയല്ലാതെ മറ്റൊന്നുമല്ല ഈ ഭരണഘടനാ ഭേദഗതിയും.
സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും ഉറച്ചുനിന്നിട്ടുള്ളത് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. 1990 ല്‍ വി പി സിംഗ് ഗവണ്‍മെന്റ് ഒബിസി വിഭാഗത്തിന് യാതൊരു സാമ്പത്തിക മാനദണ്ഡവുമില്ലാതെ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ സിപിഐ ശക്തമായി പിന്തുണച്ചു. മുന്നോക്ക വിഭാഗക്കാരിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം എന്ന നിര്‍ദ്ദേശം പാര്‍ട്ടി മുന്നോട്ടു വയ്ക്കുകയും പ്രധാനമന്ത്രി വി പി സിംഗ് അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 1990 ലെ കേന്ദ്ര എക്‌സിക്യൂട്ടീവിന്റെ പ്രമേയത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സംവദിക്കാത്തതും ഒരു സമന്വയം രൂപീകരിക്കാത്തതും ശരിയല്ലായെന്ന് വിമര്‍ശിച്ചിരുന്നു 1992 ലെ 15-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തില്‍, ”ഒബിസി വിഭാഗത്തിന് 27 ശതമാനവും മുന്നാക്ക വിഭാഗത്തിലെ ദരിദ്രരായ പാവപ്പെട്ടവര്‍ക്ക് 10 ശതമാനവും സംവരണം നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരിക്കണമെന്നതില്‍ ഒരു ദേശീയ സമന്വയം ഉണ്ടാക്കണം” എന്നും ”അങ്ങനെയായാല്‍ താമസംവിനാ ഇത് നടപ്പിലാക്കാന്‍ കഴിയുമെന്നും” പറഞ്ഞിരുന്നു. ”എസ്‌സി – എസ്ടി വിഭാഗങ്ങളുടെ സംവരണം നിലവിലുള്ളത് തുടരണമെന്നും” വ്യക്തമായി പറഞ്ഞിരുന്നു. (സിപിഐ 15-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്. രാഷ്ട്രീയ പ്രമേയം – ഢ (മ) (യ)).

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 579-ാം ഖണ്ഡികയില്‍ ”പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍ഡിഎഫ് ഉറച്ചു നില്‍ക്കുന്നു. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം, മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്” എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നിലവിലുള്ള സംവരണത്തിന് സാമ്പത്തിക മാനദണ്ഡം പാടില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം മുന്നാക്ക വിഭാഗമായി നാം കണക്കാക്കുന്ന വിഭാഗങ്ങളിലെ തികച്ചും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കണമെന്നതാണ് സിപിഐയുടെ കാഴ്ചപ്പാട്. പക്ഷെ അത് ഏകപക്ഷീയമായി നടപ്പിലാക്കുകയല്ല വേണ്ടത്. പ്രത്യേകിച്ചും 1992 ലെ ഇന്ദ്രാസാഹ്നി കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഒരു ദേശീയ സമന്വയം ഉണ്ടാക്കിവേണം പ്രാവര്‍ത്തികമാക്കേണ്ടത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് നാം ഇതിനെയും കാണേണ്ടത്.