Friday
18 Oct 2019

കാലാവസ്ഥാ വ്യതിയാനം; പുത്തന്‍ സമീപനം അനിവാര്യം

By: Web Desk | Sunday 7 July 2019 10:56 PM IST


കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങളും അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ചിലരൊഴിച്ച് ലോകം മുഴുവന്‍ ആ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അതീവ ഗുരുതരമായ കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അതിന്റെ ദുരന്താനുഭവങ്ങളെപ്പറ്റിയും ഐക്യരാഷ്ട്രസഭ തന്നെ ലോകരാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്, മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ ലോകത്തെമ്പാടും ആഴ്ചയില്‍ ഒന്നു വീതം എന്ന തോതില്‍ സംഭവിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ അപായ ലഘൂകരണ ചുമതലയുള്ള പ്രത്യേക പ്രതിനിധി മാമി മിസുടോറി പറയുന്നു. ‘വിനാശകാരികളായ ചുഴലികളും പ്രളയങ്ങളും കൊടും വരള്‍ച്ചകളും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. എന്നാല്‍ കുറഞ്ഞ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. അത്തരം സംഭവങ്ങളില്‍ ഉണ്ടാവുന്ന മരണങ്ങള്‍, സ്ഥാനഭ്രംശങ്ങള്‍, തന്മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ എന്നിവ അര്‍ഹമായ രീതിയില്‍ പരിഗണിക്കപ്പെടുകയോ അവയ്‌ക്കെതിരെ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് തയാറെടുക്കുകയോ ചെയ്യുന്നില്ല.’ ”ഇത് ഭാവിയെപ്പറ്റിയുള്ള മുന്നറിയിപ്പല്ല, മറിച്ച് ദിനംപ്രതിയെന്നോണം അരങ്ങേറുന്ന സമകാലീന യാഥാര്‍ഥ്യമാണ്”- മിസുടോറി താക്കീതു നല്‍കുന്നു. കാലാവസ്ഥ വ്യതിയാനത്തോടും അത് സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധിയോടും ഇണങ്ങിച്ചേര്‍ന്ന് അതിനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുക മാത്രമാണ് പോംവഴി. അതിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലേറെ അപായ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതിനാവശ്യമായ നിക്ഷേപങ്ങള്‍ക്കുമാണ് ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. അതാവട്ടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് ലോകം ചെലവിടുന്നതിന്റെ വളരെ തുച്ഛമായ ഒരംശം നിക്ഷേപം മാത്രം മതിയാവുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
യുഎന്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് കേരളത്തെയും ഇന്ത്യയേയും സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷകാലത്ത് കേരളം നേരിടേണ്ടിവന്ന മഹാപ്രളയവും ഡല്‍ഹിയും ചെന്നൈയുമടക്കം മഹാനഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വറുതിയും കുടിവെള്ളക്ഷാമവും മുംബൈ നഗരം വര്‍ഷംതോറും നേരിടുന്ന പ്രളയ പരമ്പരകളും നമ്മെ ഇരുത്തി ചിന്തിപ്പിക്കാന്‍ മതിയായ കാലാവസ്ഥാവ്യതിയാന ദുരന്തങ്ങളാണ്. അവയെ അഭിമുഖീകരിക്കാനും അനുയോജ്യമായ പ്രതിരോധം ഉയര്‍ത്താനും നാം എത്രത്തോളം സജ്ജമാണ്? ദുരന്തങ്ങളും പ്രതിസന്ധികളും ജനസഞ്ചയങ്ങളെ ഗ്രസിക്കുമ്പോള്‍ അവയ്ക്ക് താല്‍ക്കാലിക പ്രതിവിധികള്‍ കാണാന്‍ വൈമുഖ്യത്തോടെ ശ്രമിക്കുന്നതിനപ്പുറം യാതൊന്നിനും ഇന്ത്യന്‍ ഭരണകൂടം സന്നദ്ധമല്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇക്കൊല്ലത്തെ മോഡി സര്‍ക്കാരിന്റെ ബജറ്റ്. പ്രശ്‌നങ്ങളെ ഉള്‍ക്കാഴ്ചയോടെ കണ്ട് പരിഹാരത്തിന് ശ്രമിക്കുന്ന കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തന്നെ പരിശോധിക്കുക. പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാന്‍ ഉതകുന്ന നവകേരള നിര്‍മിതിയോട് ക്രൂരമായ അവഗണനയാണ് മോഡി സര്‍ക്കാര്‍ അവലംബിച്ചിരുന്നത്. ആ നയത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ തയാറല്ലെന്ന പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റ്. ഇത് ഒറ്റപ്പെട്ട സമീപനമല്ല. അഞ്ച് ലക്ഷം കോടി ഡോളറിന്റെ പുതിയ ഇന്ത്യയെക്കുറിച്ച് സ്വപ്‌നം കാണുന്നവര്‍ രാഷ്ട്ര തലസ്ഥാനമടക്കം രാജ്യത്തെ 21 വന്‍ നഗരങ്ങള്‍ നേരിടുന്ന, സ്ഥായിയായി നിലനിന്നേക്കാവുന്ന, വറുതിയെയും കുടിവെള്ള ക്ഷാമത്തെയും പറ്റി ബജറ്റില്‍ നിശബ്ദത പാലിക്കുകയാണ്. രാഷ്ട്രീയ വിദ്വേഷത്തിനും അപ്പുറം പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന ‘വികസന മുന്‍ഗണന’കളാണ് ഇത്തരം സമീപനങ്ങളുടെ മൂലകാരണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്താനുഭവങ്ങളെ നേരിടാനുള്ള ഉപശാന്തികളായിരുന്നു നാളിതുവരെ പ്രതിവിധിയായി കണക്കാക്കപ്പെട്ടിരുന്നത്. ആ പരിശ്രമങ്ങള്‍ നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്നും കടുത്ത ചെറുത്തുനില്‍പാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ സന്നദ്ധമായ ഒരു ലോക സൃഷ്ടിയിലേക്ക് നമ്മുടെ മുന്‍ഗണനകള്‍ മാറേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണമായ ഹരിതഗേഹ വാതകങ്ങളുടെ വര്‍ധന കര്‍ക്കശമായി തടയുകയും അത് ക്രമേണ കുറച്ചുകൊണ്ടുവരികയുമെന്നത് അതിപ്രധാന ലക്ഷ്യം. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന, ഉപശാന്തി പ്രവര്‍ത്തനങ്ങളുടെ വിജയം വരെ കാത്തുനില്‍ക്കാതെ, പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന വികസന തന്ത്രങ്ങള്‍ അത്യന്തം അനിവാര്യമായിരിക്കുന്നു. വരള്‍ച്ചയേയും പ്രളയത്തേയും ചുഴലിക്കൊടുങ്കാറ്റുകളെയും സുനാമികളെയും അതിജീവിക്കാന്‍ ശേഷിയുള്ള ഉപരിഘടനക്കായി ഇനി കാത്തുനില്‍ക്കാനാവില്ല. ദുരന്തങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന, അവയ്ക്ക് അനുയോജ്യമായ, സാങ്കേതികവിദ്യാ വികസനത്തിനും നിക്ഷേപങ്ങള്‍ക്കും ആയിരിക്കണം ആഗോള വികസനതന്ത്രത്തില്‍ ഊന്നല്‍. ദുരന്ത നിവാരണത്തിന്റെ ദുര്‍വഹമായ ചെലവുകളെക്കാള്‍ താരതമ്യേന കുറഞ്ഞ നിക്ഷേപം കൊണ്ട് ജനസമൂഹങ്ങളെ ദുരിത പ്രതിരോധ പ്രാപ്തരാക്കാന്‍ അത്തരം സമീപനത്തിന് കഴിയും. നവകേരള നിര്‍മിതിയിലും ഈ സമീപനത്തിന് അര്‍ഹമായ ഊന്നല്‍ നല്‍കാന്‍ നമുക്ക് കഴിയണം.